''ഐഹിക ജീവിതത്തില്‍ അവര്‍ ചെലവഴിക്കുന്നതിന്റെ ഉപമ, അതിശൈത്യമുള്ള ഒരു കാറ്റിന്റേതാക്കുന്നു. അത് സ്വന്തത്തോട് അക്രമം കാണിച്ച ഒരു ജനതയുടെ കൃഷിയിടത്തെ ബാധിക്കുകയും അതിനെ നശിപ്പിക്കുകയും ചെയ്തു. അല്ലാഹു അവരെ ദ്രോഹിച്ചിട്ടില്ല പിന്നെയോ, അവര്‍ തന്നെയാണ് അവരെ ദ്രോഹിച്ചുകൊണ്ടിരിക്കുന്നത്'' (3:117).
വിശ്വാസമോ, പരലോകത്തെ പ്രതിഫലേച്ഛയോ കൂടാതെ അവിശ്വാസികള്‍ ചെയ്യുന്ന സത്പ്രവര്‍ത്തനങ്ങളും ദാനധര്‍മങ്ങളും പാഴായിപ്പോകുന്നതിനെയാണ് ഈ വചനത്തില്‍ ഉദാഹരിക്കുന്നത്. ധാരാളം നല്ല കാര്യങ്ങള്‍ അവര്‍ ചെയ്യാറുണ്ട്. പക്ഷേ, ലക്ഷ്യം ഭൗതിക കാര്യങ്ങള്‍ മാത്രമാവും. പരലോകത്തെ അവര്‍ നിഷേധിക്കുന്നതിനാല്‍ അവിടെ നാളെ ലഭിക്കേണ്ട നേട്ടങ്ങളെക്കുറിച്ച് അവര്‍ക്ക് ചിന്തയേ ഇല്ല. ഇഹലോകത്തെ ചില ഗുണങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാണ് അവര്‍ പ്രവര്‍ത്തിച്ചത്. ഒരു പരിധിവരെ അത് അവര്‍ക്ക് നേടാനായി എന്ന് വരാം. എന്നാല്‍ ആത്യന്തികമായി വിളവെടുപ്പ് നടത്തേണ്ട പരലോകത്തേക്ക് അവരുടെ കൃഷി നിലനില്‍ക്കുന്നില്ല. ഇടക്ക് വെച്ച് വന്‍ശീതക്കാറ്റേറ്റ് അത് വീണും ചീഞ്ഞും നശിച്ച് പോവുകയാണ് ചെയ്യുന്നത്.
ജീവിതത്തിലെ സത്കര്‍മങ്ങളാണ് ഇവിടെ പറഞ്ഞ കൃഷി. ഇതിന്റെ വിളവെടുപ്പ് പരലോകത്ത്. കാറ്റിനെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഒരു പ്രേരകശക്തിയായി ഉപമിക്കാം. ചില പ്രേരണകള്‍ മുഖേന നല്ലത് പലതും ചെയ്യുമെങ്കിലും അവിശ്വാസമാകുന്ന ശീതക്കാറ്റ് വന്ന് അവയെ നശിപ്പിക്കുകയാണ്. കൃഷിയുടെ വളര്‍ച്ചക്ക് കാറ്റ് വേണം. എന്നാല്‍ അത് രൂക്ഷമായാല്‍ കൃഷിയെ നശിപ്പിക്കുന്നു. പരലോക മോക്ഷത്തിന് സത്കര്‍മങ്ങള്‍ വേണം. എന്നാല്‍ ഭൗതിക ലക്ഷ്യം വെച്ചാണ് അവ ചെയ്യുന്നതെങ്കില്‍ പരലോകത്ത് വിളവെടുക്കാന്‍ അത് നിലനില്‍ക്കുകയില്ല. ഇടക്കാലത്ത് വരുന്ന പ്രകൃതി ദൂരന്തങ്ങളിലൂടെ അവ നശിച്ച് പോകുന്നു.
.