Skip to main content

നിഷിദ്ധ ഇടപാടുകള്‍ (7)

വൈയക്തികവും സാമൂഹികവുമായ ജീവിതത്തിന് അനുഗുണമായ എല്ലാ കാര്യങ്ങളും അല്ലാഹു അനുവദിച്ചിട്ടുണ്ട്. ''(നബിയേ,) പറയുക: അല്ലാഹു അവന്റെ ദാസന്‍മാര്‍ക്ക് വേണ്ടി ഉത്പാദിപ്പിച്ചിട്ടുള്ള അലങ്കാര വസ്തുക്കളും വിശിഷ്ടമായ ആഹാരപദാര്‍ഥങ്ങളും നിഷിദ്ധമാക്കിയതാരാണ്? പറയുക: അവ ഐഹികജീവിതത്തില്‍ സത്യവിശ്വാസികള്‍ക്ക് അവകാശപ്പെട്ടതാണ്. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അവര്‍ക്കുമാത്രമുള്ളതുമാണ്. മനസ്സിലാക്കുന്ന ആളുകള്‍ക്ക് വേണ്ടി അപ്രകാരം നാം തെളിവുകള്‍ വിശദീകരി ക്കുന്നു''(7:32). മോശവും മ്ലേഛവുമായവ മാത്രമാണ് നിഷിദ്ധമാക്കിയത്. ''പറയുക: എന്റെ രക്ഷിതാവ് നിഷിദ്ധമാക്കിയിട്ടുള്ളത് പ്രത്യക്ഷമായതും പരോക്ഷമായതുമായ നീചവൃത്തികളും, അധര്‍മവും, ന്യായം കൂടാതെയുള്ള കൈയേറ്റവും, യാതൊരു പ്രമാണവും അല്ലാഹു ഇറക്കിത്തന്നിട്ടില്ലാത്തതിനെ അവനോട് നിങ്ങള്‍ പങ്കുചേര്‍ക്കുന്നതും, അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ക്കു വിവരമില്ലാത്തത് നിങ്ങള്‍ പറഞ്ഞുണ്ടാക്കുന്നതും മാത്രമാണ്''(7:33).

ഈ പൊതു നിയമം ഇസ്‌ലാമിന്റെ സാമ്പത്തിക ഇടപാടുകള്‍ക്കും ബാധകമാണ്. ഇടപാടുകള്‍ മാനവികതയ്ക്ക് അനുയോജ്യവും സുതാര്യവുമായിരിക്കുക, പരസ്പര തൃപ്തിയോടെയായിരിക്കുക, ലാഭനഷ്ട സാധ്യത ഇരുകക്ഷികള്‍ക്കും തുല്യമായിരിക്കുക, പ്രത്യക്ഷമോ പരോക്ഷമോ ആയ ദുരിതങ്ങള്‍ ഉപകാരത്തേക്കാള്‍ കൂടുതലാകാതിരിക്കുക, ചതിയും വഞ്ചനയുമുള്ളതാകാതിരിക്കുക, സ്വന്തം മുതല്‍മുടക്കോ അധ്വാനമോ ഉണ്ടായിരിക്കുക തുടങ്ങിയ ചില അടിസ്ഥാനമൂല്യങ്ങളില്‍ നിന്നുകൊണ്ടാണ് ഇസ്‌ലാം ഇടപാടുകള്‍ അനുവദിക്കുന്നത്. ഇവയ്ക്ക് വിരുദ്ധമായതോ ഇതില്‍ നിന്ന് വ്യത്യസ്തമായതോ ആയ എല്ലാ ഇടപാടുകളും നിഷിദ്ധമാണ്. 

