സാമ്പത്തിക വ്യവസ്ഥിതിയില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഭാഗമാണ് വിപണി. ചെറുതായാലും വലുതായാലും ചൂഷണമുക്തവും ബാഹ്യസമ്മര്‍ദങ്ങളില്ലാത്തതും സ്വതന്ത്രവുമായിരിക്കണം വിപണിയെന്നത് സാമ്പത്തിക സുസ്ഥിതിയുടെ സുതാര്യമായ മാനദണ്ഡമാണ്. പക്ഷേ ഇതു നടപ്പാക്കാന്‍ ഇസ്‌ലാമിക സാമ്പത്തിക സംവിധാനമേ ക്രിയാത്മകമായ നടപടികളെടുത്തുള്ളൂവെന്നതാണ് പരമാര്‍ഥം. മാര്‍ക്കറ്റില്‍ വസ്തുക്കള്‍ക്ക് വിലയേറിയപ്പോള്‍ അത് നിയന്ത്രിക്കാന്‍ ആവശ്യപ്പെട്ട അനുചരന്മാരോട്, അല്ലാഹുവാണ് വിഭവങ്ങള്‍ ചുരുക്കുകയും വിശാലമാക്കുകയും വില നിയന്ത്രിക്കുകയും ചെയ്യുന്നവന്‍ എന്നായിരുന്നു നബി(സ്വ)യുടെ പ്രതികരണം (അബീദാവീദ്). അഥവാ പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങളാണ് വിഭവ ലഭ്യതയുടെ കാതലെന്നും അതിനാല്‍ അങ്ങനെയുണ്ടാകുന്ന കാരണങ്ങളാല്‍ വിഭവലഭ്യത കൂടുകയും കുറയുകയും ചെയ്യുമ്പോള്‍ വിലക്കുറവും വിലക്കയറ്റവും സ്വാഭാവികമാണെന്നും അത് ബാഹ്യമായി നിയന്ത്രിക്കരുത് എന്നുമാണ് നബി(സ്വ) പഠിപ്പിക്കുന്നത്. ഈ ഹദീസിന്റെ അടിസ്ഥാനത്തില്‍ വിപണിയില്‍ അധികാരികള്‍ ഇടപെടുന്നത് നിഷിദ്ധമാണെന്ന് അഭിപ്രായപ്പെട്ട പണ്ഡിതരുണ്ട്. മാര്‍ക്കറ്റു വിലയെക്കാള്‍ കുറഞ്ഞ വിലയില്‍ ചരക്കു വിറ്റ വ്യക്തിയോട് ഒന്നുകില്‍ മാര്‍ക്കറ്റ് വിലയില്‍ വില്ക്കുകയോ അല്ലെങ്കില്‍ പുറത്തുപോയി കച്ചവടം നടത്തുകയോ ചെയ്യാന്‍ ഉമര്‍(റ) ആവശ്യപ്പെട്ടതും വിപണിയുടെ സുരക്ഷയും അതിന്റെ സ്വാതന്ത്ര്യവും സൂചിപ്പിക്കുന്നതാണ്.
എന്നാല്‍ വിപണിയുടെ സ്വാതന്ത്ര്യം ചൂഷണമുക്തമാകണമെങ്കില്‍ അത് അധികാരികളുടെ നിയന്ത്രണത്തിലാകണം. മനുഷ്യനുണ്ടാക്കുന്ന കൃത്രിമങ്ങളായ കരിഞ്ചന്തയും പൂഴ്ത്തിവെപ്പുമെല്ലാം നിയമനിര്‍മാണത്തിലൂടെയും ശക്തമായ നിരീക്ഷണത്തിലൂടെയും നിയന്ത്രിക്കണമെങ്കില്‍ അത്തരം സന്ദര്‍ഭങ്ങളില്‍ സര്‍ക്കാരിന് ഇടപെടാന്‍ പറ്റുന്നവിധത്തിലായിരിക്കണം വിപണി സജ്ജീകരിക്കേണ്ടത്. ആധുനിക വിപണികള്‍ സ്വാതന്ത്ര്യത്തിന്റെ മറവില്‍ ചില കുത്തകകള്‍ നിയന്ത്രിക്കുന്നവയാണ്. കൃത്രിമമായ ക്ഷാമവും വിലക്കയറ്റവുമെല്ലാം അവര്‍ ഉണ്ടാക്കിയെടുക്കുന്നത് ഉത്പാദനത്തെയും ആവശ്യത്തെയും വിപണനത്തെയുമെല്ലാം അന്യായമായി കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുന്നു. ഇത് പണപ്പെരുപ്പത്തിനും അതു മുഖേനെ ദരിദ്രരുടെ എണ്ണപ്പെരുപ്പത്തിനും കാരണമാകുന്നു.
