സമൂഹ ജീവിയായ മനഷ്യന്ന് ജീവിത വളര്‍ച്ചക്ക് സമൂഹ സേവനം അനിവാര്യമാണ്. ഇത് മനുഷ്യന്റെ ബാധ്യതയായി കാണുന്ന മതമാണ് ഇസ്‌ലാം. ഇസ്‌ലാം സന്യാസത്തെ നിരോധിക്കുന്നത് ഈ കാഴ്ചപ്പാടോടു കൂടിയാണ്. ആളുകളുമായി ഇടപെട്ട് അവരുടെ പ്രയാസങ്ങള്‍ ഏറ്റെടുക്കുന്നതാണ് വനാന്തരങ്ങളിലെ പര്‍ണശാലകളില്‍ ആരാധനയില്‍ മുഴുകി ജീവിക്കുന്നതിലേറെ ഉത്തമം എന്നാണ് നബി(സ്വ)യുടെ അധ്യാപനം. ബന്ധുക്കളും അന്യരുമായ മനുഷ്യര്‍, ജീവജാലങ്ങള്‍, പ്രകൃതി എന്നിവയെല്ലാം മുസ്‌ലിമിന്റെ സേവനത്തിന് അവകാശപ്പെട്ടവരാണ്. അവയുടെയെല്ലാം സുഖദമായ നിലനില്‍പും വളര്‍ച്ചയും ഉറപ്പാക്കേണ്ടത് വിശ്വാസികളുടെ കടമയാണ്.
ഈ ഉത്തരവാദിത്തനിര്‍വഹണത്തില്‍ സ്ത്രീപുരഷ വ്യത്യാസമില്ല. പുരുഷനെപ്പോലെ സ്ത്രീക്കും ബാധ്യത നിര്‍വഹിക്കാന്‍ ഇസ്‌ലാം അവകാശം വകവെച്ചുകൊടുക്കുന്നുണ്ട്. മത പ്രബോധനം, വിദ്യാഭ്യാസ പ്രവര്‍ത്തനം, ജീവകാരുണ്യ പ്രവര്‍ത്തനം, തൊഴില്‍, ഉദ്യോഗം, നേതൃചുമതലകള്‍ എന്നിവയിലെല്ലാം തന്റെതായ പങ്കുവഹിക്കാന്‍ ഇസ്‌ലാം അവള്‍ക്ക് നല്കുന്നത് അനുമതി മാത്രമല്ല, അവകാശമാണ്. അതിനാലാണ്, ഇസ്‌ലാമിന്റെ ഒന്നര സഹസ്രാബ്ദം നീളുന്ന പുഷ്‌കലമായ ചരിത്രത്തില്‍ സമൂഹ സേവനത്തിന്റെ ഗിരിശൃംഗങ്ങളില്‍ വിരാജിച്ച സ്ത്രീ രത്‌നങ്ങളുണ്ടായത്.
