Skip to main content

അനന്തരാവകാശം: പഠനം, പ്രധാന്യം

 പ്രയോഗവല്‍ക്കരിക്കേണ്ടതിന്റെ പ്രാധാന്യം

ഇസ്‌ലാമില്‍ അടിസ്ഥാന പ്രാധാന്യമുള്ള അനുഷ്ഠാനങ്ങളായ നമസ്‌കാരത്തിന്റെയോ സകാത്തിന്റെയോ വിശദ വിവരങ്ങള്‍ ഖുര്‍ആനില്‍ വിശദീകരിക്കപ്പെട്ടിട്ടില്ല. എന്നാല്‍ മരണപ്പെടുന്ന ഒരു വ്യക്തിയുടെ സ്വത്തിന്റെ അവകാശികള്‍ ആരെല്ലാമാണ്, അവരുടെ വിഹിതങ്ങളെത്ര എന്നിവയൊക്കെ ഖുര്‍ആന്‍ വളരെ വിശദമായി പ്രതിപാദിക്കുന്നു. അനന്തരാവകാശവുമായി ബന്ധപ്പെട്ട ഭൂരിഭാഗം വിധികളും ഖുര്‍ആനില്‍ നേരിട്ട് പരാമര്‍ശിച്ചിട്ടുള്ളവയാണ്. ബാക്കി കുറച്ചു മാത്രമേ ഹദീസിലും പണ്ഡിതാഭിപ്രായമായും വന്നിട്ടുള്ളു. ഇതില്‍ നിന്ന് ഇസ്‌ലാമിലെ അനന്തരാവകാശ സംവിധാനത്തിന് എത്ര മാത്രം പ്രാധാന്യം ഉണ്ട് എന്ന് മനസ്സിലാക്കാവുന്നതാണ്. സൂറ: അന്നിസ്സാഇലെ 11 ഉം 12 ഉം സൂക്തങ്ങളില്‍ ഓരോ അനന്തരാവകാശിയുടെയും ഓഹരി എത്രയാണെന്നു വിവരിച്ച ശേഷം അള്ളാഹു പറയുന്നു: 
 
''അല്ലാഹുവിന്റെ നിയമപരിധികളാകുന്നു ഇവയൊക്കെ. ഏതൊരാള്‍ അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുന്നുവോ അവനെ അല്ലാഹു താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ പ്രവേശിപ്പിക്കുന്നതാണ്. അവരതില്‍ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ വിജയം'' (4: 14).
  
ആര്‍ അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുകയും, അവന്റെ(നിയമ) പരിധികള്‍ ലംഘിക്കുകയും ചെയ്യുന്നുവോ അവനെ അല്ലാഹു നരകാഗ്‌നിയില്‍ പ്രവേശിപ്പിക്കും. അവനതില്‍ നിത്യവാസിയായിരിക്കും. അപമാനകരമായ ശിക്ഷയാണ് അവന്നുള്ളത്.

പഠിക്കേണ്ടതിന്റെ പ്രാധാന്യം
 
അബൂഹുറയ്‌റ(റ) പറയുന്നു: നബി(സ്വ)പറഞ്ഞു: ഹേ! അബൂഹുറയ്‌റാ,  നിങ്ങള്‍ അനന്തരാവകാശ വിധികള്‍ പഠിക്കുകയും അത് പഠിപ്പിക്കുയും ചെയ്യുവിന്‍. കാരണം അത് വിജ്ഞാനത്തിന്റെ പകുതിയാണ്. പെട്ടെന്ന് വിസ്മരിക്കപ്പെടുന്നതും എന്റെ സമുദായത്തില്‍ നിന്ന് ആദ്യമായി നീക്കപ്പെടുന്നതുമത്രെ അത്  (ഇബ്‌നു മാജ).

ഈ വിഷയം പഠിക്കേണ്ടതിന്റെയും അത് മറ്റുള്ളവരെ പഠിപ്പിക്കേണ്ടതിന്റെയും പ്രാധാന്യം ഈ പ്രവാചക വചനത്തില്‍ നിന്ന് വ്യക്തമാണ്. എന്നാല്‍ ഈ വിഷയം പഠിക്കുക എന്നത് വ്യക്തിഗത ബാധ്യത(ഫര്‍ദ് ഐന്‍)അല്ല.    മറിച്ച് സാമൂഹ്യ ബാധ്യത (ഫര്‍ദ് കിഫായ) ആണ്.

ഇബ്‌നു അബ്ബാസ്, ഇബ്‌നു മസ്ഊദ് എന്നിവര്‍ ഈ വിഷയത്തില്‍ പ്രാഗത്ഭ്യം നേടിയവരായിരുന്നു. ഇവരില്‍  തന്നെ അഗ്രഗണ്യന്‍ സൈദുബ്‌നു സാബിതാണെന്നു പ്രവാചകന്‍ സാക്ഷ്യപെടുത്തിയിട്ടുണ്ട് (തിര്‍മിദി).
 

 

Feedback