അല്ലാഹുവിന്റെ സൃഷ്ടിപ്പിലെ അത്ഭുത പ്രതിഭാസമാണ് ലിംഗവ്യത്യാസമെന്നത്. മനുഷ്യരെ മാത്രമല്ല, സസ്യജന്തുജീവജാലങ്ങളെ മുഴുവന്‍ ഇണകളായിട്ടാണ് സൃഷ്ടിച്ചിരിക്കുന്നത് എന്ന് അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ പലയിടങ്ങളിലായി(36:36, 13:3) പരാമര്‍ശിച്ചിട്ടുണ്ട്. സചേതനവും അചേതനവുമായ എല്ലാ വസ്തുക്കളിലും 'ഇണകള്‍' എന്ന പ്രതിഭാസം പ്രകടമാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. 'എല്ലാ വസ്തുക്കളിലും നാം ഇണകളെ സൃഷ്ടിച്ചു' (51:49).
മനുഷ്യരെ ആണും പെണ്ണുമായി സൃഷ്ടിച്ച അല്ലാഹു ഇരുവര്‍ഗത്തിനും സവിശേഷമായ പ്രകൃതിയും സ്വഭാവങ്ങളുമാണ് നല്‍കിയിരിക്കുന്നത്. പ്രകൃതിയിലും സ്വഭാവസിദ്ധികളിലുമുള്ള ഈ വൈജാത്യങ്ങള്‍ പരസ്പരം കലഹിക്കാനല്ല. പരസ്പര പൂരകമായി അവ ഉപയോഗപ്പെടുത്തി മുന്നോട്ടു പോകുമ്പോള്‍ മാത്രമേ ജീവിതത്തിനുതന്നെ അര്‍ഥവും പ്രസക്തിയുമുണ്ടാവുന്നുള്ളൂ. പുരുഷനും സ്ത്രീയും തമ്മില്‍ ജീവശാസ്ത്രപരവും വൈകാരികവുമായി സൃഷ്ടിപ്പില്‍ തന്നെ പ്രകടമാകുന്ന വ്യത്യാസങ്ങള്‍ സമീകരിച്ച് ലിംഗസമത്വമെന്ന ആശയം അശാസ്ത്രീയവും മനുഷ്യന്റെ നൈസര്‍ഗികതയ്ക്ക് വിരുദ്ധവുമാണ്. പൗരുഷത്തിന്റെ ശാരീരികശക്തിയും മനക്കരുത്തും സ്‌ത്രൈണതയുടെ തരളവികാരപരതയും വിധേയത്വവും സംലയിക്കുകയും സംയോജിക്കുകയും ചെയ്യുമ്പോഴാണ് ദാമ്പത്യജീവിതത്തിന് അഴകും അര്‍ഥവും കൈവരുന്നത്. അല്ലാഹു പറയുന്നു: 'ആണിനെയും പെണ്ണിനെയും സൃഷ്ടിച്ച രീതിയെത്തന്നെ സത്യം. തീര്‍ച്ചയായും നിങ്ങളുടെ പരിശ്രമം വിഭിന്ന രൂപത്തിലുള്ളതാകുന്നു' (92:3,4).
പുരുഷനെപ്പോലെ സാമൂഹികജീവിതത്തിന്റെ സര്‍വ മേഖലകളിലും സ്ത്രീയുടെ പ്രകൃതിപരമായ സവിശേഷതകള്‍ പരിഗണിക്കാതെ വിഹരിക്കുവാന്‍ അനുവാദവും സ്വാതന്ത്ര്യവുമുണ്ടാവുമ്പോള്‍ മാത്രമേ ലിംഗസമത്വം പുലരുന്നുള്ളൂ എന്ന കാഴ്ചപ്പാട് ഇസ്‌ലാമിലില്ല. മറിച്ച്, സ്ത്രീയുടെ പ്രകൃതിപരമായ പ്രത്യേകതകളും ജൈവികവും വൈകാരികവുമായ സവിശേഷതകളും പരിഗണിച്ചു കൊണ്ട് തന്നെ സ്രഷ്ടാവ് അവള്‍ക്ക് അര്‍ഹമായ പരിഗണനയും പദവിയും നല്കി ആദരിക്കുകയാണ് ചെയ്യുന്നത്.
