സെമിറ്റിക് മതങ്ങളിലൊന്നാണ് ക്രിസ്തുമതം. യേശു ക്രിസ്തുവിന്റെ അധ്യാപനം സ്വീകരിച്ചവരെ ക്രിസ്ത്യാനികളെന്നും അവരുടെ മതത്തെ ക്രിസ്തുമതമെന്നും വിളിക്കപ്പെടുന്നു. വിവിധ വിഭാഗങ്ങളിലായി ക്രിസ്തുമതത്തില്‍ ഇരുന്നൂറു കോടിയിലേറെ വിശ്വാസികളുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ലോകജനസംഖ്യയുടെ മൂന്നിലൊന്നു വരുമിത്. ബൈബിളാണ് ക്രിസ്ത്യാനികളുടെ പ്രാമാണികവും വിശുദ്ധവുമായ ഗ്രന്ഥം. ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിശ്വാസികളുള്ള മതമാണ് ക്രിസ്തുമതം.
യഹൂദ സമുദായം ആത്മീയമായും സംസ്‌കാരികമായും ജീര്‍ണിച്ച അവസരത്തിലാണ് യേശു തന്റെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത്. റോമ ചക്രവര്‍ത്തിയായിരുന്ന ആഗസ്റ്റസ് സീസറുടെ കാലത്ത് ഫലസ്തീന്‍ പ്രവിശ്യയില്‍ ബത്‌ലഹേമിലാണ് ക്രിസ്തു പിറന്നത്. അദ്ദേഹത്തിന്റെ ജനന തിയ്യതിയെക്കുറിച്ച് ഭിന്നാഭിപ്രായങ്ങളുണ്ട്. യേശുവിന്റെ ജീവിതത്തിലെ ആദ്യത്തെ 30 വര്‍ഷങ്ങള്‍ അജ്ഞാതമാണ്. 30ാം വയസിലാണ് അദ്ദേഹം പ്രബോധന പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത്.
യഹൂദ സമുദായത്തിലെ ചൂഷണങ്ങളെയും അനീതിയെയും യേശു ശക്തമായി എതിര്‍ത്തു. പുരാതനകാലത്തെ പ്രവാചകാധ്യാപനങ്ങളെ പുനരുദ്ധരിക്കലാണ് തന്റെ ദൗത്യമെന്ന് ആവര്‍ത്തിച്ചു പറഞ്ഞു.
നിയമത്തെയോ പ്രവാചകന്മാരെയോ അസാധുവാക്കാനാണ് ഞാന്‍ വന്നതെന്ന് നിങ്ങള്‍ വിചാരിക്കരുത്. അസാധുവാക്കാനല്ല, പൂര്‍ത്തിയാക്കാനാണ് ഞാന്‍ വന്നത് (മത്തായി 5:17).
യേശുവിന്റെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ ദരിദ്രജന വിഭാഗത്തെ ആകര്‍ഷിച്ചപ്പോള്‍ അത് സുഖഭോഗ നിമഗ്നരായുള്ള പുരോഹിതന്മാരെ വിറളിപിടിപ്പിച്ചു. ഭരണകര്‍ത്താക്കളെ തെറ്റിദ്ധരിപ്പിച്ച് അവരെ സമ്മര്‍ദത്തിലാക്കി യേശുവിനെ കുരിശിലേറ്റുന്നതില്‍ യഹൂദര്‍ വിജയിച്ചു എന്ന് ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നു.
