ഭൗതികലാഭം മോഹിക്കാതെ ചെയ്യുന്ന നന്മകളെ ഖുര്‍ആന്‍ പരലോകക്കച്ചവടമായി ഉപമിച്ചിട്ടുണ്ട് (35: 29, 61:10,11). എന്നാല്‍ ഭൗതികത വിറ്റ് ആത്മീയത നേടുന്ന കച്ചവടമല്ലാതെ ആത്മീയത വിറ്റ് ഭൗതികത നേടുന്ന എല്ലാ കച്ചവടവും നിഷിദ്ധമാണ്. ഇത് നേര്‍ക്കുനേരെ കച്ചവടമാകുന്നവയും മറ്റുരൂപത്തില്‍ വരുമാനമാകുന്നവയുമുണ്ട്. പ്രവാചക കുടുംബം, റസൂലിന്റെ ഭൗതിക അവശിഷ്ടങ്ങള്‍, സഹാബികളുടെ പിതൃപരമ്പര, മഹാന്മാരുടെ ഖബ്‌റുകള്‍ തുടങ്ങിയവ യാതൊരു കാരണവശാലം വില്‍പന നടത്താനോ സമ്പാദ്യമാര്‍ഗമാക്കാനോ പാടില്ലാത്തതാണ്. ഇവയുടെയെല്ലാം പേരില്‍ നടക്കുന്ന ബറകത് വ്യവസായം നിഷിദ്ധ വരുമാനമാണ്. ഇതിന് നേതൃത്വംകൊടുക്കുന്ന പുരോഹിതന്മാരെ ഖുര്‍ആന്‍ ശക്തമായി വിമര്‍ശിക്കുന്നുണ്ട്. ''സത്യവിശ്വാസികളേ, പണ്ഡിതന്‍മാരിലും പുരോഹിതന്‍മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് (അവരെ) തടയുകയും ചെയ്യുന്നു'' (9:34).
ഉറുക്കും ഏലസ്സും മന്ത്രവും മാരണവും നടത്തുന്നതും അതിനുപയോഗിക്കുന്ന വസ്തുക്കള്‍ കച്ചവടംചെയ്യുന്നതും നിഷിദ്ധമാണ്. വിശുദ്ധ ഖുര്‍ആനിലെയും പ്രവാചക സുന്നതിലെയും വചനങ്ങള്‍ ഉപയോഗിച്ച് പ്രാര്‍ഥിക്കുന്നതാണ് ഇസ്‌ലാം അനുവദിച്ച മന്ത്രങ്ങള്‍. നൂല്‍, വെള്ളം പോലെ യാതൊരു മാധ്യമവുമില്ല. ഇങ്ങനെ നിര്‍വഹിക്കുന്ന പ്രാര്‍ഥനകള്‍ക്ക് പ്രതിഫലം വാങ്ങാമോ എന്ന കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ട്. നബി(സ്വ)യുടെ ചില അനുചരന്മാര്‍ ഇങ്ങനെ പ്രതിഫലം വാങ്ങിയതായുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഇതിന് പ്രതിഫലം വാങ്ങാമെന്ന് അഭിപ്രായപ്പെടുന്നു. എന്നാല്‍ അവര്‍ക്ക് നിയമപരമായി ലഭിക്കേണ്ട ആതിഥ്യം നിഷേധിച്ച ആളുകളില്‍ നിന്നായതിനാലാണ് അവര്‍ കൂലി വാങ്ങിയതെന്നും ഈ പ്രാര്‍ഥന ആത്മാര്‍ഥമായ സഹോദര സ്‌നേഹത്തില്‍ രൂപപ്പെടേണ്ടതായതിനാല്‍ പ്രതിഫലം വാങ്ങാന്‍ പാടില്ലെന്നുമാണ് മറുവിഭാഗത്തിന്റെ ന്യായം. ഇതാണ് കൂടുതല്‍ സത്യത്തോടടുക്കുന്ന അഭിപ്രായം.
