Skip to main content

ചികിത്‌സയും അന്ധവിശ്വാസവും

രോഗചികിത്‌സാ വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ അന്ധവിശ്വാസപരമായ കാര്യങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. മാരകമായ പല രോഗങ്ങളും ചെകുത്താന്‍ ഉണ്ടാക്കുന്നതാണെന്ന തെറ്റായ ധാരണയ്ക്ക് സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട്. വസൂരി, കോളറ തുടങ്ങിയ മാരകരോഗങ്ങള്‍ തട്ടുചെകുത്താന്റെ സൃഷ്ടിയാണെന്ന് വിശ്വസിച്ച് അതിന്റെ പ്രതിവിധിയായി ചൊട്ടുവിദ്യകളും കൂട്ടബാങ്കുവിളിയുമായി ഒരു തലമുറ കഴിഞ്ഞു പോയി. അവരെ ബോധ്യപ്പെടുത്താനായില്ലെങ്കിലും പിന്‍തലമുറകള്‍ക്ക് പൂര്‍ണബോധ്യം വന്നു; അത് ചെകുത്താനല്ലെന്ന്. രോഗാണു പരത്തുന്ന രോഗവും പ്രതിവിധികളും തികച്ചും ഭൗതികമായ കാര്യങ്ങളാണെന്ന്. എന്നാല്‍ മാനസിക രോഗവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും പൈശാചികമാണെന്നു ധരിക്കുകയും അവരെ ചികിത്‌സിക്കാന്‍ ചില ആത്മീയ ചികിത്‌സകരെ സമീപിക്കുകയും ചെയ്യുന്നത് ഇന്നും കാണാം. ഇസ്‌ലാമിന്റെ വ്യക്തമായ കാഴ്ച്ചപ്പാട് നാം തിരിച്ചറിയണം. കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായി ഗുണം ചെയ്യാന്‍ ആര്‍ക്കും കഴിയില്ല എന്ന പോലെത്തന്നെ രോഗമുണ്ടാക്കാനും ഒരു ശക്തിക്കും കഴിയില്ല; അല്ലാഹുവിനല്ലാതെ. പിശാച് എന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍ ശാരീരിക-മാനസിക രോഗങ്ങള്‍ ഉണ്ടാക്കാന്‍ പിശാചിനു കഴിയില്ല. ദുര്‍ബോധനത്തിലൂടെ വഴിപിഴപ്പിക്കുക മാത്രമാണ് പിശാചിന്റെ പണി (14:22). അതിനെ നേരിടേണ്ടത് സത്യവിശ്വാസവും ധര്‍മബോധവും കൊണ്ടാണ്. ചാത്തന്‍, കാളി, പ്രേതം തുടങ്ങിയവയെല്ലാം അയഥാര്‍ഥങ്ങളാണ്. മുസ്‌ലിമിന് അത്തരത്തിലുള്ളതില്‍ വിശ്വസിക്കാന്‍ പാടില്ല. 

ആധുനിക ആശുപത്രികള്‍ക്ക് സമാന്തരമായി വിശ്വാസചൂഷണം ചെയ്ത് ആത്മീയ ചികിത്‌സ നടത്തുന്ന കോമരങ്ങള്‍, തങ്ങന്‍മാര്‍, സിദ്ധന്‍മാര്‍, രാശിക്കാര്‍ തുടങ്ങിയവരൊക്കെ ചെയ്യുന്നത് തട്ടിപ്പും ആത്മീയ ചൂഷണവുമാണ്. രോഗത്തിന് ഭൗതികമായി ചികിത്‌സിക്കുക. ആത്മീയമായി പ്രാര്‍ഥിക്കുക. ഇതിലപ്പുറമുള്ളതെല്ലാം ഇസ്‌ലാമിനന്യമാണ്. ചാത്തന്‍ സേവ എന്ന പൗരാണിക അബദ്ധ ധാരണയുടെ മുസ്‌ലിം വേര്‍ഷന്‍ മാത്രമാണ് ജിന്നുസേവയും അടിച്ചിറക്കലും. മനുഷ്യപ്രകൃതിയുമായി ഒട്ടും ചേരാത്ത, നമുക്കജ്ഞാതമായ ഒരു പ്രത്യേകതരം സൃഷ്ടികളാണ് ജിന്നുകള്‍. അവര്‍ രോഗമുണ്ടാക്കുമെന്നോ രോഗം മാറ്റുമെന്നോ അല്ലാഹുവോ റസൂലോ പഠിപ്പിച്ചിട്ടില്ല. 
 

Feedback
  • Friday Nov 22, 2024
  • Jumada al-Ula 20 1446