തന്റെ ഇണയായ സ്ത്രീയെയും അവളില്‍ നിന്നുണ്ടാകുന്ന സന്താനങ്ങളെയും സംരക്ഷിക്കേണ്ട ബാധ്യത പുരുഷനിലാണ്. പുരുഷനെ അല്ലാഹു ഏല്പിച്ച ഈ ഉത്തവാദിത്വമാണ് അവനെ കുടുംബത്തിന്റെ നായകനാക്കുന്നത്. സ്ത്രീയെ അടിച്ചമര്‍ത്തി സ്വേച്ഛാധിപതിയെപ്പോലെ വാഴാനല്ല ഇത്. കൂടിയാലോചനകളിലൂടെയും കൂട്ടുത്തരവാദിത്വത്തോടെയും പരസ്പരം പരിഗണിച്ചും സഹകരിച്ചും ജീവിക്കുമ്പോഴാണ് ബന്ധങ്ങള്‍ ഊഷ്മളമാകുന്നത്. അല്ലാഹു പറയുന്നു: 'പുരുഷന്മാര്‍ സ്ത്രീകളുടെമേല്‍ നായകത്വമുള്ളവരാണ്. അല്ലാഹു ചിലരെ ചിലരെക്കാള്‍ ശ്രേഷ്ഠന്മാരാക്കുകയും അവര്‍ (പുരുഷന്മാര്‍) അവരുടെ ധനം ചെലവു ചെയ്യുകയും ചെയ്യുന്ന കാരണത്താല്‍' (4:34).
പുരുഷന്റെ സ്ഥാനവും പ്രകൃതിപരമായ സവിശേഷതകളും മുന്‍നിര്‍ത്തി നായകനെന്ന ഉത്തരവാദിത്വം നല്‍കി അവനെ കുടുംബകാര്യത്തില്‍ അല്ലാഹു പരിഗണിച്ചപ്പോള്‍ സ്ത്രീയെ അവഗണിച്ചില്ല. അല്ലാഹു പറഞ്ഞു: 'സ്ത്രീകള്‍ക്ക് ബാധ്യതകളുള്ളതുപോലെ, മാന്യമായ രീതിയില്‍ അവകാശങ്ങളുമുണ്ട്. (എന്നാല്‍) പുരുഷന്മാര്‍ക്ക് അവരെക്കാള്‍ ഒരുപടി ശ്രേഷ്ഠതയുണ്ട് (2:228). പുരുഷന്‍ സ്ത്രീയെപ്പോലെയല്ല (3:36) എന്ന ഖുര്‍ആന്‍ പറഞ്ഞുതരുന്ന അടിസ്ഥാന തത്വമുള്‍ക്കൊള്ളുമ്പോള്‍ ലിംഗനീതിയില്‍ അധിഷ്ഠിതമാണ് ഇസ്‌ലാമിന്റെ സമീപനമെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. സ്ത്രീയുടെ സൃഷ്ടിപ്പിലെ പ്രത്യേകതകളും സവിശേഷമായ ഭാവങ്ങളും പരിഗണിച്ച് അവളോട് പെരുമാറ്റം കൂടുതല്‍ മാന്യമാക്കാന്‍ പുരുഷനോട് വിശേഷിച്ച് -ദാമ്പത്യ ജീവിതത്തില്‍- ഭര്‍ത്താവിനോട് പ്രവാചകന്‍(സ്വ) കല്പിക്കുന്നു. 'അബൂഹുറയ്‌റ(റ) പറയുന്നു: നബി(സ്വ) നിര്‍ദേശിച്ചു. ഒരു സത്യവിശ്വാസിയും വിശ്വാസിനിയെ വെറുക്കരുത്. അഥവാ അവളുടെ ഒരു സ്വഭാവം അനിഷ്ടകരമായി തോന്നിയാല്‍ മറ്റൊന്ന് ആനന്ദകരമായിരിക്കും' (മുസ്‌ലിം).
ഇസ്‌ലാമില്‍ സ്ത്രീ പുരുഷവിവേചനപരമായ വിധി തീര്‍പ്പുകള്‍ക്ക് ഇട നല്‍കുന്നവിധം കര്‍മ മേഖലകളില്‍ വേര്‍തിരിവുകള്‍ ചൂണ്ടിക്കാണിക്കാനാവില്ല. സ്വര്‍ഗമെന്ന ലക്ഷ്യം നേടാനായി പുരുഷന്നും സ്ത്രീക്കും നീതി പൂര്‍വകമായ അവസരമൊരുക്കുന്ന കര്‍മഭൂമിയാണ് ഐഹികജീവിതം. അല്ലാഹു പറയുന്നു: 'ആണില്‍ നിന്നോ പെണ്ണില്‍ നിന്നോ സത്യവിശ്വാസത്തോടെ സത്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്നവരാരോ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കും. ഒരു തരിമ്പുപോലും അവരോട് അനീതിചെയ്യപ്പെടുകയില്ല' (4:124).