Skip to main content
5

മഴ: പ്രതീക്ഷയും പാഠങ്ങളും

 ജലം ജീവന്റെ അടിസ്ഥാന ഘടകമാണ്. ''ജീവനുള്ള എല്ലാ വസ്തുക്കളെയും നാം ജലത്തില്‍ നിന്നാണ് ഉണ്ടാക്കിയിരിക്കുന്നത്'' (ഖുര്‍ആന്‍ 21:30). നദീതടങ്ങളുടെയും ജലസ്രോതസ്സുകളുടെയും സമീപത്തായാണ് പുരാതന നാഗരികതകള്‍ രൂപപ്പെട്ടത്. സിന്ധുനദീതടനാഗരികത ക്ഷയിക്കാന്‍ കാരണം കാലവര്‍ഷം ദുര്‍ബലമായതിലൂടെയുണ്ടായ ദൈര്‍ഘ്യമേറിയ വരള്‍ച്ചയാണെന്ന് ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നു. 

ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലവര്‍ഷത്തിന്റെ താളമാണ് ഇന്ത്യയുടെ ഹൃദയതാളം. കാരണം നമ്മുടെ കാര്‍ഷിക-സാമൂഹിക-സാമ്പത്തിക സംവിധാനങ്ങള്‍ ഭൂരിഭാഗവും ഇപ്പോഴും മഴയെ ആശ്രയിച്ചിരിക്കുന്നതാണ്. അതുകൊണ്ടാണ് കാലം തെറ്റി വരുന്ന മഴയും, അതിവൃഷ്ടിയും അനാവൃഷ്ടിയും മനുഷ്യ ജീവിതത്തിന്റെ എല്ലാ മേഖലകളെയും വലിയ തോതില്‍ ബാധിക്കുന്നത്. മഴയെന്ന അത്ഭുത സ്രോതസ്സിന്റെ പ്രാധാന്യവും അതിനെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും നമ്മള്‍ കുറേ കാലമായി ചര്‍ച്ച ചെയ്യുന്നുണ്ടെങ്കിലും അവ കര്‍മതലത്തിലെത്തിക്കല്‍ കാലഘട്ടത്തിന്റെ ആവശ്യമാണ്.

mazha

അനുഗൃഹീത ജലം

ഒരിക്കലും വ്യതിചലിക്കാത്ത ജലചംക്രമണത്തെ ആശ്രയിച്ചാണ് നമുക്ക് ജീവജലം ലഭിച്ചു കൊണ്ടിരിക്കുന്നത്. ഖര ദ്രാവക വാതകാവസ്ഥയികളിലൊക്കെ ശുദ്ധജലം ഭൂമിയില്‍ ലഭ്യമാണെങ്കിലും ആകാശത്തു നിന്ന് പെയ്തിറങ്ങുന്ന മഴ തന്നെയാണ് ഏറ്റവും വലിയ സ്രോതസ്സും വില നല്കാതെ ലഭിക്കുന്ന സൗഭാഗ്യവും. ഖുര്‍ആന്‍ ധാരാളം സ്ഥലങ്ങളില്‍ അല്ലാഹു ആകാശത്തു നിന്ന് വര്‍ഷിപ്പിച്ചു തരുന്ന മഴ എന്ന അനുഗ്രഹത്തെ ആവര്‍ത്തിച്ച് സൂചിപ്പിക്കുന്നുണ്ട്. 

മഴയുമായി ബന്ധപ്പെട്ട ഖുര്‍ആനിക പരാമര്‍ശങ്ങളെ വിശദമായ വായനയ്ക്ക് വിധേയമാക്കുമ്പോള്‍ ജലചംക്രമണ ഘട്ടങ്ങളുമായും ജലസ്രോതസ്സുകളുടെ ഉപയോഗവുമായും ബന്ധപ്പെട്ട സൂചനകളെ നമുക്ക് വേര്‍തിരിക്കാന്‍ കഴിയും.
ആത്യന്തികമായി മഴ വെള്ളത്തിന്റെ പ്രാധാന്യവും മൂല്യവും ഖുര്‍ആന്‍ പ്രത്യേകം എടുത്തു പറയുന്നുണ്ട്. ''മുകളില്‍ നിന്ന് അനുഗൃഹീതമായ (ബറകത്ത്) ജലം നാം വര്‍ഷിച്ചിരിക്കുന്നു'' (50:9), ''ആകാശത്തു നിന്ന് ശുദ്ധമായ (ത്വഹൂര്‍) ജലം നാം ഇറക്കിയിരിക്കുന്നു''(25:48).

