ഒരു കച്ചവടത്തിന്റെ മുടക്കുമുതലിലോ അധ്വാനത്തിലോ അല്ലെങ്കില്‍ രണ്ടിലും കൂടിയോ ഒന്നിലേറെ ആളുകള്‍ പങ്കുചേരുന്ന രൂപമാണിത്. ഇവിടെ ഓരോരുത്തരുടെയും മുടക്കുമുതലും അധ്വാനവും ലാഭനഷ്ടങ്ങളുമെല്ലാം മുന്‍കൂട്ടി നിശ്ചയിച്ചിരിക്കണം. എല്ലാ അംഗങ്ങളുടെയും തൃപ്തിയനുസരിച്ച് ഇവയുടെ അളവ് തീരുമാനിക്കാവുന്നതാണ്. ലാഭത്തിലും നഷ്ടത്തിലും പങ്കുചേരുമ്പോള്‍ മാത്രമേ ഈ കൂറുകച്ചവടം അനുവദനീയമാകൂ. മുടക്കുമുതലിന്റെ ഉടമകളെല്ലാം ഇങ്ങനെ നഷ്ടങ്ങളില്‍ ഉത്തരവാദികളാകണം. എന്നാല്‍ അധ്വാന പങ്കാളികള്‍ മുടക്കു മുതലിന്റെ നഷ്ടത്തില്‍ പങ്കാളിയാകേണ്ടതില്ല, പകരം അയാളുടെ അധ്വാനം നഷ്ടപ്പെടും.
ഒരാള്‍ തന്റെ പങ്ക് ഒഴിയുകയോ വില്‍ക്കുകയോ ആണെങ്കില്‍ അത് വാങ്ങാന്‍ മറ്റു പങ്കാളികള്‍ക്ക് അവകാശമുണ്ട്. ഇതിന് 'ശുഫ്അത്' എന്നാണ് പറയുക. പങ്കാളികളുടെ സമ്മതമില്ലാതെ പുറത്ത് വില്പന നടത്തിയാല്‍ ആ ഇടപാട് അസാധുവാണ്. അത് തിരിച്ചുവാങ്ങാന്‍ അയാള്‍ക്ക് നിയമപരമായ അവകാശമുണ്ടായിരിക്കും. ഈ അവകാശത്തിന്റെ പേരില്‍ ഓഹരി ഒഴിയുന്നവന്‍ പീഡിപ്പിക്കപ്പെടാന്‍ പാടില്ല. പുറത്ത് നല്കിയാല്‍ ലഭിക്കാവുന്ന വില ആ ഓഹരിക്ക് ശുഫ്അത്തവകാശി നല്‌കേണ്ടതുണ്ട്. അല്ലാത്തപക്ഷം അയാളുടെ ഈ അവകാശം ദുര്‍ബലപ്പെടും. ശുഫ്അത് നിര്‍ബന്ധമല്ലെന്നും അഭികാമ്യം മാത്രമാണെന്നും ഇത് ഭൂമി, കെട്ടിടം പോലെയുള്ള സ്ഥാവരസ്വത്തിലാണ് അനുവദിക്കപ്പെട്ടതെന്നും അവ അതിര്‍ത്തി നിശ്ചയിച്ചതാണെങ്കില്‍ ഈ അവകാശം ഉണ്ടാവുകയില്ല എന്നുമെല്ലാം അഭിപ്രായങ്ങളുണ്ട്. ഇസ്‌ലാമിക ശരീഅത്തിന്റെ മഹത്തായ മാനുഷികതയാണ് ശുഫ്അത്. അയല്‍വാസിക്കും അതുപോലെ സഹപ്രവര്‍ത്തകര്‍ക്കുമെല്ലാം ഇങ്ങനെ അവകാശം നിശ്ചയിക്കുക വഴി ആരെയും ബുദ്ധിമുട്ടിക്കാതിരിക്കുക എന്ന വിശാലമായ നന്മയാണ് അത് ലക്ഷ്യമാക്കുന്നത്. എന്റെ അയല്‍പക്കത്ത് താമസമാക്കുന്നവന്‍, എന്റെ കച്ചവടത്തില്‍ പങ്കാളിയാകുന്നവന്‍ എനിക്കു തൃപ്തിയില്ലാത്തവനാകുമ്പോഴുണ്ടായേക്കാവുന്ന പ്രയാസങ്ങള്‍ നിയമദാതാവ് കാണുന്നത് എത്ര കാരുണ്യത്തോടെയാണ്.
അകാരണമായോ ഏകപക്ഷീയമായോ പങ്കാളിയെ പിരിച്ചുവിടാന്‍ പാടില്ല. ഇതിനുവേണ്ടി തന്ത്രങ്ങള്‍ മെനഞ്ഞ് ഭൗതിക നിയമത്തിനു മുമ്പില്‍ രക്ഷപ്പെട്ടാലും അല്ലാഹുവിന്റെ കോടതിയില്‍ ശിക്ഷിക്കപ്പെടുമെന്ന വിശ്വാസമാണ് മുസ്‌ലിമിനുണ്ടാകേണ്ടത്.