ഉറപ്പ് എന്ന അര്‍ഥമാണ് ഇന്‍ഷുറന്‍സ് എന്ന പദത്തിനുള്ളത്. ജീവന്നും സ്വത്തിന്നു മുണ്ടാകുന്ന നഷ്ടങ്ങളില്‍ പണംകൊണ്ട് സഹായിക്കാമെന്ന് ഉറപ്പു നല്‍കുകയാണ് ഇന്‍ഷുറന്‍സ് പദ്ധതികള്‍ ചെയ്യുന്നത്. നിശ്ചിത കാലപരിധിക്കുള്ളിലുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ആഘാതം വിലയിരുത്തിയോ അല്ലാതെ നിര്‍ണിതമായ തോതിലോ നഷ്ടപരിഹാരം കമ്പനി നല്‍കും. ചില ഇന്‍ഷുറന്‍സുകളില്‍ മരണം, നഷ്ടം എന്നിവ സംഭവിച്ചാല്‍ മാത്രമാണ് ഇന്‍ഷുറന്‍സ് തുക ലഭിക്കുക. എന്നാല്‍ മറ്റുചിലതില്‍ കാലാവധി കഴിഞ്ഞാല്‍ ഇന്‍ഷുര്‍ചെയ്ത സംഖ്യ തിരിച്ചു നല്‍കും. ഇതിനു വേണ്ടി ഒറ്റത്തവണയായോ പല ഗഡുക്കളായോ ഗുണഭോക്താക്കളില്‍ നിന്ന് ഇന്‍ഷുറന്‍സ് കമ്പനി പ്രീമിയം ഈടാക്കും.
സമ്പത്ത് എല്ലാമെല്ലാമായി കരുതുന്ന സമ്പന്നരുടെ സമൂഹം ഏറെ സ്വാര്‍ഥരും അതോടൊപ്പം ചകിതരുമാണ്. മറ്റൊരുവന് നശിച്ചെങ്കിലേ തനിക്കു വളരാന്‍ കഴിയൂ എന്നു ചിന്തിക്കുന്ന ഈ 'ഉള്ളവര്‍' തന്റെ സഹ മുതലാളിയുടെ നഷ്ടത്തില്‍ സ്വമനസ്സാലെ സഹായിക്കാന്‍ തയ്യാറാവില്ലെന്നു മാത്രമല്ല അവനെ നശിപ്പിക്കാനാണ് ആഗ്രഹിക്കുക. അതേ സമയം തന്റെത് നഷ്ടപ്പെടുമോ എന്നവന് വല്ലാതെ പേടിക്കുകയും ചെയ്യുന്നു. ഇതിനുള്ള പരിഹാരമായിട്ടാണ് ഇന്‍ഷുറന്‍സ് സംവിധാനം നിലവില്‍ വരുന്നത്. നഷ്ടപ്പേടിയുള്ള എല്ലാവരില്‍ നിന്നും പണം വാങ്ങുകയും നഷ്ടപ്പെടുന്ന ഒരാള്‍ക്ക് നഷ്ടപരിഹാരമായി അത് നല്‍കുകയും ചെയ്യുക എന്നതാണ് അതിന്റെ ധര്‍മം. ഇത് നല്ല സംരംഭമാണ്. പക്ഷേ, അംഗങ്ങളില്‍ നിന്ന് ലഭിക്കുന്ന പ്രീമിയം നഷ്ടപരിഹാരത്തിന് തികയാതെ വരും. അപ്പോള്‍ ശേഖരിച്ച മൂലധനം വളര്‍ത്തണം. ഇതിന് പലിശയാണ് കമ്പനികള്‍ കണ്ടെത്തിയ എളുപ്പ വഴി. ഇവിടെയാണ് ഇസ്ലാം ഈ പരസ്പര സഹകരണ സംവിധാനത്തെയും സുരക്ഷാ കരുതലിനെയും എതിര്‍ക്കുന്നത്.
