ഇസ്‌ലാമിന് മുമ്പും പിമ്പും പല ഭരണാധികാരികളും ഭരണകൂടങ്ങളും പലതരം നികുതികളും ജന ങ്ങളില്‍ നിന്ന് സംഭരിച്ച് തങ്ങള്‍ക്കും തങ്ങളുടെ ബന്ധുമിത്രാതികള്‍ക്കും വേണ്ടി ചെലവഴിക്കാറാണ് പതിവ്. എന്നാല്‍ ഇസ്‌ലാമില്‍ സകാത്ത് ആരില്‍ നിന്ന് എത്രയൊക്കെയാണ് സമാഹരിക്കേണ്ടത് എന്നത് പോലെത്തന്നെ പ്രധാനപ്പെട്ടതാണ് ആരിലൊക്കെയാണ് വിനിയോഗിക്കേണ്ടത് എന്നതും. അത് ലഭിക്കേണ്ടവര്‍ക്കു ലഭിക്കാതെ പോവുകയോ ലഭിക്കേണ്ടതല്ലാത്തവര്‍ക്കു ലഭിക്കുകയോ ചെയ്യാന്‍ പാടില്ല. സകാത്ത് ചോദിച്ചു വന്ന വ്യക്തിയോട് പ്രവാചകന്‍ (സ്വ) പറഞ്ഞ മറുപടി, അബുദാവൂദ് റിപ്പോര്‍ട് ചെയ്യുന്നു:
പ്രവാചകന്‍(സ്വ) പറഞ്ഞു: ''ഒരു പ്രവാചകന്റെയോ അല്ലെങ്കില്‍ മറ്റൊരാളുടെയോ സകാത്ത് സംബ ന്ധമായ വിധി അല്ലാഹു തൃപ്തിപ്പെടുകയില്ല. അല്ലാഹുതന്നെ അതില്‍ ഒരു വിധി പറഞ്ഞിട്ടുണ്ടായി രിക്കെ. അവന്‍ അതിന് അര്‍ഹതപ്പെട്ടവരെ എട്ടു വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. നീ ആ വിഭാഗങ്ങളില്‍പെടുന്നുവെങ്കില്‍ നിനക്ക് നിന്റെ അവകാശം ഞാന്‍ നല്‍കുന്നതാണ്''.
ഈ എട്ടു വിഭാഗമാണ് അല്ലാഹു സൂറ: അത്തൗബയില്‍ 60ാം ആയത്തില്‍ വിവരിക്കുന്നത്. ''ദാനധര്‍മങ്ങള്‍ (നല്‍കേണ്ടത്) ദരിദ്രന്‍മാര്‍ക്കും അഗതികള്‍ക്കും അതിന്റെ കാര്യത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും (ഇസ്‌ലാമുമായി) മനസ്സുകള്‍ ഇണക്കപ്പെട്ടവര്‍ക്കും അടിമകളുടെ (മോചനത്തിന്റെ) കാര്യത്തിലും കടംകൊണ്ട് വിഷമിക്കുന്നവര്‍ക്കും അല്ലാഹുവിന്റെ മാര്‍ഗത്തിലും വഴിപോക്കന്നും മാത്രമാണ്. അല്ലാഹുവിങ്കല്‍ നിന്ന് നിശ്ചയിക്കപ്പെട്ടതത്രെ ഇത്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്'' (അത്തൗബ: 60).