Skip to main content

ആത്മീയ ചികിത്‌സയും ഖുര്‍ആന്‍ തെറാപ്പിയും

വിശുദ്ധ ഖുര്‍ആന്‍ ഓതി ഊതിയ നൂല്‍ ദേഹത്തു കെട്ടുക, ഖുര്‍ആന്‍ അക്ഷരങ്ങള്‍ എഴുതി കലക്കിക്കുടിക്കുക മുതലായവയും മുസ്‌ലിംകള്‍ക്കിടയില്‍ കണ്ടുവരുന്ന ആത്മീയ ചികിത്‌സകളാണ്. എന്നാല്‍ തെറ്റും നിരര്‍ഥകവുമാണ്. വിശുദ്ധ ഖുര്‍ആന്‍ സൂക്ഷ്മത പുലര്‍ത്തുന്നവര്‍ക്ക് സന്‍മാര്‍ഗമാണ് (2:2). ജീവിച്ചിരിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്കാനുള്ളതാണ് (36:70). ഖുര്‍ആന്‍ ഏറ്റവും ചൊവ്വായതിലേക്ക് മാര്‍ഗ ദര്‍ശനം ചെയ്യുന്നു (17:9). ഇതെല്ലാമാണ് ഖുര്‍ആനിന്റെ അവതീര്‍ണ ലക്ഷ്യം. അത് ഭൗതിക ലക്ഷ്യങ്ങള്‍ക്കുപയോഗിച്ചു കൂടാ. നബിയോ സ്വഹാബിമാരോ ഖുര്‍ആന്‍ ചികിത്‌സക്കുപയോഗിച്ചിട്ടില്ല. ആയതിനാല്‍ അത് നിഷിദ്ധമാണ്.

എഴുതിക്കെട്ടിയും കലക്കിക്കുടിച്ചും ചികിത്‌സിക്കുവാന്‍ വേണ്ടി ഖുര്‍ആന്‍ ശമന(ശിഫാ)മാണ് എന്ന വിശുദ്ധ ഖുര്‍ആന്‍ വചനം ദുര്‍വ്യാഖ്യാനം ചെയ്യപ്പെടാറുണ്ട്. അല്ലാഹു മനുഷ്യന്ന് കനിഞ്ഞേകിയ ഒരു ഭക്ഷ്യവസ്തുവാണ് തേന്‍. അതില്‍ ദൃഷ്ടാന്തമുണ്ട്. അതില്‍ രോഗശമനമുണ്ട് (16:69) എന്ന് ഖുര്‍ആനില്‍ പറയുന്നു. വിശുദ്ധ ഖുര്‍ആനുമായി ബന്ധപ്പെടുത്തിയും അതില്‍ ശമനം(ശിഫാഅ്) ഉണ്ട് എന്ന് പറഞ്ഞിട്ടുണ്ട്. തേന്‍ ഒരു ഭൗതിക വസ്തു. അതിലടങ്ങിയ പോഷണവും ശമനവും(ശിഫാഅ്) മനുഷ്യന്‍ കണ്ടുപിടിച്ചു. അല്ലാഹു ആ അനുഗ്രഹം ഉണര്‍ത്തിക്കൊണ്ട് അതിലെ ദൃഷ്ടാന്തം ഊന്നിപ്പറഞ്ഞു. ഖുര്‍ആനിനെ പറ്റി പറഞ്ഞതിങ്ങനെയാണ്. ''വിശ്വാസികള്‍ക്ക് ശമനവും കാരുണ്യവുമായുള്ളത് ഖുര്‍ആനിലൂടെ നാം അവതരിപ്പിച്ചു കൊണ്ടിരിക്കുന്നു'' (17:82). മറ്റൊരായത്തില്‍ ഈ ആശയം ഒന്നുകൂടി വിശദീകരിക്കുന്നു. ''മനുഷ്യരെ, നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സദുപദേശവും മനസുകളിലുള്ള രോഗത്തിന് ശമനവും നിങ്ങള്‍ക്ക് വന്നു കിട്ടിയിരിക്കുന്നു (10:57). ഹൃദ്രോഗ വിഭാഗവുമായി (Cardiology) ബന്ധപ്പെട്ട ചികിത്‌സയല്ല ഇപ്പറഞ്ഞത്. മനസ്സ് മലീമസമാകുന്ന വിശ്വാസ വൈകല്യങ്ങളും സ്വഭാവ ദൂഷ്യങ്ങളുമാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. ദുഷ്ട മനസ്സിനെ ശുദ്ധമാക്കി നിര്‍മല മനസ്‌കരാക്കാന്‍ ഉതകുന്നതാണ് ഖുര്‍ആനിലെ ഉപദേശങ്ങള്‍ എന്നതാണിതിനര്‍ഥം. കപട വിശ്വാസികളെപ്പറ്റി ഖുര്‍ആന്‍ പറയുന്നു: ''അവരുടെ മനസ്സുകളില്‍ ഒരു തരം രോഗമുണ്ട്. തന്നിമിത്തം അല്ലാഹു അവര്‍ക്ക് രോഗം വര്‍ധിപ്പിക്കുകയും ചെയ്തു (2:10). ഇത് മാനസിക രോഗത്തെപ്പറ്റിയല്ല; വിശ്വാസ വഞ്ചനയെപ്പറ്റിയാണ്. ആയത്തിന്റെ സമാപനം ഇങ്ങനെ 'കള്ളം പറഞ്ഞു കൊണ്ടിരിക്കുന്നതിന്റെ ഫലമായി വേദനയേറിയ ശിക്ഷയാണ് അവര്‍ക്കുണ്ടാവുക'.