ക്രിസ്തുവിന്റെ വ്യക്തിത്വത്തില്‍ ദൈവികതയും മനുഷ്യ പ്രകൃതിയും സമ്മേളിക്കുന്നു എന്നുള്ളത് ക്രിസ്തീയ വിശ്വാസത്തിന്റെ കാതലായ ഭാഗമത്രെ. പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്ന ത്രിത്വമാണ് ക്രിസ്തീയ കാഴ്ച്ചപ്പാടില്‍ ദൈവ വിശ്വാസം. ത്രിത്വത്തില്‍ മൂന്നും മുന്നിലോ പിന്നിലോ അല്ല. അവ മൂന്നും സഹസമാനരും (co. equal) സഹ അനശ്വരരും (co. eternal)ആണ്. അതായത് ത്രിത്വത്തില്‍ എകത്വവും എകത്വത്തില്‍ ത്രിത്വവും സമമായ മോക്ഷത്തിനായി നാഥനായ യേശു ക്രിസ്തുവിന്റെ അവതാരത്തില്‍ വിശ്വസിക്കേണ്ടതുണ്ട്. കര്‍ത്താവായ ദൈവ പുത്രനായ യേശു ദൈവ പുത്രനാണെന്നതാണ് ഉത്തമമായ വിശ്വാസം. ക്രിസ്തുവിന്റെ മാതാവെന്ന നിലയില്‍ കന്യ മറിയത്തെ ആദരിക്കല്‍ ക്രിസ്തീയ വിശ്വാസത്തിന്റെ ഭാഗമാണ്. ഒരു സൃഷ്ടിക്ക് നല്‍കുന്ന ഏറ്റവും ഉന്നതമായ ആദരവാണ് ചര്‍ച്ച് കന്യാമറിയത്തിന് നല്‍കിവരുന്നത്.
മറിയ യേശുവിന്റെ മാതാവും (ക്രിസ്‌റ്റോകോസ്) ദൈവത്തിന്റെ മാതാവും(തിയോഡോകോസ്) ആണ്. അവര്‍ മോചകന്റെ മാതാവും വിശുദ്ധാത്മാവിന്റെ നക്ഷത്രവുമാണ്.
മൂന്ന് വര്‍ഷത്തെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം മനുഷ്യ വംശത്തിന്റെ പാപം കഴുകിക്കളയാനായി യേശു സ്വയം കുരിശിലേറി എന്നതാണ് ക്രിസ്തീയ വിശ്വാസം. അവതരണത്തിന്റെ ലക്ഷ്യം തന്നെ ഇതായിരുന്നുവത്രേ. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ചരിത്രമാണ് സുവിശേഷകര്‍ നല്‍കുന്നത്.
യേശുവിന്റെ അധ്യാപനങ്ങള്‍ പ്രധാനമായും നാല് സുവിശേഷങ്ങളായി ക്രമീകരിക്കപ്പെടുന്നു. ക്രിസ്ത്യാനികള്‍ പഴയ നിയമവും പുതിയ നിയമവും സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. ഉത്പത്തി മുതല്‍ മക്കബായര്‍ വരെ പഴയ നിയമത്തിലെ 40 പുസ്തകളില്‍ 39 എണ്ണം മാത്രമേ പ്രൊട്ടസ്റ്റന്റ് വിഭാഗം ക്രിസ്ത്യാനികള്‍ അംഗീകരിക്കുന്നുള്ളൂ. മത്തായി എഴുതിയ സുവിശേഷം മുതല്‍ വെളിപാടു വരെയുള്ള 27 പുസ്തക സമുച്ചയമാണ് പുതിയ നിയമം. സുവിശേഷകരായ മാത്യു(മത്തായി)വും ജോണും(യോഹന്നാന്‍) ക്രിസ്തുവിന്റെ 12 ശിഷ്യരില്‍പ്പെടുന്നു. മാര്‍ക്കോസ്(മാര്‍ക്ക്) ക്രിസ്തുവിന്റെ പ്രധാന ശിഷ്യനായ പത്രോസി(പീറ്റര്‍)ന്റെയും ലൂക്കാ(ലൂക്ക) പൗലോസ്(പോള്‍)ന്റെയും ശിഷ്യന്മാരാണ്. ഇവരാണ് മറ്റ് രണ്ട് സുവിശേഷകര്‍.
