സ്വന്തമായി നിര്‍വഹിക്കാന്‍ കഴിയാത്ത സാഹചര്യത്തിലും കൃഷി നടക്കണം. അതിനാല്‍ ഇസ്ലാം അതില്‍ പരസ്പര പങ്കാളിത്തങ്ങള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്. പാട്ടം(മുസാറഅ), നനക്കൂറ്(മുസാഖാത്) എന്നിവയാണ് അതില്‍ പ്രധാനം. വിളവിന്റെ നിശ്ചിത ശതമാനം നല്‍കണമെന്ന വ്യവസ്ഥയോടെ ഭൂമി കര്‍ഷകന്ന് കൃഷിചെയ്യാന്‍ വിട്ടു കൊടുക്കുന്ന രീതിയാണ് ഇസ്ലാം അംഗീകരിക്കുന്ന പാട്ട ഇടപാട്. (പാട്ടം ലിങ്ക് കാണുക)
വിളകള്‍ നല്കുന്ന ചെടികളും മരങ്ങളും പരിപാലിക്കുന്നതിന് വിട്ടു നല്‍കുകയും മുന്‍ നിശ്ചയ പ്രാകാരം ആദായത്തില്‍ പങ്കുപറ്റുകയും ചെയ്യുന്ന രീതിയാണ് നനക്കൂറ്. മദീനയിലെത്തിയ മുഹാജിറുകള്‍ അന്‍സാറുകളുടെ തോട്ടങ്ങളില്‍ പങ്കാളികളായത് ഈ വിധത്തിലായിരുന്നു. ജലസേചനം, വളം ചെയ്യല്‍, കള പറിക്കല്‍, സന്ദര്‍ഭാനുസരണമുള്ള മറ്റു ജോലികള്‍ എന്നിവ ചെയ്യേണ്ടത് നനക്കൂറ് ഏറ്റെടുത്ത വ്യക്തിയാണ്. ചെടി നടുന്നതും തോട്ടത്തിന് വേലികെട്ടുന്നതുമെല്ലാം തോട്ട ഉടമയുടെ ഉത്തരവാദിത്തമാണ്. തോട്ടം കാണുകയോ കൃത്യമായി അറിയുകയോ ചെയ്യുക, പരിപാലനത്തിന്റെ കാലം നിര്‍ണയിക്കുക, ആദായ വിഹിതം നിശ്ചയിക്കുക എന്നിവ ഇതിന്റെ സാധ്യതയ്ക്ക് അനിവാര്യമാണ്.
മുസ്ലിം ഭൂവുടമകള്‍ തങ്ങളുടെ തരിശിട്ട ഭൂമി പാട്ടത്തിനോ അല്ലാതെയോ കൃഷിക്കു നല്‍കണം. തോട്ടങ്ങള്‍ സ്വയം പരിപാലിക്കുകയോ നനക്കൂറിലൂടെ മറ്റുള്ളവര്‍ക്ക് നല്കി പോഷിപ്പിക്കുകയോ വേണം. അതവരുടെ വരുമാനം അനുവദനീയമാക്കുകയും (ഹലാല്‍) ഭക്ഷണം വിശുദ്ധമാക്കുകയും (ത്വയ്യിബ്) ചെയ്യുന്നതോടൊപ്പം പരലോകത്തേക്ക് പുണ്യമേറ്റുകയുംചെയ്യും.
മുസ്ലിംകളുടെ ഏറ്റവും ശ്രേഷ്ഠമായ വരുമാനം കച്ചവടമാണെന്ന ധാരണ നിലവിലുണ്ട്. ഇസ്ലാമിക പ്രമാണങ്ങള്‍ അതിനെ സാധൂകരിക്കുന്നില്ല. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ടവരായിരുന്നു മിക്ക പ്രവാചകന്മാരുമെന്ന സൂചനയാണ് ഇസ്ലാം നല്‍കുന്നത്. ആടുമേയ്ക്കലും മറ്റും ഇതില്പെട്ടതാണല്ലോ. വെള്ളക്കോളര്‍ ജോലികളുടെ കാലത്ത് കാര്‍ഷിക രംഗം തളരുന്നുണ്ട്. കൃഷി മോശപ്പെട്ടതാണെന്ന ധാരണ പുതു തലമുറയില്‍ വേരോടിയിട്ടുണ്ട്. ശാരീരികാധ്വാനത്തിനോടുള്ള മടിയും കാര്‍ഷിക വൃത്തിക്ക് പ്രതികൂലമാണ്. ഇവിടെയെല്ലാം വേറിട്ടു നില്‍ക്കാനും ലോകത്തെ ഊട്ടിയ ധന്യപാരമ്പര്യത്തിലേക്ക് തിരിച്ചുപോകാനും മുസ്ലിംകള്ക്ക് ബാധ്യതയുണ്ട്.