മന്ത്രവാദവും മന്ത്രിച്ചൂതലും പ്രൊഫഷണലായി നടത്തപ്പെടുകയും വിശ്വാസികള്‍ പൂര്‍ണമായും ചൂഷണം ചെയ്യപ്പെടുകയും ചെയ്തിരുന്ന ഒരു ഇരുളടഞ്ഞ കാലഘട്ടത്തില്‍ നിന്ന് വിശ്വാസജീവിതത്തിലേക്ക് കേരള മുസ്‌ലിംകള്‍ ആനയിക്കപ്പെട്ടത് പതിറ്റാണ്ടുകളുടെ പ്രവര്‍ത്തനങ്ങളിലൂടെയാണ്. മാറിയ സമൂഹത്തിലേക്ക് ഖുര്‍ആന്‍ ചികിത്‌സയുടെ പ്രൊഫഷണലിസത്തിലേക്ക് ചിലര്‍ ചാനല്‍ പരിപാടികളിലൂടെയും അനുബന്ധ പുസ്തകക്കച്ചവടത്തിലൂടെയും ഇറങ്ങിത്തിരിച്ചതാണ് സമകാലിക വസ്തുത. ഏതു ദുരിതത്തിനും ആശ്വാസമായും ഏതു സൗഭാഗ്യത്തിനും ഹേതുവായും അയാള്‍ നിര്‍ദേശിക്കുന്ന ആയത്തുകള്‍ അയാള്‍ നിര്‍ദേശിക്കുന്നത്ര തവണ ഓതി അയാള്‍ തന്നെ നിര്‍ദേശിക്കുന്ന ചില കര്‍മങ്ങള്‍ ചെയ്താല്‍ ഫലം സുനിശ്ചിതമാണത്രേ! ഒരു ഉദാഹരണം പറയാം. വിശുദ്ധ ഖുര്‍ആന്‍(86:8) ഓതിക്കൊണ്ടിരുന്നാല്‍ നഷ്ടപ്പെട്ട മുതല്‍ തിരിച്ചു കിട്ടുമത്രേ! ഇതുപോലെ നൂറുക്കണക്കിന് ആയത്തുകള്‍! ഇത് വിശുദ്ധ ഖുര്‍ആനിനെ അവഹേളിക്കലാണ്. മുഹമ്മദ് നബി(സ്വ)യെ കളിയാക്കലാണ്. ഇസ്‌ലാമിനെ ഇതര മതസ്ഥര്‍ക്കിടയില്‍ തെറ്റായി ചിത്രീകരിക്കലാണ്. അല്ലാഹുവിന്റെ മഹത്വവും ഉയിര്‍ത്തെഴുന്നേല്പിന്റെ യാഥാര്‍ഥ്യവും വെളിപ്പെടുത്തുന്ന ആയത്ത് കേവലഭൗതിക ആവശ്യത്തിന് ദുരുപയോഗപ്പെടുത്തുകയോ. നന്മയില്‍ നിന്നുള്ള തിരിച്ചു നടത്തമാണിത്. 

'റുഖ്അ ശര്‍ഇയ്യ' എന്ന പേരില്‍ മാനസിക രോഗിയെ ഖുര്‍ആന്‍ സിഡി കേള്‍പ്പിച്ച് മാരകമായി അടിച്ചു പരുക്കേല്പിച്ച്  ഖുര്‍ആന്‍ തെറാപ്പി നടത്തിയത് വര്‍ത്തമാനകാല സംഭവങ്ങളിലൊന്നാണ്. വിശുദ്ധ ഖുര്‍ആനിലെ 113,114 സൂറകള്‍ രക്ഷ തേടുന്നത് എന്ന അര്‍ഥത്തില്‍ 'മുഅവ്വദതാന്‍' എന്ന് പ്രവാചകന്‍ പരിചയപ്പെടുത്തുകയും അത് പല സന്ദര്‍ഭങ്ങളിലും ഓതാനും ശരീരത്തില്‍ ഊതാനും പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്. ഇത് സ്വയം ചെയ്യേണ്ടതാണ്. പ്രൊഫഷണനല്ല. മൗലവി ഒരുങ്ങി വരേണ്ടതില്ല. ഈ ആയത്തുകള്‍ ഉള്‍കൊള്ളുന്ന ആശയം രക്ഷ തേടലാണുതാനും. പ്രവാചകന്‍ പഠിപ്പിച്ചതിലപ്പുറം ഒരു ഖുര്‍ആന്‍ തെറാപ്പി ഉണ്ടാക്കാന്‍ ഒരാള്‍ക്കും അവകാശമില്ല എന്ന് നാം തിരിച്ചറിയുക. 

പിന്നെ ശിര്‍ക്ക് കലരാത്ത ദിക്‌റുകളും ദുആകളും മന്ത്രമാക്കാം. അതു പ്രൊഫഷനല്ല. ശിര്‍ക്കില്ലാത്ത മന്ത്രങ്ങള്‍ക്ക് വിരോധമില്ല (മുസ്‌ലിം). ദിക്‌റുകളും ദുആകളും സത്യവിശ്വാസിയുടെ ജീവിതക്രമത്തിന്റെ ഭാഗമാണ്. ഉറങ്ങുന്നതും ഉണരുന്നതും ദിക്‌റും ദുആയോടും കൂടിയാവണമെന്ന പ്രവാചക നിര്‍ദേശം ചിന്താര്‍ഹമാണ്. ഇതൊരു ചികിത്‌സാരീതിയല്ല. 
 

Feedback
  • Friday Nov 22, 2024
  • Jumada al-Ula 20 1446