സ്വന്തം ഉടമസ്ഥതയിലുള്ളതോ വില്പനാധികാരം നല്കപ്പെട്ടതോ ആയ വസ്തുക്കള്‍ മാത്രമേ ഒരാള്‍ക്ക് വില്ക്കാന് പാടുള്ളൂ. യൂസുഫ് ബിന്‍ ഹകീമില്‍ നിന്ന് നിവേദനം ചെയ്യപ്പെടുന്നു. ഹകീം ബിന്‍ ഹുസാം നബിയോട് ചോദിച്ചു. ഒരാള്‍ എന്റെയടുത്ത് വന്ന് എന്റെ കൈവശമില്ലാത്തത് വില്പന നടത്താന്‍ ഉദ്ദേശിക്കുന്നു. അപ്പോള്‍ ഞാന്‍ അവന് വേണ്ടി മാര്‍ക്കറ്റില്‍ നിന്ന് വാങ്ങി നല്‍കാമോ? അപ്പോള്‍ നബി(സ്വ) പറഞ്ഞു. നിന്റെ അടുത്തില്ലാത്തത് നീ വില്‍ക്കരുത് (അബീദാവീദ്). മറ്റൊരാളുടെ ഉടമസ്ഥതയിലുള്ളത് ഇങ്ങനെ വില്ക്കുകയോ വാങ്ങുകയോ ചെയ്താല്‍ അത് അസാധുവാണ്. എന്നാല്‍ ഉടമ പിന്നീട് സമ്മതം നല്കിയാല് അത് സാധുവാകും. കച്ചവടക്കാരന് ക്രേതാവില്‍ നിന്ന് ഓര്‍ഡറെടുത്ത് മാര്‍ക്കറ്റില്‍ നിന്നോ ഉത്പാദകനില്‍ നിന്നോ ചരക്ക് വാങ്ങി നല്കുന്നതിനെയല്ല ഇവിടെ നിരോധിക്കുന്നത്. തനിക്ക് അധികാരമില്ലാത്ത വസ്തു വില്പന നടത്തുന്നതിനെയാണ് തടയുന്നത്.
തനിക്ക് കിട്ടാനുള്ള അനന്തരാവകാശ സ്വത്ത്, വസ്വിയ്യത്, നിക്ഷേപം എന്നിവയും ഉടമസ്ഥതയിലുള്ളതായി പരിഗണിക്കാവുന്നതാണ്. താന്‍ വാങ്ങിയ ചരക്ക് വില നല്കി ഏറ്റെടുത്ത ശേഷം വില്പന നടത്താവുന്നതാണ്. കെട്ടിടങ്ങള്‍ പോലെ ഇളകാത്ത ചരക്കുകള്‍ ഉപയോഗപ്പെടുത്തലും മറ്റു ചരക്കുകള്‍ വാങ്ങിയ സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്കോ തന്റെ ഉടമസ്ഥതയുള്ള ഇടങ്ങളിലേക്കോ മാറ്റുന്നതുമാണ് ഏറ്റെടുത്തതിനുള്ള തെളിവ്. വാങ്ങിയ സ്ഥലത്തുനിന്നു തന്നെ ആ ചരക്ക് വില്‍ക്കുന്നത് ഇസ്ലാം നിരോധിച്ചിട്ടുണ്ട്.
ഇബ്നുഉമര്‍(റ) പറയുന്നു: നബി(സ്വ)യുടെ കാലത്ത് ചരക്കുമായി വരുന്ന യാത്രക്കാരില്‍ നിന്നും ജനങ്ങള്‍ ആഹാരസാധനങ്ങള്‍ വാങ്ങാറുണ്ടായിരുന്നു. ആഹാര സാധനങ്ങള്‍ വാങ്ങിയ സ്ഥലത്തു നിന്നും അവ വില്ക്കുവാനുള്ള (അങ്ങാടിയിലെ) സ്ഥലത്തേക്ക് മാറ്റിയ ശേഷമല്ലാതെ വീണ്ടും കച്ചവടം ചെയ്യുന്നത് നിരോധിച്ചുകൊണ്ട് നബി(സ്വ) ആളെ അയക്കാറുണ്ടായിരുന്നു. ഇബ്നു ഉമര്‍(റ) പറയുന്നു: നബി(സ്വ) ആഹാര സാധനം വാങ്ങിയാല്‍ അതു ഏറ്റെടുത്ത ശേഷമല്ലാതെ വീണ്ടും വില്‍ക്കുന്നത് വിരോധിച്ചിരിക്കുന്നു (ബുഖാരി).