അതുപോല അന്ധവിശ്വാസാധിഷ്ഠിതമായ ചാവടിയന്തരം, ആണ്ടറുതി, പേരിടല്‍, കൈനോട്ടം, മുഖലക്ഷണം പറയല്‍, ഭാവി പ്രവചനങ്ങള്‍, ജ്യോത്സ്യം, കവടി, നഹ്‌സ്, മുഹൂര്‍ത്തം, എഴുത്തിനിരുത്ത്, സ്ഥാനം നിര്‍ണയിക്കല്‍ തുടങ്ങിയ കാര്യങ്ങളും, ജനനം, ചേലാകര്‍മം, കാതുകുത്ത്, യാത്ര, മരണം തുടങ്ങി ഇസ്‌ലാം ആവശ്യപ്പെട്ടിട്ടില്ലാത്ത വിവിധ സന്ദര്‍ഭങ്ങളില്‍ കൂട്ടു പ്രാര്‍ഥനകളും ഖുര്‍ആന്‍ പാരായണവും നിര്‍വഹിച്ച് പ്രതിഫലമോ പ്രത്യുപകാരമോ സമ്മാനങ്ങളോ വാങ്ങുന്നതും നിഷിദ്ധമാണ്. ഇതില്‍ ചിലത് ബഹുദൈവാരാധനയിലും സത്യനിഷേധത്തിലുമെത്തുമ്പോള്‍ മറ്റു ചിലത് മഹാപാപമായി മാറും. ജാഹിലിയ്യതില്‍ നടത്തിയ കൈനോട്ടത്തിന് കിട്ടിയ പ്രതിഫലത്തില്‍ നിന്നുണ്ടാക്കിയ പലഹാരമാണ് താന്‍ കഴിച്ചതെന്നറിഞ്ഞപ്പോള്‍, വായില്‍ കൈവെച്ച് അതിന്റെ അവസാന അംശം പോലും ഛര്‍ദിച്ചു കളയാനാണ് അബൂബക്കര്‍(റ) ശ്രമിച്ചത്.
ബഹുദൈവാരാധനയ്ക്ക് ആവശ്യമായ വിളക്കുകള്‍, പ്രതിഷ്ഠകള്‍, ചിത്രങ്ങള്‍, വസ്ത്രങ്ങള്‍, പഴങ്ങള്‍, പൂക്കള്‍ എന്നിവയുടെ ക്രയവിക്രയങ്ങളും ദാനങ്ങളും സമ്മാനങ്ങളും പാടില്ലാത്തതാണ്. ഇവയുടെയെല്ലാം ഇടപാടുകള്‍ അതാത് വിശ്വാസികള്‍ക്ക് വിട്ടുകൊടുക്കുകയാണ് അഭികാമ്യമായിട്ടുള്ളത്. എന്നാല്‍ ഇത്തരം വസ്തുക്കള്‍ മറ്റ് ഉപകാരപ്രദമായ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നവയാണെങ്കില്‍ അവ വില്‍ക്കുന്നതും നല്കുന്നതും ഉപയോഗിക്കുന്നതും അഭിലഷണീയമല്ലെങ്കിലും കുറ്റകരമല്ല. ആണ്ടു നേര്‍ച്ച സ്ഥലത്തും ക്ഷേത്രാങ്കണങ്ങളിലും കച്ചവടക്കാരും ഉപഭോക്താക്കളും കാണികളുമാകേണ്ടത് അവയില്‍ വിശ്വസിക്കുന്നവരാണ്. ബഹുമത സമൂഹത്തില്‍ ഇത്തരം സന്ദര്‍ഭത്തെ അഭിമുഖീകരിക്കേണ്ടി വരുന്ന വിശ്വാസികള്‍ ഇവിടെ ഏറെ സൂക്ഷ്മത പുലര്‍ത്താന്‍ ശ്രമിക്കുകയാണ് വേണ്ടത്. തന്റെ വിശ്വാസത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ മറ്റു മതവിശ്വാസങ്ങളെയും ആചാരങ്ങളെയും ആദരിച്ചുകൊണ്ടു ജീവിക്കാനാണ് ഇസ്‌ലാം ആവശ്യപ്പെടുന്നത്. 'നിങ്ങള്‍ക്ക് നിങ്ങളുടെ മതം, എനിക്ക് എന്റെതും'(109:6), 'ഇഷ്ടമുള്ളവന്‍ വിശ്വസിക്കുകയോ അവിശ്വസിക്കുകയോചെയ്യട്ടെ'(18:29) എന്നിങ്ങനെയാണ് ഇസ്‌ലാമിന്റെ മതവീക്ഷണം. ആ മാതൃകയാണ് റസൂലിന്റെ നാട്ടിലും നമ്മുടെ നാട്ടിലും എല്ലാ കാലത്തും മഹാത്മാക്കളായ മുന്‍ഗാമികള്‍ കാണിച്ചു തന്നത്. ക്രൈസ്തവ ദേവാലയത്തില്‍ നമസ്‌കരിക്കാന്‍ അനുവാദം ലഭിച്ചിട്ടും ഉമര്‍(റ) അതു നിര്‍വഹിക്കാതിരുന്നത് അദ്ദേഹത്തിന്റെ വിശാലമായ മതേതര കാഴ്ചപ്പാടുകൊണ്ടായിരുന്നു. ഹിന്ദുവായ ഗാന്ധിജിക്കും മതവിശ്വാസിയല്ലാതിരുന്ന നെഹ്‌റുവിനുമൊപ്പം രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ തോള്‍ ചേര്‍ന്ന ഖുര്‍ആന്‍ പണ്ഡിതനായ അബുല്‍കലാം ആസാദിന് അവരുടെ മത അനുഷ്ഠാനങ്ങള്‍ക്കോ വിശ്വാസങ്ങള്‍ക്കോ കൂടെ നില്‍ക്കേണ്ടി വന്നില്ല.