ഇസ്ലാം ഓരോ മനുഷ്യന്റെയും ജീവന്നും സ്വത്തിനും ഏറെ പ്രാധാന്യം കല്പിക്കുന്നുണ്ട്. കൊലപാതകം, കൊള്ള, മോഷണം, പിടിച്ചുപറി, അന്യായമായ സാമ്പത്തിക ചൂഷണം എന്നിവക്കെതിരെയെല്ലാം കൃത്യമായ ബോധവത്കരണവും, ശിക്ഷാ നടപടികളും മുന്നോട്ടുവെച്ചിട്ടുണ്ട്. പ്രകൃതി പ്രതിഭാസങ്ങളിലൂടെ അപ്രതീക്ഷിതമായുണ്ടാകുന്ന കഷ്ട നഷ്ടങ്ങളില്‍ ഒരു മനുഷ്യന് നശിച്ചുപോകാന്‍ പാടില്ലെന്നതും അടിസ്ഥാന ശ്രദ്ധയാണ്. എന്നാല്‍ ഒരാളെ രക്ഷിക്കുന്നത് മറ്റൊരാളെയോ ഒരു കൂട്ടം ആളുകളെയോ നശിപ്പിച്ചുകൊണ്ടാകരുത് എന്ന് ഇസ്ലാമിനു നിര്‍ബന്ധമുണ്ട്. ചീത്തയെ നന്മ കൊണ്ടാണ് തടയേണ്ടത് എന്നതാണ് ഇസ്ലാം നല്കുന്ന അടിസ്ഥാന പാഠം. പരസ്പര സഹകരണത്തിന് മാനവിക മുഖം നല്കുന്ന ഇസ്ലാം കണ്ട ബദല്‍ നിര്‍ബന്ധദാനങ്ങള്‍, ഐഛികദാനങ്ങള്‍, കടം എന്നിവയാണ്. ഭൗതികമായി ലാഭം പ്രതീക്ഷിക്കാതെ സഹജീവിയെ സഹായിച്ചാല്‍ ഭൂമിയിലെയും മരണാനന്തരജീവിതത്തിലെയും നഷ്ടങ്ങള്‍ക്ക് അത് പരിഹാരമാകുമെന്ന് ഇസ്ലാം പഠിപ്പിക്കുന്നു.
മഹത്തായ സേവനത്തിന്റെയും സഹകരണത്തിന്റെയും ഒരു വശം ഉള്‍ച്ചേരുമ്പോഴും നാട്ടില്‍ നടപ്പുള്ള ഇന്‍ഷുറന്‍സുകളെല്ലാം പലിശാധിഷ്ഠിതമാണെന്നതില്‍ സംശയമില്ല. ഭാവി ഒട്ടും സുരക്ഷിതമല്ലാത്ത സാഹചര്യത്തില്‍ ജീവിക്കുമ്പോള്‍ തന്റെ ആശ്രിതര്‍ കഷ്ടപ്പെടാതിരിക്കാനും തന്റെ ആരോഗ്യം കുടുംബത്തിന് ഭാരമാകാതിരിക്കാനും രോഗം, അപകടം, മരണം, സ്വത്തുനാശം എന്നിവയിലെല്ലാം സുരക്ഷയേകാന്‍ ഇന്‍ഷുറന്‍സുകള്‍ അനിവാര്യമായേക്കാം.