മനുഷ്യന്റെ ആവശ്യങ്ങള്‍ അവന്റെ വളര്‍ച്ചയ്ക്കനുസരിച്ച് വികസിച്ചുകൊണ്ടിരിക്കും. അതിനാല്‍ തന്നെ ഇടപാടുവസ്തുക്കളും രീതികളുമെല്ലാം കാലാനുസൃതമായി മാറിക്കൊണ്ടിരിക്കും. എല്ലാം കൂടി ഏതെങ്കിലും ഒരു കാലഘട്ടത്തിലെ പ്രമാണത്തില്‍ രേഖപ്പെടുത്തുക പ്രായോഗികമല്ല. ബുദ്ധിയും വിവേചനശേഷിയുമുള്ള മനുഷ്യന് അതിന്റെ ആവശ്യകതയുമില്ല. എന്നാല്‍ അടിസ്ഥാനപരമായി ശരിതെറ്റുകള്‍ സ്വന്തമായി മനസ്സിലാക്കുക മനുഷ്യന് അസാധ്യമാണ്. അതിനാല്‍ തന്നെ മനുഷ്യന്റെ എല്ലാ ജീവല്‍ മേഖലയിലും നിയമനിര്‍ദേശങ്ങള്‍ നല്കിയ ഇസ്‌ലാം ഈ രംഗത്തും പൊതു നിയമങ്ങളും ചട്ടങ്ങളും നിശ്ചയിച്ചു. അതോടൊപ്പം ചില ഉദാഹരണങ്ങളും സമര്‍പ്പിച്ചു. പലിശ, ചൂത്, കൈക്കൂലി തുടങ്ങിയവ ഇങ്ങനെ നിഷിദ്ധമായ ഇടപാടുകള്‍ക്കുള്ള മാതൃകയായി വ്യക്തമാക്കപ്പെട്ടതാണ്. മേല്‍പറഞ്ഞ കാരണങ്ങളെല്ലാം തന്നെയോ അല്ലെങ്കില്‍ ചിലതോ ഇവയിലെല്ലാം കാണാവുന്നതാണ്. ഈ അടിസ്ഥാന രേഖകളില്‍ നിന്ന് എല്ലാ കാലത്തും പണ്ഡിതന്മാര്‍ക്ക് അവരുടെ കാലഘട്ടത്തിലെ ഇടപാടുകളിലെ ശരിതെറ്റുകള്‍ തീരുമാനിക്കാന്‍ കഴിയും.

