Skip to main content

മതിപ്പുകച്ചവടം, മുന്‍കൂര്‍ കച്ചവടം

മതിപ്പുകച്ചവടം

അളക്കാനോ തൂക്കാനോ കഴിയാത്ത ചരക്കുകള്‍ക്ക് മതിപ്പുവില നിശ്ചയിക്കാവുന്നതാണ്. ഇബ്‌നുഉമര്‍(റ) ഭക്ഷണസാധനങ്ങള്‍ ഉത്പാദിപ്പിക്കപ്പെടുന്ന അങ്ങാടിയുടെ മുകള്‍ ഭാഗത്ത് വെച്ച് ചരക്കുകള്‍ വാങ്ങാറുണ്ട്. ഇതു നബി(സ്വ) അറിഞ്ഞപ്പോള്‍ ചരക്ക് അവിടെ നിന്ന് നീക്കപ്പെടുന്നതിന് മുമ്പ് കച്ചവടം ചെയ്യുന്നതു വിരോധിച്ചു (ബുഖാരി). ഇത് മതിപ്പുവില നിശ്ചയിക്കുന്നതിന് പ്രമാണമാണെന്നും ഇങ്ങനെ മതിച്ചുവാങ്ങിയ വസ്തു തന്റെ ഉടമസ്ഥതയിലേക്ക് മാറ്റിയ ശേഷമല്ലാതെ കച്ചവടം ചെയ്യരുതെന്നും പണ്ഡിതന്മാര്‍ വ്യക്തമാക്കുന്നു.

മതിച്ചു വാങ്ങുന്ന ചരക്കുകളുടെ ഏകദേശ അളവും ഗുണവുമെല്ലാം കാണാനും മനസ്സിലാക്കാനും കഴിയുന്നതാകണം. തോട്ടത്തിലെ മരങ്ങളിലുള്ള ഫലങ്ങള്‍ പോലെ പുറത്തു കാണുന്നവയും കപ്പ, നിലക്കടല പോലെ ഭൂമിക്കടിയിലുള്ളവയുമെല്ലാം ഇങ്ങനെ കച്ചവടംചെയ്യാം. നാട്ടു സമ്പ്രദായമനുസരിച്ചാണ് ഈ രംഗത്തെ വിദഗ്ധരെ ഉപയോഗിച്ച് മൂല്യം മതിക്കേണ്ടത്. എന്നാല്‍ വിളവെടുപ്പുസമയത്ത് ഇതില്‍ വലിയതോതിലുള്ള വ്യത്യാസങ്ങള്‍ കണ്ടാല്‍, വാങ്ങിയവനോ വിറ്റവനോ വലിയ നഷ്ടമുണ്ടായാല്‍ രണ്ടുപേര്‍ക്കും ഇടപാട് ഒഴിയാന്‍ സ്വാതന്ത്ര്യമുണ്ടായിരിക്കും. നഷ്ടം ആര്‍ക്കു സംഭവിച്ചാലും ഇങ്ങനെ ഒഴിയുമെന്ന് നേരത്തേ രണ്ടു കൂട്ടരും നിബന്ധന വെച്ചെങ്കിലേ ഇത് നിര്‍ബന്ധമാകൂ എന്നാണ് ചിലര്‍ അഭിപ്രായപ്പെട്ടത്. 


