ക്രിസ്തുവിന് മുമ്പ് 6ാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ ഉദയം ചെയ്തതാണ് ബുദ്ധമതം. സാന്മാര്‍ഗിക തത്ത്വങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിയ ബുദ്ധ ദര്‍ശനം മനുഷ്യന്റെ മാനസിക വികാസത്തിനും മനഃശാസ്ത്രത്തിനും പരിഗണന നല്‍കുന്നു. ബുദ്ധമത വിശ്വാസിക്ക് മനസ്സാണ് പ്രധാനം. സ്വാഭാവികമായും മനസ്സ് പരിശുദ്ധമാണ്. എല്ലാ ചെയ്തികളും അതിന്റെ പ്രതിഫലനമാണ്. സത്കര്‍മങ്ങളും ദുഷ്‌കര്‍മങ്ങളും ചിന്തയുടെ ആവിഷ്‌കാരങ്ങളാണ്.
നേപ്പാളിനടുത്തുള്ള കപിലവസ്തുവിലെ ശാക്യ വംശത്തില്‍ ബി സി 567ലാണ് ബുദ്ധമത സ്ഥാപകനായ ശ്രീ ബുദ്ധന്റെ ജനനം. സിദ്ധാര്‍ഥന്‍ എന്നാണ് യഥാര്‍ഥ പേര്. വര്‍ധമാന മഹാവീരനും സിദ്ധാര്‍ഥനും സമകാലികരാണ്. ജീവജാലങ്ങളെ പിന്തുടരുന്ന രോഗം, വാര്‍ധക്യം, മരണം എന്നീ സത്യങ്ങള്‍ സിദ്ധാര്‍ഥനെ ആകുലനാക്കി. ജീവിതത്തില്‍ വിരക്തി പൂണ്ട് സിദ്ധാർഥന്‍ ഏകാന്തനായി ദിവസങ്ങള്‍ തള്ളി നീക്കി. ഒരു രാത്രിയില്‍ ഭാര്യയെയും കുഞ്ഞിനെയും കൊട്ടാരത്തില്‍ വിട്ട് യാത്രയായ സിദ്ധാര്‍ഥന്‍ തന്റെ രാജകീയ വസ്ത്രങ്ങള്‍ ഉപേക്ഷിച്ചു, ഭിക്ഷുവിന്റെ വേഷം ധരിച്ച് ജീവിത രഹസ്യങ്ങള്‍ തേടി സത്യാന്വേഷണ യാത്രതിരിച്ചു.
ആസക്തിയില്‍ മുഴുകിയ മനസ്സിന് സത്യത്തെ കണ്ടെത്താന്‍ സാധ്യമല്ലെന്നും തപസ്യര്‍ക്ക് മാത്രമേ ലക്ഷ്യ പ്രാപ്തി കൈവരികയുള്ളു എന്നും അദ്ദേഹം മനസ്സിലാക്കി. പ്രലോഭനങ്ങളഖിലവും ഉപേക്ഷിച്ച ധ്യാനം ജീവിത രഹസ്യങ്ങളെക്കുറിച്ച് അവസാനം അഗാധമായ അറിവ് നേടി ബുദ്ധനായിത്തീര്‍ന്നു.
വൈദിക മതത്തിനെതിരെയുള്ള ഒരു കാലപമായിരുന്നു ബുദ്ധമതം. ബ്രാഹ്മണ മേധാവിത്വം കൊണ്ട് പൊറുതിമുട്ടിയ ഒരു സാമൂഹ്യ സാഹചര്യത്തിലാണ് ബുദ്ധമതം രംഗപ്രവേശനം ചെയ്യുന്നത്. ബ്രാഹ്മണ്യം ജന്മസിദ്ധമാണെന്ന വാദത്തെ ശ്രീ ബുദ്ധന്‍ നിരാകരിച്ചു. കര്‍മമാണ് ഒരാളെ ഉത്തമനാക്കുന്നതെന്ന് അദ്ദേഹം സിദ്ധാന്തിച്ചു. ധര്‍മം, ബുദ്ധം, സഘം ഇവയാണ് ബുദ്ധ മതത്തിലെ ത്രി രത്‌നങ്ങള്‍.
പ്രപഞ്ചം മുഴുവന്‍ ദു:ഖമാണ്. ദീര്‍ഘകാലത്തെ ധ്യാനത്തിന് ശേഷമാണ് ദു:ഖ കാരണം അദ്ദേഹത്തിന് ഗ്രാഹ്യമായത് ദു:ഖത്തെ നിര്‍മാര്‍ജനം ചെയ്യാനുള്ള മാര്‍ഗങ്ങളും ബുദ്ധന്‍ നിര്‍ദേശിക്കുന്നുണ്ട്. ഈ നാല് തത്ത്വങ്ങള്‍ ആര്യ സത്യങ്ങള്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. ജനനം തന്നെ ദു:ഖമാണ്. വാര്‍ധക്യം, രോഗം, മരണം, അസ്വാസ്ഥ്യം എന്നിവയും ദു:ഖമാണ്. ഇഷ്ടമുള്ളവയില്‍ നിന്നും വേര്‍പാട്, സഫലീകരിക്കാത്ത അഭിലാഷം എന്നിവ ദു:ഖത്തിലേക്ക് നയിക്കുന്നു. ഇതാണ് ദു:ഖത്തെ വിശദീകരിച്ചു കൊണ്ടുള്ള ആര്യ സത്യം.