ഒരു സത്യവിശ്വാസി നിഷിദ്ധമായ ഇടപാടുകളില്‍ വീണുപോകാതിരിക്കാന്‍ ഏറെ ജാഗ്രത പുലര്‍ത്തേണ്ടവനാണ്. കാരണം അവന്‍ ഈ ഭൂമിയിലെ ഏതാനും നാള്‍ ദൈര്‍ഘ്യമുള്ള ജീവിതത്തിന്റെ ലാഭനഷ്ടങ്ങളില്‍ കുരുങ്ങി ജീവിക്കേണ്ടവനല്ല. മരണാനന്തരമുള്ള ജീവിതവും ലോകാവസാന ശേഷമുള്ള നിത്യജീവിതവും സ്വര്‍ഗീയമാക്കുകയാണ് അവന്റെ ഭൂജീവിത ലക്ഷ്യം. അതിന് നിഷിദ്ധ വരുമാനങ്ങള്‍ കടുത്ത വെല്ലുവിളിയാണ്. അല്ലാഹു വിലക്കിയ കാര്യങ്ങള്‍ നിര്‍വഹിക്കുന്നത് മഹാപാപമാണ്. അത് പടപ്പുകളുമായി ബന്ധപ്പെട്ടതാകുമ്പോള്‍ അല്ലാഹുവിന്റെ വിട്ടുവീഴ്ചപോലും ആ വ്യക്തികളുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. അതിനാല്‍ തന്നെ പടച്ചവന് പ്രിയപ്പെട്ട ആരാധനകളും നേര്‍ച്ചകളും ദാനധര്‍മങ്ങളുമെല്ലാം ശുദ്ധമായി നേടയിതുമായി മാത്രമേ പാടുള്ളൂവെന്ന് അല്ലാഹു നിര്‍ബന്ധിക്കുന്നുണ്ട്. അല്ലാഹു ശുദ്ധമായതേ സ്വീകരിക്കൂ എന്നതിനാല്‍ അശുദ്ധമായ ഇടപാടിലൂടെ നേടിയതെല്ലാം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വ്യയം ചെയ്താലും  സ്വീകരിക്കപ്പെടുകയില്ല. മാത്രമല്ല അവന്റെ പ്രാര്‍ഥനകള്‍പോലും അല്ലാഹു പരിഗണിക്കുന്നില്ല. നബി(സ്വ) പറഞ്ഞു. മനുഷ്യരേ, അല്ലാഹു വിശിഷ്ടനാണ്. വിശിഷ്ടമായതേ അവന്‍ സ്വീകരിക്കൂ. ദൂതന്‍മാരോട് കല്പിച്ചത് അവന്‍ സത്യവിശ്വാസികളോടും കല്പിച്ചിരിക്കുന്നു. അല്ലാഹു പറഞ്ഞു ഹേ; ദൂതന്‍മാരേ, വിശിഷ്ടവസ്തുക്കളില്‍ നിന്ന് നിങ്ങള്‍ ഭക്ഷിക്കുകയും, സത്കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്യുവിന്‍. തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അറിയുന്നവനാകുന്നു (23:51). സത്യവിശ്വാസികളേ, നിങ്ങള്‍ക്ക് നാം നല്‍കിയ വസ്തുക്കളില്‍ നിന്ന് വിശിഷ്ടമായത് ഭക്ഷിച്ചു കൊള്ളുക. അല്ലാഹുവോട് നിങ്ങള്‍ നന്ദികാണിക്കുകയും ചെയ്യുക; അവനെ മാത്രമാണ് നിങ്ങള്‍ ആരാധിക്കുന്നതെങ്കില്‍(2:172). എന്നിട്ടദ്ദേഹം ദീര്‍ഘയാത്രികനായ ഒരാളെ കുറിച്ചു പറഞ്ഞു. ജഡകുത്തി പൊടിപറ്റിയ അയാള്‍ ആകാശത്തേക്ക് കൈകളുയര്‍ത്തി 'രക്ഷിതാവേ, രക്ഷിതാവേ' എന്നു പ്രാര്‍ഥിക്കുന്നു. എന്നാല്‍ അയാളുടെ ഭക്ഷണവും പാനീയവും വസ്ത്രവും ജീവിതവുമെല്ലാം ഹറാമിലൂടെയാണ്. അപ്പോള്‍ അയാള്‍ക്കെങ്ങനെ ഉത്തരം കിട്ടാനാണ്!(മുസ്‌ലിം: 1015).

സഈദ് ബിന്‍ സൈദ്(റ) പറയുന്നു: നബി(സ്വ) അരുളി: വല്ലവനും അന്യന്റെ ഭൂമിയുടെ വല്ല ഭാഗവും അക്രമിച്ചു കൈവശപ്പെടുത്തിയാല്‍ അതിന്റെ ഏഴിരട്ടി ഭൂമി അവന്റെ കഴുത്തിലണിയിക്കപ്പെടും (ബുഖാരി).

പ്രത്യക്ഷത്തില്‍ നിഷിദ്ധമെന്നു മനസ്സിലാകാത്ത ചിലകാര്യങ്ങള്‍ സംശയങ്ങളുണ്ടാകും. അവയില്‍ നിന്ന് വിട്ടു നില്ക്കണമെന്നും ഇല്ലെങ്കില്‍ അത് നിഷിദ്ധത്തില്‍ നിപതിക്കാന്‍ കാരണമായേക്കുമെന്നുമാണ് നബി(സ്വ) പഠിപ്പിക്കുന്നത്. സംശയമുള്ളതില്‍ നിന്ന് സംശയരഹിതമായതിലേക്ക് മാറുക എന്നതായിരിക്കണം വിശ്വാസിയുടെ ജീവിതരീതി.

Feedback