സമുദ്രങ്ങള്‍, മഞ്ഞ്, അരുവികള്‍, ചെടികള്‍, ജീവജാലങ്ങള്‍ എന്നിവയില്‍ നിന്നൊക്കെ ബാഷ്പീകരിക്കപ്പെടുന്ന ജലം മുകളിലെത്തുമ്പോള്‍ മേഘമായി മാറുക എന്നത് ജലചംക്രമണത്തില്‍ പ്രധാനപ്പെട്ട ഒരു ഘട്ടമാണ്. ഈ മേഘങ്ങള്‍ കാറ്റിന്റെ ദിശയ്ക്കനുസരിച്ച് സഞ്ചരിച്ച് വിവിധയിടങ്ങളില്‍ മഴയായി പെയ്യുന്നു. കാറ്റിന്റെ സഞ്ചാരമാണ്  കാലവര്‍ഷത്തെ നിര്‍ണയിക്കുന്നത് എന്ന് മനസ്സിലാക്കുമ്പോള്‍ മഴ പെയ്യുന്നതില്‍ കാറ്റിന്റെ പ്രാധാന്യം തിരിച്ചറിയാന്‍ പറ്റും.
 
കാര്‍മേഘത്തിന്റെ രൂപീകരണം, കാറ്റിന്റെ സ്വാധീനം എന്നിവയെപ്പറ്റിയും മഴയെ വിവിധ സ്ഥലങ്ങളില്‍ വിന്യസിക്കുന്ന അവയുടെ ദൗത്യത്തെക്കുറിച്ചും ഖുര്‍ആന്‍ കൃത്യമായി വിശദീകരിക്കുന്നു. ''അല്ലാഹുവാണ് കാറ്റുകളെ അയച്ചവന്‍. അങ്ങനെ അവ മേഘത്തെ ഇളക്കിവിടുന്നു. എന്നിട്ട് ആ മേഘത്തെ നിര്‍ജീവമായ നാട്ടിലേക്ക് നാം തെളിച്ചുകൊണ്ട് പോകുകയും അതുമുഖേന ഭൂമിയെ അതിന്റെ നിര്‍ജീവാവസ്ഥയ്ക്കു ശേഷം നാം സജീവമാക്കുകയും ചെയ്യുന്നു''(35:9).

മഴയിലൂടെ ഭൂമി കൈവരിക്കുന്ന ഉണര്‍വും ഊര്‍ജവും അതിലൂടെ മനുഷ്യ ജീവന്റെ നിലനില്‍പ്പിനായി ഭക്ഷ്യവിഭവങ്ങള്‍ ഉത്പാദിപ്പിക്കുന്നതും സ്രഷ്ടാവിനെ കണ്ടെത്താനുള്ള ദൃഷ്ടാന്തമായാണ് ഖുര്‍ആന്‍ സൂചിപ്പിക്കുന്നത്. ''നീ കണ്ടില്ലേ, അല്ലാഹു ആകാശത്തു നിന്ന് വെള്ളം ചൊരിഞ്ഞു. എന്നിട്ട് ഭൂമിയിലെ ഉറവിടങ്ങളില്‍ അതവന്‍ പ്രവേശിപ്പിച്ചു. അനന്തരം അത് മുഖേന വ്യത്യസ്ത വര്‍ണങ്ങളിലുള്ള വിള അവന്‍ ഉത്പാദിപ്പിക്കുന്നു. പിന്നെ അത് ഉണങ്ങിപ്പോകുന്നു. അപ്പോള്‍ അത് മഞ്ഞനിറം പൂണ്ടതായി നിനക്ക് കാണാം. പിന്നീട് അവന്‍ അതിനെ വൈക്കോല്‍ തുരുമ്പാക്കുന്നു. തീര്‍ച്ചയായും അതില്‍ ബുദ്ധിമാന്‍മാര്‍ക്ക് ഗുണപാഠമുണ്ട്''(39:21). 

