Skip to main content

സുന്നത്ത് നോമ്പുകള്‍ (3)

റമദാന്‍ മാസത്തിലെ നോമ്പ് മാത്രമേ ഇസ്‌ലാം നിര്‍ബന്ധമായി നിശ്ചയിച്ചിട്ടുള്ളൂ. അതുമാത്രം സാധ്യമാകുന്നവര്‍ അത്ര ചെയ്ത് അവസാനിപ്പിക്കട്ടെ. എത്രയും നോമ്പെടുത്ത് ജീവിക്കാന്‍ എല്ലാവര്‍ക്കും സാധിക്കില്ലല്ലോ. അത്തരക്കാരെ നിര്‍ബന്ധിക്കുന്നത് അല്ലാഹുവിന്റെ മതത്തില്‍ പ്രയാസങ്ങളുണ്ടാക്കലാകും. നിര്‍ബന്ധ ബാധ്യതകള്‍ മാത്രം നിര്‍വഹിച്ചാലും കുറ്റവിമുക്തനാകും. നബി(സ്വ) നിര്‍ബന്ധമാക്കിയ നോമ്പും മറ്റുകാര്യങ്ങളും മാത്രമേ  താന്‍ അനുഷ്ഠിക്കൂ എന്നു പറഞ്ഞ മനുഷ്യനെക്കുറിച്ച് നബി(സ്വ) പറഞ്ഞു: 'അയാള്‍ പറഞ്ഞത് സത്യമാണെങ്കില്‍ അയാള്‍ വിജയിച്ചു കഴിഞ്ഞു (ബുഖാരി).

നിര്‍ബന്ധകാര്യങ്ങള്‍ മാത്രം അനുഷ്ഠിച്ചാലും മതി എന്നത് അല്ലാഹുവിന്റെ കാരുണ്യമാണ്. എന്നാല്‍ കൂടുതല്‍ കൂടുതല്‍ പ്രതിഫലവും പരിശുദ്ധിയും ആഗ്രഹിക്കുന്നവര്‍ക്ക് ഈ പുണ്യാവസരം നിഷേധിക്കപ്പെട്ടുകൂടാ. റമദാനിനു പുറമെ എടുക്കാവുന്ന ഐഛിക വ്രതങ്ങള്‍ രണ്ടു തരമുണ്ട്:

(1) നിഷിദ്ധമല്ലാത്ത ഏതു ദിവസത്തിലും അനുഷ്ഠിക്കാവുന്ന സ്വതന്ത്രമായ നോമ്പുകള്‍ 

ഇവയുടെ ദിവസവും എണ്ണവും നമുക്ക് തീരുമാനിക്കാവുന്നതാണ്. നബി(സ്വ)യുടെ നോമ്പുമായി ബന്ധപ്പെട്ട് വന്ന ചില ഹദീസുകള്‍ ഇത്തരം നോമ്പുകള്‍ക്കുള്ള തെളിവാണ്. ആഇശ(റ) പറയുന്നു: നബി(സ്വ) ചിലപ്പോള്‍ സുന്നത്തുനോമ്പ് നോല്‍ക്കുന്നത് കണ്ടാല്‍ ഇനി അവിടുന്നു നോമ്പ് മുറിക്കുക തന്നെയില്ലേ എന്ന് ഞങ്ങള്‍ക്ക് തോന്നും. മറ്റു ചിലപ്പോള്‍ നബി(സ്വ) സുന്നത്തു നോമ്പ് ഉപേക്ഷിക്കുന്നതുകണ്ടാല്‍ ഇനി അവിടുന്ന് സുന്നത്തു നോമ്പ് നോല്‍ക്കുക തന്നെയില്ലേ എന്നും ഞങ്ങള്‍ക്ക് തോന്നിപ്പോകാറുണ്ട്. റമദാന്‍ മാസത്തിലല്ലാതെ ഒരുമാസം മുഴുവന്‍ നബി(സ്വ) നോമ്പ് നോറ്റത് ഞാന്‍ കണ്ടിട്ടില്ല. ശഅ്ബാന്‍ മാസത്തിലാണ് അവിടുന്ന് കൂടുതല്‍ നോമ്പനുഷ്ഠി ക്കാറുള്ളത് (ബുഖാരി).

(2) നിര്‍ണിതമായ സുന്നത്തുകള്‍ 

നബി(സ്വ) നിശ്ചയിച്ചുതന്ന പ്രത്യേക ദിവസങ്ങളിലും എണ്ണമനുസരിച്ചും നിര്‍വഹിക്കേണ്ട നോമ്പുകളാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. അവ താഴെ പറയുന്നു: ഓരോ ചാന്ദ്രമാസത്തിലെയും പൗര്‍ണമിദിനങ്ങള്‍ (13, 14, 15 തിയ്യതികള്‍), ആഴ്ചകളിലെ തിങ്കള്‍, വ്യാഴം ദിവസങ്ങള്‍, മുഹര്‍റം ഒമ്പത്, പത്ത് ദിനങ്ങള്‍, ദുല്‍ഹിജ്ജ ഒമ്പത് (അറഫ നോമ്പ്), ശവ്വാലിലെ ആറു ദിവസത്തെ നോമ്പ്. 