ഇബ്നുഅബ്ബാസ്(റ) പറയുന്നു: ആഹാരസാധനം കച്ചവടം ചെയ്തിട്ട് ഏറ്റു വാങ്ങും മുമ്പ് വീണ്ടും വില്‍പ്പന നടത്തുന്നത് നബി(സ്വ) വിരോധിച്ചിരിക്കുന്നു. ഞാന്‍(ത്വാവൂസ്)ചോദിച്ചു. അതെങ്ങനെയാണ്? ഇബ്നു അബ്ബാസ്(റ) പറഞ്ഞു: അതു യഥാര്‍ഥ്യത്തില്‍ ദിര്‍ഹമിന് പകരം ദിര്‍ഹം കൈമാറലാണ്. കാരണം ചരക്ക് പിന്നീടേ കൊടുക്കുന്നുള്ളൂ (ബുഖാരി).
റിയല്‍ എസ്റ്റേറ്റ് മേഖലയിലും മറ്റും നിര്‍ബാധം നടക്കുന്ന കച്ചവടരീതിയാണിത്. വില പൂര്‍ണമായും ഒടുക്കുകയോ പ്രമാണങ്ങള്‍ ഉടമസ്ഥതയിലേക്ക് മാറ്റുകയോ ചെയ്യാതെ ആ വസ്തു അടുത്ത വ്യക്തിക്ക് വില്പന നടത്തുന്നത് അസാധുവാണ്. ആദ്യ ഉടമയുടെ ദല്ലാളായി നിന്ന് അയാള്‍ക്കുവേണ്ടി കച്ചവടം ചെയ്തുകൊടുത്ത് അതിന്റെ മുന്‍കൂട്ടി നിശ്ചയിച്ച ലാഭവിഹിതം കൈപ്പറ്റുന്ന രീതി സാധുവാണ്.
കൂട്ടു സ്വത്ത് അതിരിടുകയോ വിഭജിക്കുകയോ ചെയ്തിട്ടില്ലെങ്കില്‍ മറ്റു ഓഹരിക്കാരുടെ സമ്മതത്തോടെ മാത്രമേ കച്ചവടം നടത്താന്‍ പാടുള്ളൂ. അങ്ങളനെയല്ലാതുള്ള കച്ചവടം തടയാന്‍ മറ്റു ഓഹരിക്കാര്‍ക്ക് അവകാശമുണ്ട് (ബുഖാരി). തന്റെ ഓഹരി വില്‍ക്കാനുദ്ദേശിച്ച സന്ദര്‍ഭത്തില്‍ തന്നെ മറ്റു ഓഹരിക്കാര്‍ അയാള്‍ക്ക് ക്രേതാവില്‍ നിന്ന് ലഭിക്കാവുന്നതോ നാട്ടുനടപ്പുള്ളതോ ആയ വില നല്കാന് തയ്യാറാകുമ്പോഴേ ഈ ശുഫ്അത് അവകാശം നിലനില്ക്കുകയുള്ളൂ.
ഒരു വീടോ കെട്ടിടമോ ദീര്‍ഘകാലം പാട്ടത്തിനോ വാടകയ്ക്കോ ഉപയോഗിച്ചാല്‍ നാട്ടു നിയമമനുസരിച്ച് പലപ്പോഴും അത് ഉപയോഗിച്ചവന് ലഭിക്കുന്ന അവസ്ഥയുണ്ട്. എന്നാല്‍ കോടതിയിലൂടെയും മറ്റും ഇങ്ങനെ ഉടമസ്ഥത ലഭിച്ചാലും, സത്യവിശ്വാസി തന്റെ ഉടമസ്ഥതയിലുള്ളതായി കരുതി അത് ഉപയോഗിക്കാനോ വില്‍ക്കാനോ പാടില്ലാത്തതാണ്.