മഴയുമായി ബന്ധപ്പെട്ട ഖുര്‍ആന്റെ ശ്രദ്ധേയമായ മറ്റൊരു പരാമര്‍ശം മഴ എന്ന പ്രതിഭാസത്തിനു പിന്നിലെ ദൈവികമായ ഇടപെടലുകളെയും അതില്‍ മനുഷ്യന്‍ നന്ദി കാണിക്കേണ്ടതിന്റെ ആവശ്യകതയെയും ഉണര്‍ത്തുന്നതാണ്. ''പറയുക: നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? നിങ്ങളുടെ കുടിവെള്ളം വറ്റിപ്പോയാല്‍ ആരാണ് നിങ്ങള്‍ക്ക് ഒഴുകുന്ന ഉറവു വെള്ളം കൊണ്ട് വന്നു തരിക?''(67:30). ''നിങ്ങള്‍ കുടിക്കുന്ന വെള്ളത്തെപ്പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?. നിങ്ങളാണോ അത് മേഘത്തില്‍ നിന്ന് ഇറക്കിയത്? അതല്ല, നാമാണോ ഇറക്കിയവന്‍? നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ അത് ദുസ്വാദുള്ള ഉപ്പുവെള്ളമാക്കുമായിരുന്നു. എന്നിരിക്കെ നിങ്ങള്‍ നന്ദികാണിക്കാത്തതെന്താണ്?''(56:68-70). ഈ രണ്ടു സ്ഥലങ്ങളിലും മഴവെള്ളത്തിന്റെ പരിശുദ്ധിയും അത് ഇല്ലാതായാല്‍ മനുഷ്യന്‍ നേരിടേണ്ടി വരുന്ന ഭീകരമായ അവസ്ഥയെയും ഓര്‍മപ്പെടുത്തിയാണ് നന്ദി കാണിക്കേണ്ടതിന്റെ പ്രാധാന്യത്തെ ഉണര്‍ത്തുന്നത്.

ഭീതിയുടെ മഴക്കാലം

നില്‍ക്കാതെ പെയ്യുന്ന മഴയില്‍ കുടയും ചൂടി സ്‌കൂളിലേക്ക് പോവുന്നതും നിറഞ്ഞു നില്‍ക്കുന്ന വയലിലും കുളങ്ങളിലും നീന്തിയും മീന്‍പിടിച്ചും ഉല്ലസിക്കുന്നതും തുടങ്ങി മനസ്സില്‍ ആഘോഷത്തിന്റെ കുളിര്‍മഴ പെയ്യിക്കുന്ന മഴക്കാല ഓര്‍മകളില്‍ നിന്ന് മലയാളി മാറിയിരിക്കുന്നു. രണ്ടു വര്‍ഷത്തെ പ്രളയം വരുത്തി വെച്ച നഷ്ടങ്ങളുടെ കണക്കാണ് ഇന്ന് മഴക്കാല ഓര്‍മയില്‍ മുമ്പിലുണ്ടാവുക. അത്രയും പേടിപ്പെടുത്തുന്ന ദിനങ്ങളായിരുന്നു 2018 ലെയും 19 ലെയും മഴക്കാലം സമ്മാനിച്ചത്.

