നിര്‍ബന്ധമായി നോറ്റുവീട്ടേണ്ട നോമ്പുകളാണ് നേര്‍ച്ച നോമ്പുകള്‍. സുന്നത്തായ നോമ്പ് താന്‍ നിര്‍ബന്ധമായും ചെയ്യുമെന്ന് ഒരാള്‍ നേര്‍ച്ച നേര്‍ന്നാല്‍ അത് നിര്‍വഹിക്കല്‍ നിര്‍ബന്ധമായി. ഉദാഹരണത്തിന് എല്ലാ തിങ്കളാഴ്ചയും വ്യാഴാഴ്ചയും ഞാന്‍ നോമ്പുനോല്‍ക്കുമെന്ന് പ്രതിജ്ഞ ചെയ്താല്‍ എല്ലാ കാലവും അത് നിര്‍വഹിക്കല്‍ നിര്‍ബന്ധമാകും.
പുണ്യകര്‍മങ്ങള്‍ ഇങ്ങനെ നേര്‍ച്ചയാക്കുന്നത് ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നില്ല. എങ്കിലും ഇങ്ങനെ നേര്‍ച്ചയാക്കിയ കാര്യം പുണ്യമാണെങ്കില്‍ നിര്‍വഹിക്കല്‍ നിര്‍ബന്ധമാണ്. ആഇശ(റ) പറയുന്നു: നബി(സ്വ) അരുളി: "അല്ലാഹുവിനെ അനുസരിക്കാന്‍ വല്ലവനും നേര്‍ച്ചയാക്കിയാല്‍ അവന്‍ അനുസരിച്ച് കൊള്ളട്ടെ. അല്ലാഹുവിന്റെ കല്‍പന ലംഘിക്കുവാനാണ് ഒരാള്‍ നേര്‍ച്ചയാക്കിയ തെങ്കില്‍ കല്‍പന ലംഘിച്ചുകൊണ്ടുള്ള ആ നേര്‍ച്ച അവന്‍ ഒരിക്കലും പൂര്‍ത്തിയാക്കരുത്" (ബുഖാരി).
ഇബ്‌നുഅബ്ബാസ്(റ) പറയുന്നു: "നബി(സ്വ) പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ സദസ്സിന്റെ ഒരു ഭാഗത്തു ഒരു മനുഷ്യന്‍ നില്‍ക്കുന്നതു കണ്ടു. നബി(സ്വ) അദ്ദേഹത്തെക്കുറിച്ച് അന്വേഷിച്ചു. അതു അബൂഇസ്രാഈല്‍ ആണെന്നും അദ്ദേഹം ഇരിക്കുകയോ സംസാരിക്കുകയോ തണലില്‍ ചെന്നിരിക്കുകയോ ചെയ്യുകയില്ലെന്നും നോമ്പ് അനുഷ്ഠിച്ചുകൊണ്ടേയിരിക്കുമെന്നും നേര്‍ച്ചയാക്കിയിരിക്കുകയാണെന്ന് സദസ്യര്‍ പറഞ്ഞു. നബി(സ്വ) അരുളി: അയാളോട് സംസാരിക്കുവാനും ഇരിക്കുവാനും തണല്‍ ഉപയോഗിക്കുവാനും പറയുക. നോമ്പ് പൂര്‍ത്തിയാക്കുകയും ചെയ്തുകൊള്ളട്ടെ" (ബുഖാരി).
നിര്‍വാഹമില്ലാത്ത ഘട്ടത്തില്‍ ലംഘിക്കേണ്ടിവന്നാല്‍ അല്ലാഹുവിനോട് പശ്ചാത്തപിക്കുകയാണ് പരിഹാരം.