തങ്ങളുടെ സകല സ്വത്തും മക്കയിലുപേക്ഷിച്ച് മദീനയിലെത്തിയ മുഹാജിറുകളുടെ സാമ്പത്തിക പ്രശ്‌നപരിഹാരത്തിനായി മുഹാജിറുകളില്‍പ്പെട്ട ഓരോരുത്തരെയും മദീനയിലെ അന്‍സാരികളില്‍ ഓരോരുത്തരുടെ സഹോദരന്‍മാരായിട്ട് നബി(സ്വ) പ്രഖ്യാപിക്കുകയുണ്ടായി. രക്തബന്ധം പോലെ ഈ സാഹോദര്യബന്ധം കണക്കാക്ക പ്പെട്ടതു കൊണ്ട് അവര്‍ പരസ്പരം അനന്തര സ്വത്തുക്കളുടെയും അവകാശികളായിരുന്നു. ഈ അവസ്ഥ ഒന്നരക്കൊല്ലം നിലനിന്നു. എന്നാല്‍ സത്യവിശ്വാസികള്‍ പരസ്പരം സാഹോദര്യബന്ധമുള്ളവര്‍ തന്നെയാണെങ്കിലും, രക്തബന്ധമുള്ളവരാണ് അനന്തരാവകാ ശത്തിന് അര്‍ഹരെന്നു പ്രസ്താവിക്കുന്ന ഖുര്‍ആനിലെ താഴെപ്പറയുന്ന സൂക്തം അവതരിച്ചതോടെ ഈ നില ദുര്‍ബലപ്പെടുകയുണ്ടായി.
''അതിനു ശേഷം വിശ്വസിക്കുകയും, സ്വദേശം വെടിയുകയും നിങ്ങളോടൊപ്പം സമരത്തില്‍ ഏര്‍പെടുകയും ചെയ്തവരും നിങ്ങളുടെ കൂട്ടത്തില്‍ തന്നെ. എന്നാല്‍ രക്തബന്ധമുള്ളവര്‍ അല്ലാഹുവിന്റെ രേഖയില്‍ (നിയമത്തില്‍) അന്യോന്യം കൂടുതല്‍ ബന്ധപ്പെട്ടവരാകുന്നു. തീര്‍ച്ചയായും അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു'' ( 8 : 75 ).
ഈ സൂക്തം അവതരിച്ചത് ഹിജ്‌റ രണ്ടാം വര്‍ഷമാണ്. എന്നാല്‍ ഹിജ്‌റ മൂന്നാം വര്‍ഷം ഉഹ്ദ് യുദ്ധത്തില്‍ 70 ഓളം സഹാബികള്‍ രക്തസാക്ഷികളായിരുന്നു. അതില്‍പ്പെട്ട സഅ്ദ്ബ്‌നു റബീഅ്(റ) എന്ന സ്വഹാബിയുടെ അനന്തര സ്വത്തുക്കളെല്ലാം അദ്ദേഹത്തിന്റെ ഭാര്യക്കോ പുത്രിമാര്‍ക്കോ നല്‍കാതെ സഹോദരങ്ങള്‍ സ്വന്തമാക്കിയപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ തന്റെ പുത്രിമാരെയും കൂട്ടി പ്രവാചക സന്നിധിയില്‍ വന്നു പരാതി ബോധിപ്പിച്ചതിനെ തുടര്‍ന്നാണ് ദായക്രമത്തെക്കുറിച്ചുള്ള സൂക്തങ്ങള്‍ അവതരിച്ചത് (4: 11,12).
''മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചുപോയ സ്വത്തില്‍ പുരുഷന്മാര്‍ക്ക് നിശ്ചിത ഓഹരിയുണ്ട്. മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചുപോയ സ്വത്തില്‍ സ്ത്രീകള്‍ക്കും നിശ്ചിതമായ അവകാശമുണ്ട്'' (ഖുര്‍ആന്‍ 4:7).