പല സമയങ്ങളിലായുള്ള പരിസ്ഥിതി ആഘാത പഠനങ്ങളെ മുഖവിലക്കെടുക്കാതെ പ്രകൃതിയെ വീണ്ടും ചൂഴ്‌ന്നെടുത്ത് കൂടുതല്‍ സാമ്പത്തിക നേട്ടം കൈവരിക്കാന്‍ ശ്രമിച്ച മനുഷ്യരുടെ അത്യാഗ്രഹങ്ങളെയാണ് പ്രകൃതി ദുരന്തങ്ങള്‍ ചോദ്യം ചെയ്യുന്നത്. ഭൂമിയില്‍ സ്രഷ്ടാവ് സംവിധാനിച്ച സന്തുലിതാവസ്ഥയെ ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ അത് നാശത്തിനു കാരണമാകുമെന്ന് ഖുര്‍ആന്‍ ഖണ്ഡിതമായി പ്രസ്താവിക്കുന്നുണ്ട്. ''ഭൂമിയില്‍ നന്മവരുത്തിയതിനു ശേഷം നിങ്ങള്‍ അവിടെ നാശമുണ്ടാക്കരുത്'' (7:56), ''മനുഷ്യരുടെ കൈകള്‍ പ്രവര്‍ത്തിച്ചത് നിമിത്തം കരയിലും കടലിലും കുഴപ്പം വെളിപ്പെട്ടിരിക്കുന്നു'' (30:41).

ഭൂമിയെയും അതിലെ വിഭവങ്ങളെയും പ്രതിപാദിക്കുന്നിടത്ത് മനുഷ്യന് വേണ്ടി സംവിധാനിച്ചു എന്ന ഖുര്‍ആന്റെ പ്രയോഗം ശ്രദ്ധേയമാണ്. അതിനാല്‍ ധൂര്‍ത്തും ചൂഷണവും വെടിഞ്ഞ് വിഭവങ്ങള്‍ എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്ന ബോധ്യത്തില്‍ അവയെ ഉപയോഗിക്കുവാന്‍ കഴിയണം.

നഷ്ടപ്പെടുന്ന മഴവെള്ളം

കേരളത്തില്‍ ഒരു വര്‍ഷം ശരാശരി 3000 മില്ലിലിറ്ററില്‍ അധികം മഴ പെയ്യുന്നുണ്ടെന്നാണ് കണക്ക്. എന്നാല്‍ നമുക്ക് ഈ സ്രോതസ്സിനെ തീരെ ഉപയോഗപ്പെടുത്താന്‍ പറ്റുന്നില്ല. വലിതോതില്‍ മഴ ലഭിച്ചിട്ടും വരള്‍ച്ച നേരിടുന്നത് ശരിയായ കാഴ്ചപ്പാടില്ലാത്തതു കൊണ്ടു മാത്രമാണ്. വര്‍ഷത്തില്‍ 600 മില്ലിലിറ്റര്‍ മഴ മാത്രമാണ് ഇംഗ്ലണ്ട് പോലുള്ള രാജ്യങ്ങളില്‍ ലഭിക്കുന്നത്. അവ കൃത്യമായി സംരക്ഷിക്കാനും ജനങ്ങള്‍ക്ക് ജലക്ഷാമം അനുഭവപ്പെടാത്ത രൂപത്തില്‍ വിതരണം ചെയ്യാനും കഴിയുന്നു എന്നറിയുമ്പോഴാണ് നാം നഷ്ടപ്പെടുത്തുന്ന ജലം എത്രയാണെന്നും മഴവെള്ള സംരക്ഷണത്തിന് എത്രത്തോളം പ്രാധാന്യം നല്കണമെന്നും മനസ്സിലാക്കാന്‍ കഴിയുക.

കേരളത്തിന്റെ ഭൂപ്രകൃതിയുടെ കൂടി കാരണമായി, പെയ്യുന്ന മഴ മുഴുവന്‍ വളരെ ചുരുങ്ങിയ സമയം കൊണ്ട് കടലിലേക്ക് ഒഴുകിപ്പോവുകയാണ്. ഭൂമി ഉപയോഗം കൃഷി ആവശ്യത്തില്‍ നിന്ന് മാറി മറ്റു കാര്യങ്ങള്‍ക്കായപ്പോള്‍ മുമ്പുണ്ടായിരുന്നതില്‍ നിന്ന് വ്യത്യസ്തമായി മഴവെള്ളം ഭൂമിയിലേക്ക് ഇറങ്ങുന്നത് വളരെ കുറഞ്ഞിട്ടുണ്ട്. കൂടാതെ മഴവെള്ള സംഭരണത്തിനായി നമ്മള്‍ സ്വീകരിച്ചിട്ടുള്ള മിക്ക ഉപാധികളും മഴവെള്ളത്തെ ഒരു വര്‍ഷം മുഴുവന്‍ ഉപയോഗിക്കാവുന്ന വിധത്തില്‍ സംഭരിക്കാന്‍ കഴിയാത്തതാണ് എന്നതാണ് യാഥാര്‍ഥ്യം.

