നിശ്ചിത ഓഹരിക്കാര്‍
2/3, 1/2, 1/3, 1/4, 1/6, 1/8 എന്നിങ്ങനെ തങ്ങളുടെ ഓഹരികള്‍ നിര്‍ണയിക്കപ്പെട്ടിട്ടുള്ളവര്‍ക്കാണ് നിശ്ചിത ഓഹരിക്കാര്‍ എന്നു പറയുന്നത്. ഇവര്‍ ആരൊക്കെയെന്ന് അനന്തരാവകാശികള്‍ എന്ന ശീര്‍ഷകത്തിലെ പട്ടികയില്‍ വിവരിക്കുന്നുണ്ട്.
ശിഷ്ട ഓഹരിക്കാര്‍ (അസ്വബ)
നിശ്ചിത ഓഹരിക്കാരല്ലാത്ത അവകാശികള്‍ക്കാണ് ശിഷ്ട ഓഹരിക്കാര്‍ എന്നു പറയുന്നത്. നിശ്ചിത ഓഹരിക്കാരുടെ ഓഹരികള്‍ കഴിച്ച് ബാക്കി ഇവര്‍ക്ക് ലഭിക്കുന്നതാണ്.
ഇവര്‍ മാത്രമേ അനന്തരാവകാശികളായിട്ടുള്ളൂ എങ്കില്‍ സ്വത്ത് മുഴുവന്‍ ഇവര്‍ക്ക് ലഭിക്കുന്നതാണ്. ഉദാ: പരേതന്ന് ഒരു പുത്രന്‍ മാത്രമാണുള്ളതെങ്കില്‍ സ്വത്തു മുഴുവന്‍ പുത്രന്നു ലഭിക്കുന്നതാണ്.
ഇവരോടൊപ്പം നിശ്ചിത ഓഹാരിക്കാരുമുണ്ടെങ്കില്‍ അവരുടെ ഓഹരികള്‍ കഴിച്ച് ബാക്കി ഇവര്‍ക്കു ലഭിക്കുന്നതാണ്. ഉദാ: പരേതന് ഒരു പുത്രിയും (നിശ്ചിത ഓഹരി) ഒരു സഹോദരനുമാണുള്ളതെങ്കില്‍ പുത്രിയുടെ നിശ്ചിത ഓഹരി കഴിച്ചു ബാക്കി സഹോദരന്ന് ലഭിക്കുന്നതാണ്.
ഇനി നിശ്ചിത ഓഹരിക്കാരുടേതു കഴിച്ച് ബാക്കിയൊന്നുമില്ലെങ്കില്‍ ഇവര്‍ക്ക് ഒന്നും ലഭിക്കുകയില്ല ഉദാ: പരേതയ്ക്ക് ഭര്‍ത്താവും ഒരു നേര്‍ സഹോദരിയും സഹോദരന്റെ ഒരു പുത്രനുമാണുള്ളതെങ്കില്‍ മൂന്നു പേരും അവകാശികളാണ്. എന്നാല്‍ ഭര്‍ത്താവും നേര്‍ സഹോദരിയും നിശ്ചിത ഓഹരിക്കാരാണ.് അവരുടെ ഓഹരികള്‍ 1/2 ഉം 1/2 ഉം ആണ് അതിനാല്‍ ഇവരുടെ ഓഹരികള്‍ കഴിച്ചു ബാക്കി അവശേഷിക്കുന്നില്ല എന്നതിനാല്‍ ശിഷ്ട ഓഹരിക്കാരനായ സഹോദര പുത്രന് ഒന്നും ലഭിക്കുകയില്ല.
എന്നാല്‍ പിതാവിന്നും പുത്രന്നും അവര്‍ ശിഷ്ട ഓഹരിക്കാരാണെങ്കിലും മുകളില്‍ പറഞ്ഞതുപോലെ അനന്തരാവകാശം ലഭിക്കാത്ത ഒരവസ്ഥ അവര്‍ക്കുണ്ടാവുകയില്ല.