മുന്‍കൂര്‍ (സലം) കച്ചവടം

ചരക്ക് പിന്നീട് നല്കാം എന്ന വ്യവസ്ഥയോടെ വില മുന്‍കൂട്ടി വാങ്ങുന്ന ഇടപാടാണ് സലം. ഇത് മനുഷ്യരുടെ ക്രയവിക്രയത്തില്‍ അനിവാര്യമായതിനാല്‍ ഇസ്‌ലാം അനുവദിച്ചു. ഒരാളുടെ കൈവശം പണം ഉണ്ടാകും അപരന് കൃഷിയോ കച്ചവടമോ നടത്താനുള്ള പണം കൈവശമുണ്ടാവുകയുമില്ല. ഈ സന്ദര്‍ഭത്തില്‍ അയാള്‍ക്ക് ആവശ്യമുള്ള ചരക്ക് പിന്നീട് ലഭിക്കുന്ന വിധത്തില്‍ ആ പണം അപരന് നല്കാവുന്നതാണ്. എന്നാല്‍ ചരക്കിന്റെ അളവ്, ഇനം, ഗുണം, അത് ലഭിക്കുന്ന തിയ്യതി, നല്കുന്ന സ്ഥലം എന്നിവയെല്ലാം നേരത്തേ തീരുമാനിച്ചിരിക്കണം. ഇബ്‌നുഅബ്ബാസ്(റ) പറയുന്നു: നബി(സ്വ) മദീനയില്‍ വന്നു. അപ്പോള്‍ ജനങ്ങള്‍ ഒരു കൊല്ലത്തെയും രണ്ടു കൊല്ലത്തെയും ചരക്കിന് മുന്‍കൂട്ടി പണം കൊടുത്തു സലം കച്ചവടം ചെയ്യുന്ന പതിവ് അവിടെയുണ്ടായിരുന്നു. അതു കണ്ടപ്പോള്‍ നബി(സ്വ) അരുളി: വല്ലവനും ഈത്തപ്പഴത്തിനു മുന്‍കൂട്ടി വില കൊടുത്ത് കച്ചവടം ചെയ്യുന്നുണ്ടെങ്കില്‍ അളവും തൂക്കവും സമയവും നിര്‍ണയിച്ചുകൊണ്ട് കച്ചവടം ചെയ്യട്ടെ (ബുഖാരി).

ഇങ്ങനെ നടത്തുന്ന ഇടപാടില്‍ ചരക്ക് അയാളുടെ കൈവശമുള്ളതാണോ എന്ന് ചുഴിഞ്ഞന്വേഷിക്കേണ്ടതില്ല. നിശ്ചയിച്ച സമയത്ത് അയാള്‍ക്ക് അത് തരാന്‍ കഴിയുമോ എന്നുമാത്രമേ പരിഗണിക്കേണ്ടതുള്ളൂ. ഇബ്‌നുഅബീഔഫാ(റ) പറയുന്നു: അവധിയും അളവും നിര്‍ണയിച്ചുകൊണ്ട് ഗോതമ്പ്, ബാര്‍ലി, മുന്തിരി എന്നീ ചരക്കുകള്‍ക്ക് മുന്‍കൂര്‍ പണം കൊടുത്തും സിറിയയിലെ കര്‍ഷകരുമായി ഞങ്ങള്‍ കച്ചവടം ചെയ്യാറുണ്ടായിരുന്നു. യഥാര്‍ഥ കര്‍ഷകരുമായിട്ടുതന്നെയാണോ നിങ്ങള്‍ അങ്ങനെ കച്ചവടം ചെയ്തിരുന്നത് എന്ന് അദ്ദേഹം ചോദിക്കപ്പെട്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു. നബി(സ്വ)യുടെ സ്വഹാബിമാര്‍ സലം കച്ചവടം നടത്താറുണ്ട്. അവര്‍ കൃഷി ചെയ്യാറുണ്ടോ ഇല്ലയോ എന്ന് ഞങ്ങള്‍ ചോദിക്കാറില്ല (ബുഖാരി).

ഭക്ഷ്യവസ്തുക്കള്‍ക്കു പുറമെ ഉപകാരപ്രദമായ എല്ലാ ചരക്കുകളും ഇങ്ങനെ വാങ്ങാവുന്നതാണ്. വീട്ടുപകരണങ്ങള്‍, പുസ്തകങ്ങള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പെടും. ഒരാളുടെ പണത്തിനോ ചരക്കിനോ ഉള്ള ആവശ്യം ചൂഷണം ചെയ്ത് ഇടപാടില്‍ മൂല്യം കുറയ്ക്കാന്‍ പാടില്ലാത്തതാണ്. ചരക്ക് ലഭിക്കുന്ന സമയത്തുള്ള വില 'സലം' ഇടപാടില്‍ പരിഗണനീയമല്ല. കൂടുതലായാലും കുറഞ്ഞാലും നേരത്തെ വാങ്ങിയ വിലപ്രകാരമാണ് ഇടപാടു നടത്തേണ്ടത്.

Feedback
  • Friday Nov 22, 2024
  • Jumada al-Ula 20 1446