വികാര വിക്ഷോഭങ്ങള്‍ക്ക് വശംവദനായി എടുത്തുചാടി പ്രഖ്യാപിക്കേണ്ട ഒന്നല്ല വിവാഹമോചനം. ബോധപൂര്‍വവും വിവേകപൂര്‍ണവുമായ അവസ്ഥയിലാണ് വിവാഹമോചനം നടക്കേണ്ടത്. അതുകൊണ്ടുതന്നെ കോപിഷ്ഠന്‍, ലഹരിബാധിതന്‍, നിര്‍ബന്ധിതന്‍, രോഗികള്‍, ബുദ്ധിഭ്രംശം വന്ന വയോവൃദ്ധര്‍ എന്നിവരുടെയൊന്നും വിവാഹമോചനം മതദൃഷ്ട്യാ സാധൂകരിക്കപ്പെടുന്നതല്ല. കോപാന്ധത കൊണ്ട് സമനില തെറ്റിയ ഒരാള്‍ ഭാര്യയെ വിവാഹമോചനം ചെയ്തിരിക്കുന്നു എന്നു പറഞ്ഞാല്‍ അത് സാധൂകരിക്കപ്പെടാവതല്ലെന്ന് റസൂല്‍(സ്വ) പറഞ്ഞിട്ടുണ്ട്. ആഇശ(റ) പറയുന്നു: നബി(സ്വ) പറഞ്ഞു. കോപത്തില്‍ ത്വലാഖോ അടിമമോചനമോ സാധ്യമാകുകയില്ല (അഹ്മദ്, സുനനു അബീദാവൂദ് 2195).
ലഹരിബാധയാല്‍ ബുദ്ധി നഷ്ടപ്പെട്ട ഒരാള്‍ സുബോധമില്ലാത്ത അവസ്ഥയില്‍ ത്വലാഖ് ചൊല്ലിയാല്‍ അത് അംഗീകരിക്കപ്പെടുകയില്ല. ലഹരി ബാധിതനായിക്കൊണ്ട് നമസ്‌കരിക്കരുതെന്ന് വിധിച്ചിട്ടുള്ളത്, വിളിച്ചുപറയുന്ന വാക്കുകളെക്കുറിച്ച് ബോധമില്ലാത്തതുകൊണ്ടാണ്. മതനിയമങ്ങള്‍ ബാധകമാകുന്നതും ബുദ്ധിയും ബോധവുമുള്ളവര്‍ക്കാണ്. ബുദ്ധിയില്ലാതെ പറയുന്ന വാക്കുകള്‍ക്ക് നിയമസാധുതയില്ലാത്തതിനാല്‍ ഭ്രാന്തന്റെയും ലഹരിബാധിതന്റെയും വിവാഹമോചനം അബോധാവസ്ഥയില്‍ സാധൂകരിക്കപ്പെടാവതല്ലെന്ന് യഹ്‌യബ്‌നുസഈദ്, ഹുമൈദുബ്‌നു അബ്ദുര്‍റഹ്മാന്‍, റബീഅ്, അബൂസൗര്‍, ശാഫിഈ തുടങ്ങിയവരെല്ലാം അഭിപ്രായപ്പെട്ടിരിക്കുന്നു. ലഹരിബാധിതനായി തന്റെ ഭാര്യയെ ത്വലാഖ് ചെയ്ത ഒരുത്തനെ ഉമറുബ്‌നു അബ്ദുല്‍അസീസിന്റെ അടുക്കല്‍ കൊണ്ടുവരികയുണ്ടായി. ബുദ്ധിയില്ലാതെ ചെയ്തതാണെന്ന് അയാളെക്കൊണ്ട് ശപഥം ചെയ്യിച്ചു. ഭാര്യയെ മടക്കിയെടുപ്പിച്ചു. ശിക്ഷയായി അടിയും നല്‍കി.
മറ്റാരുടെയെങ്കിലും നിര്‍ബന്ധത്തിനും സമ്മര്‍ദത്തിനും വഴങ്ങി ഒരാള്‍ തന്റെ ഭാര്യയെ വിവാഹമോചനം ചെയ്താല്‍ അത് സാധുവാകുകയില്ല. ദമ്പതികള്‍ക്കിടയില്‍ പറഞ്ഞുതീര്‍ക്കാവുന്നതോ പരിഹരിക്കാവുന്നതോ ആയ ചെറിയ പ്രശ്‌നങ്ങളെ പര്‍വതീകരിച്ച് ദമ്പതികള്‍ക്കിടയിലുള്ള പിണക്കത്തെ വിവാഹമോചനത്തിലേക്ക് എത്തിക്കുന്ന വിധം മാതാപിതാക്കളോ ബന്ധുവീട്ടുകാരോ നിര്‍ബന്ധിക്കുന്ന അവസ്ഥയുണ്ടാവാറുണ്ട്. ഇപ്രകാരം നിര്‍ബന്ധിതനായി മൊഴിചൊല്ലിയാല്‍ അത് സാധുവാകുകയില്ല എന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്.
അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ) പറയുന്നു: നബി(സ്വ) പറഞ്ഞു: എന്റെ സമുദായത്തിന് അബദ്ധം, മറവി, നിര്‍ബന്ധിതാവസ്ഥ എന്നിവയ്ക്ക് അല്ലാഹു കുറ്റമില്ലാതാക്കിയിരിക്കുന്നു. (ബുലൂഗുല്‍മറാം പേജ് 323). ഇമാം മാലിക്, ശാഫിഈ, അഹ്മദ് തുടങ്ങിയവര്‍ ഈ അഭിപ്രായക്കാരാണ്. എന്നാല്‍ നിര്‍ബന്ധിതന്റെ ത്വലാഖ് സാധുവാകുമെന്നാണ് അബൂഹനീഫ(റ)യുടെ അഭിപ്രായം.
വാര്‍ധക്യത്തിന്റെ അവശതയില്‍ സുബോധമില്ലാതെ കഴിയുന്നവരും ബുദ്ധിഭ്രംശം വന്നുപെട്ട രോഗികളും ബോധമില്ലാതെ മൊഴിചൊല്ലിയാല്‍ അത് അംഗീകരിക്കപ്പെടില്ല. എന്നാല്‍ തമാശയായി ഒരാള്‍ തന്റെ ഭാര്യയെ ത്വലാഖ് ചൊല്ലിയാല്‍ അംഗീകരിക്കപ്പെടും. അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം ചെയ്യപ്പെടുന്ന ഹദീസ് ഇപ്രകാരമാണ്. 'മൂന്നു കാര്യങ്ങളില്‍ കളിയും കാര്യവും കാര്യമാകുന്നു. വിവാഹം, ത്വലാഖ്, തിരിച്ചെടുക്കല്‍ (സുനനുത്തിര്‍മിദി 7184).