വഖ്ഫ് സ്വത്തുകള്‍, അല്ലാഹുവിന്റെ ചിഹ്നങ്ങളായ പള്ളികള്‍, ബലി മൃഗങ്ങള്‍, ഖുര്‍ആന്‍, ഇസ്‌ലാമിക അനുഷ്ഠാനങ്ങള്‍, വിജ്ഞാനങ്ങള്‍ എന്നിവയും കച്ചവടം ചെയ്യാന്‍ പാടില്ല. എന്നാല്‍ വിശ്വാസികളുടെ വിശാല നന്മലക്ഷ്യം വെച്ച് ചില നിയന്ത്രണങ്ങളോടെ ഇവയില്‍ കച്ചവടം അനുവദനീയമാണ്. വഖ്ഫ് സ്വത്ത്, പള്ളി, ബലി മൃഗം എന്നിവ അതിനേക്കാള്‍ ഉത്തമമായതിനു പകരമായി വില്‍ക്കാവുന്നതാണ്. ഇവിടെയുണ്ടാകുന്ന ലാഭങ്ങളും പ്രയോജനങ്ങളും അതേ കാര്യങ്ങള്‍ക്കു ഗുണകരമാകും എന്ന വ്യവസ്ഥയോടെ മാത്രമേ ഇത് അനുവദിക്കപ്പെടൂ.
ഖുര്‍ആന്‍, ഇസ്‌ലാമിക ഗ്രന്ഥങ്ങള്‍ എന്നിവ വില്‍ക്കുക, മറ്റൊരാള്‍ക്കു വേണ്ടി ഹജ്ജു ചെയ്യുക, ബാങ്ക്, ഇമാമത്, ഖുതുബകള്‍, മത വിജ്ഞാന ക്ലാസുകള്‍ എന്നിവ നിര്‍വഹിക്കുക തുടങ്ങിയവയെല്ലാം സൗജന്യമായി നല്കപ്പെടേണ്ടതാണ്. എന്നാല്‍ ഇവ നിര്‍വഹിക്കാനാവശ്യമായ ചെലവുകളും, അതിന്റെ പേരില്‍ ഉപജീവനത്തിന് തടസ്സമുണ്ടാകുന്നതിനാലുള്ള ജീവിതച്ചെലവുകളും സ്വീകരിക്കാമെന്നാണ് ഭൂരിപക്ഷ പണ്ഡിതരും അഭിപ്രായപ്പെടുന്നത്. ഇവയെല്ലാം പൂര്‍ണമായും പരലോക പ്രതീക്ഷയോടെ, ഭൗതികമായി യാതൊന്നും ലക്ഷ്യമാക്കാതെ നിര്‍വഹിക്കേണ്ടതാണെന്നതില്‍ തര്‍ക്കമില്ല. അതിനാല്‍ നിര്‍ബന്ധിത സാഹചര്യങ്ങളിലും നിര്‍ബന്ധിതാവസ്ഥ നീങ്ങുന്നതുവരെയും മാത്രം ഇവയില്‍ നിന്നുള്ള വരുമാനം സ്വീകരിക്കുക എന്ന നിലപാടാണ് സൂക്ഷ്മത പുലര്‍ത്തുന്നവര്‍ സ്വീകരിക്കേണ്ടത്.