ഇസ്‌ലാമിനെ തങ്ങള്‍ വളര്‍ന്ന ചുറ്റുപാടിന്റെ അന്ധവിശ്വാസങ്ങളില്‍ കുടുക്കിയിടാന്‍ ശ്രമിച്ച പൗരോഹിത്യം എല്ലാ കാലത്തും സ്ത്രീയുടെ സാമൂഹിക പങ്കാളിത്താവകാശം എടുത്തുകളയാന്‍ ശ്രമിച്ചിട്ടുണ്ട്. സ്ത്രീ പുറത്തിറങ്ങേണ്ടവളല്ല വീടിന്റെ ഉള്ളിന്റെ ഉള്ളില്‍ കഴിഞ്ഞു കൂടേണ്ടവളാണെന്നും, പ്രസംഗിക്കേണ്ടവളല്ല പ്രസവിക്കേണ്ടവളാണെന്നും, പഠിക്കുകയോ പഠിപ്പിക്കുകയോ ചെയ്യേണ്ടവളല്ല ഭര്‍തൃസേവ ചെയ്താല്‍ മതിയെന്നും പുരോഹിതന്മാര്‍ ഫത്‌വകള്‍ നല്കിയിരുന്നു. ഇന്നും അതു തുടരുന്നുമുണ്ട്. സ്ത്രീ സുരക്ഷയ്ക്കു വേണ്ടി ഇസ്‌ലാമില്‍ ഏര്‍പെടുത്തിയ ചിയ ക്രിയാത്മക നിയന്ത്രണങ്ങളെ വളച്ചൊടിച്ചാണ് യാഥാസ്ഥിതികര്‍ ഇത്തരം അസംബന്ധങ്ങള്‍ക്ക് പ്രമാണം കണ്ടെത്തുന്നത്. സ്ത്രീ സാമൂഹിക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടെണമെന്നും അതിന് അവള്‍ക്ക് അവകാശമുണ്ടെന്നും പറയുമ്പോള്‍ അത് പുരുഷനെപ്പോലെ ത്തന്നെ വേണമെന്നു വാദിക്കുന്ന മോഡേണിസ്റ്റ് ഇസ്‌ലാം സ്ത്രീവാദികളും അവള്‍ക്കത് തീരെ പാടില്ലെന്നു വിധിക്കുന്ന പുരോഹിതന്മാരും ഒരേ നാണയത്തിന്റെ ഇരു പുറങ്ങളാണ്.
അജ്ഞാനകാലത്തെ പോലെ സൗന്ദര്യപ്രദര്‍ശനം നിഷിദ്ധമാക്കി(33:33), കുടുംബസേവ മാറ്റിവെച്ച് നാടുനന്നാക്കാനിറങ്ങുന്നത് ഇസ്‌ലാം നിരുത്സാഹപ്പെടുത്തുന്നു. ഇതാകട്ടെ പുരുഷന്നും പാടില്ലാത്തതാണ്. തന്റെ സ്വത്തിന്റെ സിംഹഭാഗവും ഇസ്‌ലാമിക ഫണ്ടിലേക്ക് ദാനം ചെയ്യാന്‍ അനുമതി ചോദിച്ച സഅ്ദ്(റ)നെ നബി(സ്വ) വിലക്കിയത് അക്കാരണത്താലാണ്. കുടുംബ പരിപാലനത്തില്‍ വീടും കുട്ടികളും മറ്റുമായി ബന്ധപ്പെട്ടരംഗങ്ങളില്‍ സ്ത്രീക്കാണ് മികവ് എന്നതിനാല്‍ അവള്‍ക്ക് അതില്‍ പുരുഷനെ അപേക്ഷിച്ച് കൂടുതല്‍ ബാധ്യതകളുണ്ട്. അത്തരം കാര്യങ്ങളില്‍ അവള്‍ ഏറെ ശ്രദ്ധിച്ചുകൊണ്ടു വേണം സാമൂഹിക പ്രവര്‍ത്തനത്തിനിറങ്ങാന്‍. ഇതാണ് ഇസ്‌ലാം നിര്‍ദേശിച്ചത്. ഇവിടെ അവളെ പിന്നാക്കം വലിച്ചിട്ടില്ല. സാമ്പത്തിക വരുമാനം പുരുഷന്ന് ചുമതലയാക്കിയപ്പോള്‍ അവന്ന് വീടകം ശ്രദ്ധിക്കാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. ഭക്ഷണം തേടേണ്ട ബാധ്യതയില്ലാത്ത സ്ത്രീക്ക് വീടിന്റെ ഉത്തരവാദിത്തത്തില്‍ പുരുഷനെക്കാള്‍ ഇത്തിരി ബാധ്യത കൊടുക്കുന്നത് സ്ത്രീ വിരുദ്ധതയാണെന്ന് പറയുന്നത് ന്യായമല്ല.