ക്രിസ്തീയ വിശ്വാസ പ്രകാരം ചര്‍ച്ചിന് പ്രമുഖ സ്ഥാനമാണുള്ളത്. ചര്‍ച്ച് ദൈവ കാരുണ്യത്തിന്റെയും അധികാരത്തിന്റെയും പ്രതീകമാണ്
ആരാധനാ രീതികള്‍ അനുസരിച്ച് ക്രിസ്തീയ സഭകളെ രണ്ടായി തിരിക്കാം. റോമന്‍, അംബ്രേഡിയന്‍, മൊസാറബിക് എന്നീ ഉപവിഭാഗങ്ങളടങ്ങിയ പാശ്ചാത്യ (ലാറ്റിന്‍) സഭയും അലക്‌സാണ്ട്രിയന്‍, ആന്‍ഗിയോക്കിയന്‍, ബൈസന്റയിന്‍, കാല്‍ഡിയന്‍ എന്നീ ഉപസഭകളുടെ പൗരസ്ത്യന്‍ സഭയുമാണത്.
ദൈവ പ്രീതിക്ക് വേണ്ടിയും ആത്മ സംസ്‌കരണത്തിനായും അനുവദിക്കപ്പെടുന്ന ചില ബാഹ്യ കര്‍മങ്ങളാണ് കൂദാശകള്‍. 7 കൂദാശകളാണ് ക്രിസ്തു നിശ്ചയിച്ചതെന്ന് ബഹുഭൂരിപക്ഷം ക്രിസ്തീയരും വിശ്വസിക്കുന്നു.
മാമുദീസ(Baptism) നവജാത ശിശുവിന് ക്രിസ്തു മതത്തില്‍ അംഗ്വതം നല്‍കുന്ന കര്‍മമാണ്. കുട്ടിയുടെ മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ ത്രിത്വത്തിന്റെ പേരില്‍ മൂന്ന് പ്രാവിശ്യം തലയില്‍ വെള്ളമൊഴിക്കലാണ് ഇതിന്റെ പ്രധാന ഭാഗം. നല്ല ജീവിതം നയിക്കാന്‍ ശിശുക്കളുടെ നെറ്റിയില്‍ സുഗന്ധ തൈലം ചാര്‍ത്തുന്ന കര്‍മമാണ് സ്ഥൈര്യലേപനം. പാപികള്‍ക്ക് പാപമോചനം നല്‍കാന്‍ കുമ്പസാരമെന്നും (confession) ദൈവ പ്രീതിക്കായി നടത്തുന്ന കര്‍മത്തെ കുര്‍ബാന എന്നും പറയപ്പെടുന്നു. മരണം, വിധി നടത്തല്‍, നരകം, സ്വര്‍ഗം എന്നിവ കൂടി ക്രിസ്തീയ വിശ്വാസം സ്പര്‍ശിക്കുന്നതാണ്.
ക്രിസ്താബ്ദം ആറാം നുറ്റാണ്ടോടു കൂടി ആരംഭിച്ച ആശ്രമ സമ്പ്രദായമാണ് സന്യാസി മഠങ്ങള്‍.
16ാം നൂറ്റാണ്ടില്‍ ജര്‍മനിയില്‍ ആരംഭിച്ച പ്രൊട്ടസ്റ്റന്റ് വിപ്ലവം കത്തോലിക്ക സഭയെ പിളര്‍പിലേക്ക് നയിച്ചു. പ്രൊട്ടസ്റ്റന്റ് പ്രസ്ഥാനം ആരംഭിച്ചത് പതിനാറാം നൂറ്റാണ്ടില്‍ ജര്‍മനിയിലാണ്. കത്തോലിക്ക സഭയില്‍ നടമാടിയിരുന്ന ദുരാചാരങ്ങള്‍ക്കെതിരെ ആരംഭിച്ച ഈ പ്രസ്ഥാനം ക്രൈസ്തവ യൂറോപ്പിനെ രണ്ടായി പിളര്‍ത്തി.