വിപണിയിലെ അരുതായ്മകള്‍ക്കെതിരെ നിശ്ചിത അകലത്തുനിന്ന് സര്‍ക്കാര്‍ വളരെ കൃത്യമായ നിരീക്ഷണവും നിയന്ത്രണവും നിര്‍വഹിക്കുന്നു. അതോടൊപ്പം ആര്‍ക്കും നേരിട്ട് സാധനങ്ങള്‍ വില്‍ക്കാനും വാങ്ങാനും സ്വാതന്ത്ര്യം ഉണ്ടായിരിക്കും. സര്‍ക്കാരിന്റെ നികുതികള്‍ക്ക് നിയന്ത്രണമുണ്ടാകും, സ്വര്‍ണവും വെള്ളിയും പോലെ പണത്തിന്റെ അടിസ്ഥാനമായ വസ്തുക്കള്‍ സൂക്ഷിച്ചുവെക്കുന്നതും അവ മറ്റുനിലക്ക് ഉപയോഗിക്കുന്നതും നിയന്ത്രിക്കും. (സ്വര്‍ണത്തിന്റെയും വെള്ളിയുടെയും പാത്രങ്ങളില്‍ ഭക്ഷണം കഴിക്കുന്നതും പുരുഷന്‍ സ്വര്‍ണാഭരണം ഉപയോഗിക്കുന്നതും മറ്റും നിരോധിച്ചതിനു പിന്നില്‍ ഈ യുക്തികൂടി കാണാം.) പണം അമിതമായി നിക്ഷേപിച്ചുവെക്കുന്നതിനെ നിരുത്സാഹപ്പെടുത്തി മാര്‍ക്കറ്റിനാവശ്യമായ പണലഭ്യത ഉറപ്പാക്കും. (വളര്‍ച്ചയില്ലാത്തതാണെങ്കിലും സ്വര്‍ണം, വെള്ളി, പണം എന്നിവക്ക് നിശ്ചിത അളവുകഴിഞ്ഞാല്‍ വര്‍ഷാവര്‍ഷം സകാത്ത് നിശ്ചയിച്ചത് ഈ ഉദ്ദേശ്യത്തോടു കൂടിയാണ്.) പലിശ നിരോധിക്കും. ഒരാള്‍ കച്ചവടമാക്കുന്ന ചരക്കിനുമേല്‍ മറ്റൊരാള്‍ വിലയേറ്റി പറയില്ല. ഊഹക്കച്ചവടമുണ്ടാകില്ല. ഏകീകൃത കറന്‍സിയായിരിക്കും ഉപയോഗിക്കുക. ഒരേ കറന്‍സിക്ക് വ്യത്യസ്തമൂല്യമുണ്ടാകില്ല. ഒരേ വസ്തുവിന് വിവിധ മൂല്യങ്ങളുണ്ടാകില്ല.(വസ്തുക്കള്‍ പരസ്പരം കൈമാറ്റംചെയ്യുമ്പോള്‍ ഏറ്റക്കുറച്ചിലുകള്‍ പാടില്ലെന്ന നബി(സ്വ)യുടെ നിര്‍ദേശം ഇതാണര്‍ഥമാക്കുന്നത്.) ഈ നിലപാടുകളില്‍ ഊന്നിയായിരിക്കും ഇസ്‌ലാം വിഭാവന ചെയ്യുന്ന വിപണി മുന്നേറുക.
ചൂഷണമുക്തമായ വിപണി യാഥാര്‍ഥ്യമാകണമെങ്കില്‍ അനിവാര്യമായ കാര്യം ക്രേതാക്കളും വിക്രേതാക്കളുമായ സമൂഹത്തിന്റെ ശരിയായ ധാര്‍മികബോധമാണ്. തന്റെ ഇടപാട് പുണ്യകര്‍മമാണെന്ന ബോധമുണ്ടാകണം. സഹോദരനെ ചതിച്ചു നേടുന്ന സ്വത്ത് ഈ ജീവിത്തിലോ മരണാനന്തരജീവിതത്തിലോ ഉപകാരപ്പെടില്ലെന്ന തിരിച്ചറിവുണ്ടാകണം. ഇത് പക്ഷേ, നിയമങ്ങള്‍ കൊണ്ട് നിര്‍മിച്ചെടുക്കുകയോ ശിക്ഷാനടപടികള്‍ കൊണ്ട് നടപ്പിലാക്കുകയോ സാധ്യമല്ല. കൃത്യമായ ദൈവവിശ്വാസം മാത്രമേ ഇതിന് പരിഹാരമുള്ളൂ. താന്‍ നിരീക്ഷണത്തിലാണെന്നും ഏതു സമയവും ദൈവിക ശിക്ഷ ലഭിച്ചേക്കാമെന്നും തന്റെ വിപണനത്തിലും ഉപഭോഗത്തിലും ദൈവകാരുണ്യമുണ്ടാകില്ലെന്നും മരണാനന്തരജീവിതം നരകമാകുമെന്നുമെല്ലാം ഭയപ്പെടുന്ന വിശ്വാസം. ഭൗതിക ലാഭങ്ങളെക്കാള്‍ മനസ്സംതൃപ്തിയും ദൈവപ്പൊരുത്തവും പാരത്രിക സുഖങ്ങളുമാണ് വലുതെന്ന പ്രതീക്ഷയുടെ വിശ്വാസം. ഇതാണ് ധര്‍മബോധമുള്ള വില്‍പനക്കാരനെയും ബോധമുള്ള ഉപഭോക്താവിനെയും സൃഷ്ടിക്കുക.
