എല്ലാ മതങ്ങളിലും സത്യവും ധര്‍മവും അടങ്ങുന്ന മൂല്യങ്ങളെമ്പാടുമുണ്ട്. വേദ ഗ്രന്ഥങ്ങള്‍ മൂല്യസ്രോതസ്സുകളാണ്. എന്നാല്‍ അവയില്‍ നിന്നെല്ലാം ഇസ്‌ലാമിനെ വ്യതിരക്തമാക്കുന്നത് അതിന്റെ സമൂഹ സങ്കല്പമാണ്. ഉയര്‍ന്ന ആത്മീയ ചിന്തയും ഉത്തമ ധര്‍മബോധവുമുള്ള വ്യക്തികള്‍ നേതൃത്വം നല്കുന്ന കുടുംബമാണ് സമൂഹത്തിന്റെ ഏറ്റവും ചെറിയ ഏകകം. മൂല്യങ്ങള്‍ നിറഞ്ഞ വീടകങ്ങളില്‍ നിന്ന് പുറത്തു വരുന്ന വ്യക്തികള്‍ ഉത്തമരായിരിക്കുമല്ലൊ. ഉത്തമ കുടുംബങ്ങള്‍ ചേര്‍ന്ന് രൂപപ്പെടുന്ന സമൂഹം മാതൃകായോഗ്യമായിത്തീരുന്നു. വ്യക്തിയുടെ പ്രകൃതമായ സ്വാര്‍ഥതയില്‍ നിന്ന് സമൂഹതാത്പര്യം എന്നിടത്തേക്ക് മൂല്യബോധം മനുഷ്യനെ കൊണ്ടെത്തിക്കുമ്പോള്‍ ഉത്തമസമൂഹം ഉരുത്തിരിയുകയായി. വ്യക്തിജീവിതത്തിലെ സ്വകാര്യത മുതല്‍ അന്താരാഷ്ട്ര ബന്ധങ്ങളിലെ മര്യാദകള്‍ വരെ ശാസനങ്ങളായി നിലനില്‍ക്കുന്നത് ഇസ്‌ലാമിന്റെ മാത്രം പ്രത്യേകതയാണ്. മുഹമ്മദ് നബി(സ്വ) മുഖേന വാര്‍ത്തെടുക്കപ്പെട്ടത് ഇങ്ങനെയുള്ള സമൂഹമായിരുന്നു.