നബി(സ്വ)യില്‍ നിന്ന് സ്ഥിരീകരിക്കപ്പെടാത്ത മറ്റൊരു നോമ്പ് പ്രത്യേക സുന്നത്തായി പരിഗണിച്ചുകൊണ്ട് നിര്‍വഹിക്കാന്‍ പാടില്ല; അത് ബിദ്അത്താണ് (മതത്തില്‍ പുതുതായി കൂട്ടിച്ചേര്‍ത്തത്).

സുന്നത്തുകള്‍ അനുഷ്ഠിക്കുന്നത് അല്ലാഹുവിന്റെ സ്‌നേഹം നേടാനുള്ളവഴിയാണ്. ''(നബിയേ) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്‌നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ''(3:31). അല്ലാഹു പറഞ്ഞതായി റസൂല്‍(സ്വ) ഉണര്‍ത്തുന്നു. ''ഞാന്‍ നിര്‍ബന്ധമാക്കിയ കാര്യങ്ങളെക്കാള്‍ ഉത്തമമായ ഒന്നുകൊണ്ടും എന്റെ അടിമ എന്നോട് അടുത്തിട്ടില്ല. എന്നാല്‍ സുന്നത്തുകള്‍ വഴി എന്റെ അടിമ, ഞാന്‍ അവനെ സ്‌നേഹിക്കുന്നതുവരെ എന്നോട് അടുത്തുകൊണ്ടേയിരിക്കും. ഞാന്‍ അവനെ ഇഷ്ടപ്പെട്ടാല്‍ അവന്‍ കേള്‍ക്കുന്ന കാതും കാണുന്ന കണ്ണും പിടിക്കുന്ന കൈയും നടക്കുന്ന പാദവും ഞാനായി. അവന്‍ എന്നോട് ചോദിച്ചാല്‍ നിശ്ചയം ഞാനവന് നല്കും. അവനെന്നോട് അഭയം ചോദിച്ചാല്‍ നിശ്ചയം ഞാനവന് അഭയം നല്കും.''(ബുഖാരി) 

ഐഛികമായ കാര്യങ്ങള്‍ നിര്‍ബന്ധ കര്‍മങ്ങളിലെ ന്യൂനതകള്‍ പരിഹരിക്കാന്‍ ഉപകാരപ്പെടുമെന്ന് നബി(സ്വ) വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ റമദാന്‍ വ്രതത്തില്‍ വന്നുപോകുന്ന അപൂര്‍ണതകള്‍ പരിഹരിക്കാന്‍ സുന്നതു നോമ്പുകള്‍ സഹായിക്കും. ഇത്രയും പുണ്യകരമായ നോമ്പ് പക്ഷേ വര്‍ഷം മുഴുവന്‍ നോല്‍ക്കുന്നത് നിഷിദ്ധമാണ്. നബി(സ്വ)യില്‍ നിന്ന് സ്ഥിരപ്പെട്ടതും അദ്ദേഹം അനുവദിച്ചതും മാത്രമേ പുണ്യകരമാകൂ. 

നിര്‍ബന്ധനോമ്പ് നോറ്റാല്‍ നിര്‍ബന്ധിതാവസ്ഥയിലല്ലാതെ മുറിക്കുന്നത് പാപമാണ്. എന്നാല്‍ സുന്നതു നോമ്പുകള്‍ ആവശ്യമുണ്ടെങ്കില്‍ മുറിക്കാവുന്നതാണ്. അബൂസഈദില്‍ ഖുദ്‌രി(റ) പറയുന്നു, ഞാന്‍ റസൂല്‍(സ്വ)നുവേണ്ടി ഭക്ഷണം തയ്യാറാക്കി. അങ്ങനെ അദ്ദേഹവും കൂട്ടുകാരും വീട്ടില്‍ വന്നു. ഭക്ഷണം കൊണ്ടുവെച്ചപ്പോള്‍ ഒരാള്‍ തനിക്ക് നോമ്പാണെന്നു പറഞ്ഞു. അപ്പോള്‍ നബി(സ്വ) പറഞ്ഞു നിങ്ങളുടെ സഹോദരന്‍ നിങ്ങളെ ക്ഷണിക്കുകയും നിങ്ങള്‍ക്കുവേണ്ടി വിഷമം സഹിക്കുകയും ചെയ്തിരിക്കുകയാണ്. അതിനാല്‍ നോമ്പ് മുറിക്കുകയും വേണമെങ്കില്‍ മറ്റൊരു ദിവസം പകരം നോമ്പെടുക്കുകയും ചെയ്യുക (ഇര്‍വാഉല്‍ഗലീല്‍-അല്‍ബാനീ 1952).


 

Feedback