ഉമര്‍(റ)ന്റെ ഭരണകാലത്ത് പാലില്‍ മായം ചേര്‍ക്കാന്‍ ആവശ്യപ്പെടുന്ന ഉമ്മയോട്, അല്ലാഹു കാണുമെന്നുണര്‍ത്തുന്നത് ബിസിനസ് ബിരുദങ്ങളില്ലാത്ത പെണ്‍കുട്ടിയാണ്. ക്ഷാമകാലത്ത് മാര്‍ക്കറ്റിലെത്തിയ തന്റെ ഒട്ടകച്ചുമടുകള്‍ക്ക് നാലിരട്ടി വിലനല്കാന്‍ തയ്യാറായ കച്ചവടക്കാര്‍ക്കു മുമ്പില്‍, പത്തിരട്ടി നേടാന്‍ കഴിയുന്ന ദൈവമാര്‍ഗത്തിലേക്ക് അവയെല്ലാം സൗജന്യമായി നല്കുന്നു എന്നു പറഞ്ഞത് റസൂലിന്റെ അനുചരനാണ്. ജൂതനില്‍ നിന്ന് കടമായി വാങ്ങിയ എണ്ണടിന്നുകളില്‍ ഒന്നില്‍ ചത്ത എലിയെ കണ്ടപ്പോള്‍, ഇത് ജൂതന് തിരിച്ചുകൊടുത്താല്‍ അയാള്‍ ബാക്കി മറ്റാര്‍ക്കെങ്കിലും വില്‍ക്കാന്‍ സാധ്യതയുണ്ടെന്നു കരുതി നാല്പതിനായിരം ദിര്‍ഹമിന്റെ മൊത്തം എണ്ണടിന്നുകളും ഒഴിച്ചുകളയാനും കടക്കാരനായി ജയില്‍ ഏറ്റുവാങ്ങാനുമുള്ള ധാര്‍മികത ഇബ്‌നു സീരീന്(റ) ലഭിക്കുന്നത് ഇസ്‌ലാമിന്റെ പാഠശാലയില്‍ നിന്നാണ്. യഥാര്‍ഥവിലയറിയാതെ അമിതവിലക്ക് ഭൃത്യന്‍ വിറ്റ വസ്ത്രത്തിന്റെ വിലയില്‍ ഉപഭോക്താവ് തൃപ്തനായിട്ടും അയാളെ കണ്ടെത്തി അമിതമായി വാങ്ങിയ സംഖ്യ തിരിച്ചുകൊടുത്ത ശേഷം മതി ബാക്കി കച്ചവടം എന്നു തീരുമാനിച്ച ഇമാം അബൂഹനീഫ(റ) എന്ന കച്ചവടക്കാരനുണ്ടായതും ഇസ്‌ലാമിക വിപണിയിലാണ്.
സമ്മാനങ്ങളുടെയും വിലക്കിഴിവുകളുടെയും എന്തെല്ലാം പ്രലോഭനങ്ങളുണ്ടായാലും ആവശ്യമുള്ളതേ വാങ്ങൂ എന്നു ചിന്തിക്കുന്ന ഉപഭോക്താക്കളും, ലാഭം എത്ര കുറഞ്ഞാലും ജനങ്ങള്‍ക്ക് ഗുണമുള്ളതേ വില്‍ക്കൂവെന്നും ചരക്കുകളുടെ ഗുണത്തിലും ഗണത്തിലും കൃത്രിമം കാണിക്കില്ലെന്നും കരിഞ്ചന്തയും പൂഴ്ത്തിവെപ്പും നടത്തില്ലെന്നും സ്വയം തീരുമാനിക്കുന്ന കച്ചവടക്കാരനും ജനിക്കണമെങ്കില്‍ ഏകദൈവവിശ്വാസവും അതു നല്കുന്ന പരലോകബോധവും തന്നെ വേണം. തന്റെ ഉപജീവനത്തിനുള്ളത് ലഭിച്ചിരിക്കുന്നു; ഇനി അടുത്ത കടയില്‍ നിന്ന് വസ്തുക്കള്‍ വാങ്ങിക്കൊള്ളൂ എന്നു പറയുന്ന ഹൃദയവിശാലത യഥാര്‍ഥ മുസ്‌ലിം കച്ചവടക്കാരന്നു മാത്രമേ ലഭിക്കൂ.