സമൂഹത്തിലെ ഭൂരിപക്ഷമായ സ്ത്രീ പങ്കാളിത്തമില്ലാതെ സാമൂഹിക ജീവിതവും സേവനമേഖലയും വളരുക ദുസ്സാധ്യമാണ്. റസൂലിന്റെ കാലം മുതല്‍ അവളെ ഉള്ളിന്റെ ഉള്ളില്‍ തളച്ചിട്ടാല്‍ ഇന്നിക്കാണുന്ന അവസ്ഥയിലേക്ക് ഇസ്‌ലാം വികസിക്കുമായിരുന്നില്ല. സ്ത്രീകളുടെ പങ്കാളിത്തത്തോടെത്തന്നെയാണ് ഇസ്‌ലാമിക സമൂഹം ദൗത്യങ്ങള്‍ നിര്‍വഹിച്ചു വന്നത്. വേഷത്തിലും ഭാഷയിലും സന്ദര്‍ഭത്തിലുമെല്ലാം ഇസ്‌ലാമികമായ മാന്യതയും നിയന്ത്രണവും പാലിച്ചുകൊണ്ട് ഇക്കാലമത്രയും ഈ രംഗത്ത് സേവനമനുഷ്ഠിച്ച മതഭക്തകളായ മുസ്‌ലിം വനിതകള്‍ മഹത്തായ മാതൃകയാണ് കാണിച്ചത്. റസൂലിന്റെ(സ്വ) ഇണകളും അനുചര സ്ത്രീകളും തുടങ്ങി വെച്ച ആ മാതൃക ഇന്നും അവര്‍ നിര്‍വഹിക്കുന്നുണ്ട്. ഇവര്‍ ചെയ്യുന്നതും പുരുഷന്റെതു പോലെത്തന്നെ മഹത്തായ പുണ്യകര്‍മമാണ്.
സ്ത്രീക്ക് ഭരണം നിഷിദ്ധമാണെന്നതാണ് ഇതില്‍ പരസ്യമായി ഉന്നയിക്കപ്പെടുന്ന ഏക വിമര്‍ശം. സ്ത്രീയെ ഭരണമേല്‍പിച്ച സമൂഹം നശിക്കുമെന്ന് നബി(സ്വ) പറഞ്ഞിരിക്കുന്നു എന്നതാണ് പ്രമാണം.
ഇസ്‌ലാമിനെതിരെ അന്യായ നടപടികളുമായി നീങ്ങിയ റോം സാമ്രാജ്യാധിപതികള്‍ പരാജയത്തിലേക്ക് നീങ്ങുകയും അടുത്ത ഭരണധികാരിയായി വരാന്‍ ഒരു പുരുഷനില്ലാത്തതിനാല്‍ ഫൂറാന്‍ രാജ്ഞിയെ വെച്ച് പരീക്ഷണത്തിനിറങ്ങുകയും ചെയ്ത സന്ദര്‍ഭത്തില്‍, മുസ്‌ലിം യോദ്ധാക്കള്‍ക്ക് മനോധൈര്യം നല്കാന്‍ നബി(സ്വ) പറഞ്ഞതാണ് ഈകാര്യം. ആധുനിക സമൂഹത്തില്‍ നിര്‍ബന്ധിത സാഹചര്യങ്ങളില്‍ പൊതു സമൂഹത്തിന്റെ പാതിയുടെ പ്രതിനിധികള്‍ക്ക് അവരുടെ ഭരണപരമായ കാര്യങ്ങളില്‍ പങ്കെടുക്കാന്‍ പാടില്ലെന്നതിന് ഇത് തെളിവാകുന്നില്ല. സുലൈമാന്‍(അ)ന്റെ കാലത്ത് സബഅ് ഭരിച്ചിരുന്ന രാജ്ഞിയുടെ സംഭവം വിശുദ്ധ ഖുര്‍ആനില്‍ വിവരിക്കുന്നേടത്ത് ആ ഭരണത്തെ നിരുത്‌സാഹപ്പെടുത്തിക്കാണുന്നില്ല. മുഹമ്മദ് നബിയുടെ വിയോഗാനന്തരം ഉണ്ടായ ജമല്‍ സംഭവത്തില്‍ ഉമ്മുല്‍ മുഅ്മിനീന്‍ ആഇശാ(റ) നേതൃത്വം നല്കിയത് ചരിത്രമാണ്.