നമ്മുടെ നിത്യോപയോഗങ്ങള്‍ക്ക് വെള്ളം ലഭ്യമാക്കുക എന്നത് മാത്രമായി പലപ്പോഴും നമ്മുടെ ചിന്തകള്‍ ചുരുങ്ങിപ്പോവുന്നുണ്ട്. വര്‍ഷാവര്‍ഷം വലിയ അളവില്‍ ലഭിക്കുന്ന മഴവെള്ളത്തെ വാണിജ്യാടിസ്ഥാനത്തില്‍ എങ്ങനെയൊക്കെ ഉപയോഗപ്പെടുത്താം എന്നു കൂടി ആലോചിക്കേണ്ടതുണ്ട്. മഴക്കാല മണ്‍സൂണ്‍ ടൂറിസം പോലെ മഴയെയും മഴവെള്ളത്തെയും വരുമാനമാക്കി മാറ്റാന്‍ ഒരുപാട് പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ കഴിയും.

ജലവിനിയോഗവുമായി ബന്ധപ്പെട്ട കാഴ്ചപ്പാടുകളും ഇവിടെ ചേര്‍ത്തു വായിക്കേണ്ടതുണ്ട്. ജലക്ഷാമം ഉണ്ടാകുമ്പോള്‍ മാത്രം ജലത്തിന്റെ പ്രാധാന്യം പ്രസംഗിക്കുകയും ഉപയോഗത്തില്‍ സൂക്ഷമത പാലിക്കാതിരിക്കുകയും ചെയ്യുന്നവരാണ് നമ്മള്‍. മറ്റു പ്രകൃതിവിഭവങ്ങളെപ്പോലെത്തന്നെ നശിപ്പിക്കാതെയും പരിക്കേല്‍പ്പിക്കാതെയും ജലത്തെ കൈകാര്യം ചെയ്യാന്‍ കഴിയേണ്ടതുണ്ട്.

മുഹമ്മദ് നബി ഇതു സംബന്ധമായി പറഞ്ഞിട്ടുള്ള നിര്‍ദേശങ്ങള്‍ ഏറെ പ്രസക്തമാണ്. 'ഒഴുകുന്ന പുഴയില്‍ നിന്നാണ് ആരാധനകള്‍ക്കു വേണ്ടി അംഗശുദ്ധി വരുത്തുന്നതെങ്കില്‍ പോലും ധൂര്‍ത്ത് പാടില്ല'. ശുദ്ധജലസ്രോതസ്സുകള്‍ പൊതുസ്വത്തായാണ് നബി(സ്വ) പഠിപ്പിച്ചത്. ആര്‍ക്കും കുടിവെള്ളം തടയാന്‍ പാടില്ലെന്നും കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ വിസര്‍ജനം നടത്താന്‍ പാടില്ലെന്നുമുള്ള അധ്യാപനങ്ങള്‍ ജലത്തിന്റെ പ്രാധാന്യത്തെ ഉണര്‍ത്തുന്നു. വെറും രണ്ട് ലിറ്റര്‍ (ഒരു സ്വാഅ്) വെള്ളം കൊണ്ട് കുളിക്കാറുണ്ടായിരുന്ന പ്രവാചകന്റെ ജീവിതരീതി തന്റെ അധ്യാപനങ്ങള്‍ക്കനുഗുണമായിരുന്നു.
 

Feedback