ആകാശം കറുത്തിരുണ്ടു. അപരിചിതമായ മുഴക്കം നാലുപാടു നിന്നും ഉയരാന്‍ തുടങ്ങി. വരാനിരിക്കുന്ന ദുരന്തത്തിന്റെ സൂചനയെന്നോണം ആന മുട്ടുകുത്തി. അബ്‌റഹത്തിന്റെ മനസ്സില്‍ ഭീതി പരന്നു. പെട്ടെന്നാണ് അന്തരീക്ഷത്തില്‍ ഒരു ഹുങ്കാരശബ്ദം നിറഞ്ഞത്. സൈനികരുടെ കണ്ണുകള്‍ ആകാശത്ത് വട്ടമിട്ടു. ആ കാഴ്ചയില്‍ അവരുടെ ഹൃദയങ്ങള്‍ തൊണ്ടക്കുഴികളിലെത്തി. തിരമാല കണക്കെ പടിഞ്ഞാറു ഭാഗത്തുനിന്ന് ഇരച്ചെത്തിയ പക്ഷികള്‍ തങ്ങളുടെ കൊക്കിലും നഖങ്ങള്‍ക്കിടയിലും ഒളിച്ചുവെച്ച കനല്‍ക്കല്ലുകള്‍ ഒന്നൊന്നായി വര്‍ഷിച്ചു. നിമിഷങ്ങള്‍ക്കകം ആനപ്പട ചവച്ചരക്കപ്പെട്ട വൈക്കോല്‍ തുരുമ്പായി. കണ്ണെത്തും ദൂരത്ത് വിശുദ്ധ കഅ്ബ അപ്പോഴും തിളങ്ങി നില്‍ക്കുന്നുണ്ടായിരുന്നു.
സഹോദരന്‍ അബ്ദുല്ലയുടെ മരണവിവരവുമായി ഹാരിസ് എത്തുമ്പോള്‍ ഈ ദുരന്തത്തിന്റെ ആഘോഷത്തില്‍ മക്ക ശോക സാന്ദ്രമായിരുന്നു. ഭര്‍ത്താവിന്റെ വേര്‍പാട് യുവതിയായ ആമിനയുടെ മനസ്സില്‍ നൊമ്പരമായി പടര്‍ന്നെങ്കിലും പിറക്കാനിരിക്കുന്ന കുഞ്ഞിനെക്കുറിച്ചുള്ള സ്വപ്നം അവള്‍ക്ക് ആശ്വാസമേകിക്കൊണ്ടിരുന്നു. അവളുടെ ചെവിയില്‍ ആരോ മന്ത്രിക്കുന്നതുപോലെ ഒരു അശരീരിയുയരും ''നിന്റെ ഉദരത്തില്‍ പിറക്കാനിരിക്കുന്നത് ഈ ജനതയുടെ സ്വപ്നമാണ്. അസൂയക്കാരുടെ തിന്മയില്‍ നിന്ന് ഏകനായ ദൈവത്തോട് നീ അഭയം യാചിക്കുക''.
ഏതാനും ആഴ്ചകള്‍ കഴിഞ്ഞു. ആമിന പ്രസവിച്ച വിവരമറിഞ്ഞ് അബ്ദുല്‍ മുത്വലിബ് സന്തോഷമടക്കാനാവാതെ കുഞ്ഞിനെ കാണാനെത്തി. പൗത്രനെ വാത്സല്യത്തോടെ വാരിയെടുത്ത് നേരെ കഅ്ബയിലേക്ക് നടന്നു. അല്ലാഹുവോട് നന്ദി പറഞ്ഞ് അല്പനേരം പ്രാര്‍ഥനാ നിരതനായി ഇരുന്നു. പിന്നെ ആ മൃദുലമായ കവിളില്‍ ഉമ്മവെച്ച് ആമോദപൂര്‍വ്വം വിളിച്ചു - മുഹമ്മദ്.
അന്ന് ക്രിസ്താബ്ദം 571 ഏപ്രില്‍ 20 തിങ്കളാഴ്ചയായിരുന്നു. ദശാബ്ദങ്ങളായി കഅ്ബയുടെ പരിപാലനവും ഹജ്ജാജിമാര്‍ക്കുള്ള ജലവിതരണവും നടത്തിവന്നിരുന്നത് ഖുറൈശ് ഗോത്രമായിരുന്നു. ഇസ്മാഈല്‍ നബി(അ)യുടെ കുടുംബ പരമ്പരയില്‍ വരുന്ന ഫിഹ്‌റ് എന്ന നബി(സ്വ)യുടെ പത്താമത്തെ പിതാമഹനാണ് ഖുറൈശ് എന്നറിയപ്പെട്ടിരുന്നത്. അദ്ദേഹത്തിന്റെ സന്തതി പരമ്പരയാണ് ഖുറൈശ്. ഈ ഗോത്രത്തിലെ അബ്ദുല്‍ മുത്വലിബിന്റെ മകന്‍ അബ്ദുല്ലയുടെയും സുഹ്‌റ ഗോത്രത്തലവന്‍ വഹ്ബിന്റെ മകള്‍ ആമിനയുടെയും മകനായിട്ടാണ് മുഹമ്മദിന്റെ ജനനം.
ബനൂസഅ്ദ ഗോത്രത്തിലെ ഹലീമയാണ് മുലയൂട്ടാനായി മുഹമ്മദിനെ ഏറ്റെടുത്തത്. മറ്റൊരു കുട്ടിയെയും ലഭിക്കാത്തതുകൊണ്ടായിരുന്നു പിതാവില്ലാത്ത മുഹമ്മദിനെ അവര്‍ സ്വീകരിച്ചത്. എന്നാല്‍ വീട്ടിലെത്തുന്നതിന് മുമ്പ് തന്നെ അനാഥക്കുഞ്ഞിനെ ഏറ്റെടുത്തതിന്റെ അനുഗ്രഹം ഹലീമയും ഭര്‍ത്താവും അനുഭവിച്ചുതുടങ്ങിയിരുന്നു.
മറ്റുപേജുകള്‍:
ബാല്യവും യൗവനവും വിവാഹം വഹ്‌യ് പ്രബോധനം തുടങ്ങുന്നു പ്രബോധനം കുടുംബങ്ങളിലേക്ക് പരസ്യ പ്രബോധനവും പീഡനങ്ങളും ചില സംഭവങ്ങള്‍ ഹിജ്‌റക്കുള്ള ഒരുക്കം നബിയുടെ ഹിജ്‌റ റസൂലി(സ്വ)ന്റെ പട്ടണം നബി(സ്വ)യുടെ യുദ്ധങ്ങള്‍ മറ്റു യുദ്ധങ്ങള്‍ ഹുദൈബിയ സന്ധി മക്കാവിജയം കഅ്ബാലയം ശുദ്ധീകരിക്കുന്നു വിടവാങ്ങല്‍ ഹജ്ജും വിയോഗവും