ഏതൊരു വിജ്ഞാന ശാഖയ്ക്കും അതിന്റേതായ സാങ്കേതിക പദങ്ങളും പ്രയോഗങ്ങളും (Terminology) ഉണ്ടാവും. അത്തരം വാക്കുകള്‍ ഭാഷയിലെ ഒരു പദം എന്നതിനപ്പുറം ആ പശ്ചാത്തലത്തില്‍ മാത്രം മാത്രം ഉപയോഗിക്കുന്ന നിയതമായ ആശയമുള്‍കൊള്ളുന്ന ഒരു term ആയിരിക്കും. ശാസ്ത്രത്തിനും ഗണിതത്തിനും വ്യാകരണത്തിനുമെല്ലാം പ്രത്യേകം പദാവലികള്‍ ഉണ്ട്. അതുപോലെ ഇസ്‌ലാമിക വിജ്ഞാനീയങ്ങള്‍ പഠിക്കുമ്പോള്‍ ഇസ്‌ലാമിക സാങ്കേതിക പ്രയോഗങ്ങള്‍ സാമാന്യമായി മനസ്സിലാക്കിയില്ലെങ്കില്‍ ആശയഗ്രഹണം ദുഷ്‌കരമായിരിക്കും. ഉദാഹരണമായി സകാത്ത് എന്ന പദം പരിശോധിക്കാം. വിശുദ്ധി, വര്‍ദ്ധനവ് എന്നെല്ലാമാണ് ആ പദത്തിന്റെ ഭാഷാര്‍ഥം. എന്നാല്‍ തന്റെ സമ്പത്തില്‍ നിന്ന് വിശ്വാസി നിര്‍ബന്ധമായും കൊടുത്തു തീര്‍ക്കേണ്ട ബാധ്യത എന്നതിനാണ് ഇസ്‌ലാമിക സാങ്കേതികാര്‍ഥത്തില്‍ സകാത്ത് എന്നു പറയുന്നത്. സകാത്ത് ഇസ്‌ലാമിലെ ഒരു അനുഷ്ഠാനം കൂടിയാണ്. ആയതിനാല്‍ ഈ സൈറ്റ് ശ്രദ്ധിക്കുന്നവര്‍ ഇത്തരം സാങ്കേതിക പദങ്ങളെ അവയുടെ ഉദ്ദേശ്യാര്‍ഥത്തില്‍ ഉള്‍കൊള്ളണമെന്ന ഉദ്ദേശ്യത്തോടെ ഏതാനും സാങ്കേതിക പദങ്ങള്‍ ഇവിടെ പരിചയപ്പെടുത്തുകയാണ്. റബ്ബ്, ദീന്‍, ഇലാഹ്, ഇബാദത്ത്, തൗഹീദ്, രിസാലത്ത്, ആഖിറത്ത് തുടങ്ങി ഒട്ടേറെ പദങ്ങള്‍ ഇസ്‌ലാമിക സാഹിത്യങ്ങളില്‍ ഭാഷാന്തരം ചെയ്യാതെ തത്‌സമ പദങ്ങളായിട്ടാണ് മിക്ക ഭാഷകളിലും ഉപയോഗിച്ചു വരുന്നത്.