Skip to main content

മാലിക് ഷഹബാസ്/മാല്‍ക്കം എക്‌സ് (1-2)

അടിമ സമ്പ്രദായത്തിന് അന്ത്യംകുറിച്ച എബ്രഹാം ലിങ്കന്റെ അമേരിക്കയില്‍, വര്‍ണവിവേചനം കൊടികുത്തി വാഴുന്ന കാലം. പള്ളിയും പള്ളിക്കൂടവും ആശുപത്രിയും പാര്‍ക്കും ഹോട്ടലുമെല്ലാം കറുത്തവനും വെളുത്തവനും വെവ്വേറെ നിര്‍മിച്ചിരുന്ന ഇരുപതാം നൂറ്റാണ്ടിന്റെ മധ്യദശ. കറുത്ത ആണും വെളുത്ത പെണ്ണും തമ്മിലുള്ള സൗഹൃദവും പ്രണയവും ലൈംഗിക ബന്ധവും അസാധുവും അസാധ്യവുമാണെന് നീതിപീഠങ്ങള്‍ വരെ അന്ന് വിധിയെഴുതി. കറുത്തവനെ കൊന്നാലോ അവന്റെ വീടിന് തീയിട്ടാലോ വെളുത്തവന് ഒന്നും സംഭവിക്കാത്ത ക്രൂരമായ സാമൂഹിക സാഹചര്യത്തില്‍, മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങും എലിജാ മുഹമ്മദും പോലുള്ള ചുരുക്കം ചിലര്‍ മാത്രമേ ഇതിനെതിരെ ചൂണ്ടുവിരലനക്കിയുള്ളൂ.

ഈ സമയത്ത് അഥവാ 1940കളില്‍ ബോസ്റ്റണിലെ ജയിലറയില്‍ ഒരു കുറ്റവാളി തടവില്‍ കഴിഞ്ഞിരുന്നു. മയക്കുമരുന്നു വില്പനയും മോഷണവുമായിരുന്നു അവനെതിരായ കുറ്റം.

മതവും ദൈവവും എന്താണെന്ന് അവനറിഞ്ഞിരുന്നില്ല. തെരുവിലെ തെമ്മാടിക്കൂട്ടത്തില്‍ വളര്‍ന്ന അവന്‍ ജയിലിലെ ചെകുത്താന്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. മാല്‍ക്കം ലിറ്റില്‍ എന്ന ആ 25 കാരനെ ജോണ്‍-ബെംബ്രി എന്ന സഹതടവുകാരന്‍ മെല്ലെ പുസ്തകങ്ങളിലേക്ക് കൂട്ടിക്കൊണ്ടുവന്നു. പിന്നെപ്പിന്നെ വായന അവന്റെ വിനോദമായി അവനിലെ ചെകുത്താന്‍ ഇറങ്ങിപ്പോയി.

ജയിലിലെ നാഷന്‍ ഓഫ് ഇസ്‌ലാം പ്രവര്‍ത്തകരായ തടവുകാരുടെ കൂട്ടുകാരനായ മാല്‍ക്കം അവരില്‍ നിന്നാണ് വര്‍ണ വിവേചനത്തെ ഇല്ലാതാക്കുന്ന ഇസ്‌ലാമിന്റെ സമത്വ സന്ദേശം ആദ്യമായി കേട്ടത്. 1952ല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ മാല്‍ക്കം ലിറ്റില്‍ ഉറച്ച ദൈവവിശ്വാസിയായി. തന്റെ പേരിലെ അടിമത്വത്തെ സൂചിപ്പിക്കുന്ന 'ലിറ്റില്‍' എന്ന നാമം പറിച്ചെറിഞ്ഞ് അവിടെ 'അജ്ഞാതരായ പൂര്‍വപിതാക്കളെ'ന്ന അര്‍ഥത്തില്‍ 'എക്‌സ്' എന്നു ചേര്‍ത്തു.

വൈകാതെ നേഷന്‍ ഓഫ് ഇസ്‌ലാമിന്റെ നേതാവ് എലിജാ മുഹമ്മദിനെ കണ്ടു. അതില്‍ അംഗമായി (നാഷന്‍ ഓഫ് ഇസ്‌ലാം, ഇസ്‌ലാമിന്റെ അടിസ്ഥാനാദര്‍ശമായ തൗഹീദ്, രിസാലത്ത്, ആഖിറത്ത് എന്നിവയിലും ആരാധനാ കാര്യങ്ങളിലും വിശ്വസിക്കാത്ത കേവലം വര്‍ണ വിവേചന വിരുദ്ധ പ്രസ്ഥാനം മാത്രമായിരുന്നു.)

പത്തുവര്‍ഷക്കാലം നാഷന്‍ ഓഫ് ഇസ്‌ലാമിന്റെ തീപ്പൊരി പ്രഭാഷകനായി വര്‍ണ വിവേചനത്തിനെതിരെ മാല്‍ക്കം എക്‌സ് സമരം നടത്തി. അമേരിക്കന്‍ അധികാരികളുടെ കണ്ണിലെ കരടായും കറുത്തവന്റെ കണ്ണിലെ കൃഷ്ണമണിയായും മാല്‍ക്കം മാറി. എന്നാല്‍ 1964ല്‍ ഇസ്‌ലാമും നാഷന്‍ ഓഫ് ഇസ്‌ലാമും തമ്മിലുള്ള ഗുരുതരമായ അന്തരം തിരിച്ചറിഞ്ഞ മാല്‍ക്കം അതിനോട് വിടചൊല്ലി.

അതേവര്‍ഷം വിശുദ്ധ ഹജ്ജിനായി പുണ്യനഗരത്തിലെത്തിയ അദ്ദേഹം യഥാര്‍ഥ ഇസ്‌ലാമിനെ അനുഭവിച്ചറിഞ്ഞു. കറുത്തവനും വെളുത്തവനും രാജാവും പ്രജയും ഒരേ വസ്ത്രവും പ്രാര്‍ഥനയുമായി  ഏകദൈവത്തിനു മുന്നില്‍ സാഷ്ടാംഗം നമിക്കുന്ന ഹൃദയഹാരിയായ കാഴ്ച മാല്‍ക്കമിനെ ഹഠാദാകര്‍ഷിച്ചു. ഒപ്പം ഫൈസല്‍ രാജാവിനെയും കണ്ടു. ആഫ്രിക്കന്‍, മധ്യ പൗരസ്ത്യ ദേശങ്ങളും ചുറ്റി അദ്ദേഹം.

തികച്ചും പുതിയ മനുഷ്യനായാണ് മാല്‍ക്കം തിരിച്ച് അമേരിക്കയിലെത്തിയത്. അഥവാ അല്‍ഹാജ് മാലിക്ക് ഷഹബാസ് ആയി.


 

Feedback