ഇന്‍ഷുറന്‍സ് പലിശാധിഷ്ഠിതമായതിനാല്‍ ഇസ്ലാം അംഗീകരിക്കുന്നില്ലെങ്കിലും നമ്മുടെ നാടുകളില്‍ ചില ഇന്‍ഷുറന്‍സുകള്‍ നിര്‍ബന്ധമാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള എസ് എല്‍ ഐ, ജി ഐ എസ്, വാഹനങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും ഇങ്ങനെ നിര്‍ബന്ധമായി ഇന്‍ഷുറന്‍സില്‍ ചേരേണ്ടി വരുന്നു. ഇവയില്‍ പങ്കാളികളാവുകയും അപരിഹാര്യവും വലുതുമായ നഷ്ടങ്ങളുണ്ടാകുമ്പോള്‍ താന്‍ അടച്ച മുതല്‍ മാത്രം വാങ്ങുകയോ ആവശ്യത്തിനുള്ള നഷ്ടപരിഹാരം മാത്രം വാങ്ങുകയോ ചെയ്യുന്നതാണ് ഉചിതം. സര്‍ക്കാര്‍ നല്‍കേണ്ട സുരക്ഷ ഇന്‍ഷുറന്‍സ് കമ്പനിയുമായി ബന്ധപ്പെടുത്തി നിര്‍വഹിക്കാറുണ്ട്. താഴ്ന്ന വരുമാനക്കാര്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ്, കാര്‍ഷിക ഇന്‍ഷുറന്‍സ് എന്നിവ ഇതില്‍പെട്ടതാണ്. ഇത് സര്‍ക്കാര്‍ ആനുകൂല്യമായി പരിഗണിക്കുകയും ഉപയോഗപ്പെടുത്തുകയും ചെയ്യാം. സുരക്ഷിതമല്ലാത്ത ജീവിത സാഹചര്യങ്ങളിലുള്ളവര്‍ക്ക് സര്‍ക്കാര്‍ തലത്തിലും മറ്റുമുള്ളതോ പലിശ കുറവുള്ളതോ ആയ ഇന്‍ഷുറന്‍സുകള്‍ ഉപയോഗപ്പെടുത്താം. നിര്‍ബന്ധിത സാഹചര്യങ്ങളില്‍ ഇസ്ലാം മാനുഷികമായ വിട്ടുവീഴ്ചകള്‍ ചെയ്യുന്നു എന്ന ആനുകൂല്യത്തിലാണിത്. അപ്പോള്‍ പേടിയോടും ഭക്തിയോടും കൂടിമാത്രമേ ഇതിനെ സമീപിക്കാവൂ. പരസ്പര സഹകരണത്തിന്റെ ഇസ്ലാമിക മാതൃകകള്‍ സൃഷ്ടിക്കുന്ന വിശാലത ലോകത്തിന് കാണിച്ചുകൊടുക്കാനുള്ള പദ്ധതികളെ കുറിച്ച് ഇസ്ലാമിക നേതൃത്വം ഗൗരവമായി ആലോചിക്കട്ടെ. ഇന്‍ഷുറന്‍സിനോടുള്ള മൃദുസമീപനം അല്ലാഹുവില്‍ തവക്കുല്‍ ചെയ്യാനുള്ള ഈമാന്‍ നഷ്ടപ്പെടുന്ന വിധത്തിലാവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അപകടങ്ങളിലും ദുരിതങ്ങളിലുമെല്ലാം അല്ലാഹുവിന്റെ വിധിയില്‍ സമാശ്വസിച്ച് ക്ഷമിക്കാനാണ് ഇസ്ലാം ആവശ്യപ്പെടുന്നത്; അല്ലാഹുവില്‍ ഭരമേല്പിക്കാനും. ''കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക''(2:155).
ഭാവിയെക്കുറിച്ച അമിതമായ ആശങ്കകളാണ് നമ്മെ അല്ലാഹു നിഷിദ്ധമാക്കിയ പലിശാധിഷ്ഠിത ഇന്‍ഷുറന്‍സുകളിലെത്തിക്കുന്നതെങ്കില്‍, അല്ലാഹുവിന്റെ പരീക്ഷണങ്ങളില്‍ ആര്‍ക്കും ഇന്‍ഷൂര്‍ നല്കാന് കഴിയില്ലെന്ന ബോധത്തോടെ മാത്രം അതില്‍ ഇടപെടുക. ''നീ ചോദിക്കുക: എല്ലാ വസ്തുക്കളുടെയും ആധിപത്യം ഒരുവന്റെ കൈവശമാണ്. അവന് അഭയം നല്കുന്നു. അവന്നെതിരായി (എവിടെ നിന്നും) അഭയം ലഭിക്കുകയില്ല. അങ്ങനെയുള്ളവന് ആരാണ്? നിങ്ങള്‍ക്കറിയാമെങ്കില്‍ (പറയൂ)''(23:88).