അനിതരമായ ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥയുടെ ഏറ്റവും ഉദാത്തമായ ഒരു ഭാഗമാണ് ദായക്രമം. ഒരു വ്യക്തി തന്റെ ജീവിത കാലത്ത് നടത്തുന്ന സമ്പാദന വിതരണ വിനിമയ മര്യാദകളെല്ലാം ഇസ്‌ലാമിക നിയമത്തിലുണ്ട്. തന്റെ സമ്പത്ത് പിന്‍തലമുറയ്ക്കു വേണ്ടി സൂക്ഷിച്ചു വെക്കാനും അനുവാദമുണ്ട്; സ്വാതന്ത്ര്യവും. അവിടം കൊണ്ടവസാനിക്കുന്നില്ല. ഒരാള്‍ മരണപ്പെട്ടാല്‍ അയാള്‍ വിട്ടേച്ചു പോയ ധനം എന്തു ചെയ്യണമെന്ന കൃത്യമായ നിയമങ്ങള്‍ അല്ലാഹു പഠിപ്പിക്കുന്നു. അതാണ് അനന്തരാവകാശ നിയമം.
ഇസ്‌ലാമിന്റെ ദായക്രമത്തിന് കിടപിടിക്കാവുന്ന ഒന്ന് മറ്റൊരു മതത്തിലും ദര്‍ശനത്തിലും ഇല്ല. മുസ്‌ലിം സമൂഹത്തിനിടയില്‍ പല വിഷയങ്ങളിലും ഭിന്ന വീക്ഷണങ്ങളും അഭിപ്രായ വ്യത്യാസങ്ങളും നിലനില്ക്കുന്നുണ്ട്. എന്നാല്‍ വീക്ഷണ വ്യത്യാസം ഒട്ടുമില്ലാത്ത ഒരു ഭാഗമാണ് ദായക്രമ നിയമം. അവകാശികള്‍, അവകാശം, ഓഹരിക്രമം തുടങ്ങി അതിന്റെ വിശദാംശങ്ങള്‍ അടങ്ങിയ ഒരു ബൃഹത്തായ വിജ്ഞാന ശാഖയാണ് അനന്തരാവകാശ നിയമം.