ദു:ഖത്തിന്റെ കാരണം തൃഷ്ണയാണ്. ദു:ഖം ഇല്ലാതാക്കാന്‍ തൃഷ്ണ അവസാനിപ്പിക്കണം. തൃഷ്ണയാണ് പുനര്‍ ജന്മ ചക്രത്തില്‍ മനുഷ്യനെ ബന്ധിപ്പിക്കുന്ന പ്രധാന കണ്ണി. തൃഷ്ണ സ്വയം ഒരു ദോഷമല്ല. അധര്‍മ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരകമാവുന്ന തൃഷ്ണയാണ് പരിത്യജിക്കേണ്ടത്.
തൃഷ്ണയെ തീര്‍ത്തും പിഴുതെറിയുന്നത് ദു:ഖത്തില്‍ നിന്ന് മനുഷ്യനെ മുക്തനാക്കും.
തൃഷ്ണ എങ്ങനെ ഉന്മൂലനം ചെയ്യുമെന്ന് നിര്‍ദേശിക്കുകയാണ് നാലാമത്തെ ആര്യ സത്യം. ലോഭം, ദോഷം, മോഹം എന്നിവ നശിപ്പിക്കുന്നതിലൂടെ മാത്രമേ നിര്‍വാണം പ്രാപിക്കാന്‍ കഴിയൂ. തൃഷ്ണയെ ഒതുക്കാനുള്ള ഒരു മധ്യമ മാര്‍ഗമാണ് നാലാമത്തെ ആര്യ സത്യം വെളിപ്പെടുത്തുന്നത്. ഇത് അഷ്ടാംഗ മാര്‍ഗമെന്ന് അറിയപ്പെടുന്നു.
മാനസികവും കായികവുമായ സവിശേഷ ബുദ്ധമത ചര്യകളാണ് അഷ്ടാംഗ മാര്‍ഗം. ശരിയായ ജ്ഞാനം. ശരിയായ സങ്കല്‍പം, ശരിയായ വാക്യം, ശരിയായ കര്‍മം, ശരിയായ സമാധി എന്നിവയാണ് തൃഷ്ണയെ നശിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ എന്നിങ്ങനെ ബുദ്ധമതം ദര്‍ശിക്കുന്നു.
കര്‍മഫലത്തെക്കുറിച്ചുള്ള ബുദ്ധമത വിശ്വാസം ഹിന്ദു മതത്തിനോട് തുല്യമാണ്. കര്‍മത്തില്‍ കൂടി ലക്ഷ്യം കൈവരിക്കാനാണ് ബുദ്ധന്‍ ആഹ്വാനം ചെയ്യുന്നത്. ലാഭമോഹം കൂടാതെ കര്‍മം ചെയ്യാനാണ് ബുദ്ധന്‍ പഠിപ്പിക്കുന്നത്.
ശ്രീ ബുദ്ധന്റെ മരണ ശേഷം 100 കൊല്ലം കഴിഞ്ഞാണ് ബുദ്ധമതത്തില്‍ പിളര്‍പ്പുണ്ടാവുന്നത്. വൈശാലിയിലെ രണ്ടാം ബുദ്ധമത സമ്മേളനത്തില്‍ ഉടലെടുത്ത ഈ ചേരിതിരിവ് അശോക ചക്രവത്തിയുടെ കാലത്ത് ബുദ്ധമതത്തിനുണ്ടായ അഭൂതപൂര്‍വമായ വളര്‍ച്ച ശമിപ്പിച്ചു. മഹായാനം എന്ന പേരില്‍ മറ്റൊരു വിഭാഗം കൂടി ഉടലെടുത്തു. മാതൃസംഘം ഹീനയാനം എന്ന പേരിലും അറിയപ്പെട്ടു. ബുദ്ധമതത്തില്‍ ഇവ കൂടാതെ വേറെയും നിരവധി ഉപ വിഭാഗങ്ങള്‍ പില്‍ക്കാലത്ത് ഉണ്ടായി. ഥേരവാദം, സര്‍വാസതി വാദം, മാധ്യമികം, വസ്ത്രയാനം, യോഗാചാരം, വജ്രയാനം എന്നിവയാണ് പ്രധാന ഉപവിഭാഗങ്ങള്‍. ജപ്പാനിലെ സെന്‍ ബുദ്ധമതം ബുദ്ധമതത്തിന്റെ പുനരുദ്ധരിച്ച രൂപമാണ്. ബുദ്ധമതത്തിന്റെ മറ്റൊരു ശാഖയാണ് ഷിന്‍ ബുദ്ധമതം. തത്ത്വ ചിന്തയില്‍ നിന്ന് മുക്തമായ തീര്‍ത്തും ലളിതമായ സാധാരണക്കാരെ ഉദ്ദേശിച്ചു കൊണ്ടുള്ള ഒരു ശാഖയാണിത്. ബുദ്ധമത നിയമ സംഹിതകള്‍ പ്രധാനമായും 3 എണ്ണമാണ്. അവ ത്രിപിടകങ്ങള്‍(കുടകള്‍) എന്നറിയപ്പെടുന്നു. വിനയ പിടകം, സൂത്ര പിടകം, അഭിധര്‍മ പിടകം എന്നിവയാണവ.
തിബത്ത്, ചൈന, ജപ്പാന്‍, ബര്‍മ, ശ്രീലങ്ക, എന്നിവിടങ്ങളില്‍ ബുദ്ധമതത്തിന് ധാരാളം അനുയായികളുണ്ടെങ്കിലും ജന്‍മദേശമായ ഇന്ത്യയില്‍ അത് നാശോന്‍മുഖമായിരിക്കുന്നു.