Skip to main content

മഹല്ല് സംവിധാനം

വിശ്വാസം,അനുഷ്ഠാനം, സംസ്‌കാരം എന്നിവ ചേരുമ്പോഴാണ് മതം പൂര്‍ണമാകുന്നത്. വിശ്വാസവും അനുഷ്ഠാനവും വ്യക്തിനിഷ്ഠമായ കാര്യങ്ങളാണ്. എന്നാല്‍ സ്വഭാവ പെരുമാറ്റങ്ങളും സാംസ്‌കാരികമര്യാദകളും സാമ്പത്തിക വിനിമയവുമെല്ലാം സാമൂഹികമായി നിറവേറ്റപ്പെടേണ്ട കാര്യങ്ങളാണ്. ഇങ്ങനെ വ്യക്തിയും സമൂഹവും ചേര്‍ന്ന ഉത്തമ ജീവിതമാണ് ഇസ്‌ലാം വിഭാവന ചെയ്യുന്നത്. ഉത്തമ സമൂഹസൃഷ്ടിയിലൂടെ ഇഹലോകത്ത് ക്ഷേമവും പരലോകത്ത് മോക്ഷവുമാണ് വിശ്വാസിയുടെ ലക്ഷ്യം. അന്തിമപ്രവാചകനായ മുഹമ്മദ് നബി(സ്വ), വ്യക്തി മുതല്‍ അന്താരാഷ്ട്ര ബന്ധം വരെ ജീവിത മാതൃക കാണിച്ചാണ് വിട പറഞ്ഞത്.  നബി(സ്വ) വിട വാങ്ങുന്നതിനു മുമ്പായി ലോകത്തിന് മുന്‍പില്‍ ഒരു ഉത്തമ സമൂഹത്തെ -ഉത്തമ രാഷ്ട്രം- വാര്‍ത്തെടുത്തിരുന്നു. 

ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിക്കപ്പെടുകയെന്നത് ഇസ്‌ലാമിന്റെ പൂര്‍ത്തികരണത്തിന് നിബന്ധനയല്ല. പ്രവാചകന്നു ശേഷം മുസ്‌ലിംകള്‍ അധികാരത്തിലുള്ള അവസരമുണ്ടായിരുന്നു. ഭരണവും അധികാരവുമില്ലാത്ത എത്രയോ കാലഘട്ടം കഴിഞ്ഞുപോയിട്ടുണ്ട്. ഭരണാധികാരം എന്നത് സാമൂഹിക ജീവിതത്തിന്റെ അനിവാര്യഘടകമല്ല. 

നാം ജീവിക്കുന്നത് തികഞ്ഞ ബഹുസ്വര സമൂഹത്തിലാണ്. ഇന്ത്യയുടെ ബഹുസ്വരതയും സാംസ്‌കാരിക വൈജാത്യവും ഉള്‍ക്കൊള്ളുന്ന നാനാത്വത്തില്‍ ഭാരതീയര്‍ എന്ന ഏകത്വം ദര്‍ശിച്ചവരായിരുന്നു ഭാരതശില്പികള്‍. അത് ഇന്നും നിലനില്ക്കുന്നു. എല്ലാ മതക്കാര്‍ക്കും തുല്യപരിഗണനയും പൗരന്ന് ഏതു മതവും സ്വീകരിച്ചാചരിക്കുവാന്‍ നല്കുന്ന സ്വാതന്ത്ര്യവും ഭരണഘടന നല്കുന്ന ഉറപ്പാണ്. രാഷ്ട്രത്തിന്നു മതമില്ലതാനും. ഇതാണ് ഇന്ത്യ അംഗീകരിച്ച മതനിരപേക്ഷത. മതനിരപേക്ഷതയും വ്യക്തിസ്വാതന്ത്ര്യവും അനുഭവിച്ചു കൊണ്ട് മുസ്‌ലിം സമുദായം ഇതരസമൂഹങ്ങളോടൊപ്പം സൗഹൃദത്തോടും സഹവര്‍ത്തനത്തോടും കൂടി കഴിയുന്നു. ഇസ്‌ലാം ഉള്‍ക്കൊള്ളുകയും അനുഷ്ഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യാന്‍ ഭരണഘടനാദത്തമായ അവകാശമുണ്ട്.

നമ്മുടെ രാജ്യത്തിന്റെ പൊതുധാരയില്‍ ജീവിക്കുകയും രാഷ്ട്ര നിര്‍മാണ പ്രക്രിയയില്‍ സക്രിയമായി ഇടപെടുകയും ചെയ്യുന്നതോടൊപ്പം ഇതരമതസ്ഥരെ പോലെത്തന്നെ മുസ്‌ലിംകള്‍ തങ്ങളുടെ സ്വത്വം കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു. ഈയൊരു പശ്ചാത്തലത്തില്‍ മുസ്‌ലിംകളുടെ സാമൂഹിക തലത്തിലുള്ള മതനിഷ്ഠകളും ആചാരങ്ങളും ചെറിയ ചെറിയ കൂട്ടായ്മയില്‍ ഭംഗിയായി നടക്കുന്നു. ഈ കൂട്ടായ്മയാണ് മഹല്ല് എന്ന സംവിധാനം. ഒരു പള്ളിയും അതിനെ കേന്ദ്രീകരിച്ചു കൊണ്ട് അനേകം കുടുംബങ്ങളും. ഇതാണ് സാമാന്യമായി പറഞ്ഞാല്‍ മഹല്ല്/ജമാഅത്ത്. മുസ്‌ലിംകള്‍ പൊതുപ്രശ്‌നങ്ങള്‍ സമൂഹത്തോടൊപ്പവും മതകീയ കാര്യങ്ങള്‍ മഹല്ലിന്റെ ആഭിമുഖ്യത്തിലും നടത്തി വരുന്നു. സമൂഹത്തിന്റെ പൊതുധാരയില്‍ നിന്നു മാറിനില്ക്കുന്ന ഒരു സമാന്തരസാമൂഹിക ഘടനയല്ല മുസ്‌ലിം മഹല്ലുകള്‍ എന്ന് പ്രത്യേകം ഓര്‍ക്കുക.

ജുമുഅ നടത്താന്‍ ഒരു പള്ളിയും മരിച്ചവരെ മറവു ചെയ്യാന്‍ മഖ്ബറയും എന്നതിലപ്പുറം മഹത്തായ ഒരു സംവിധാനമാണ് മഹല്ലുജമാഅത്ത് എന്ന സങ്കല്പം. ഈ പ്രാധാന്യവും പ്രസക്തിയും മനസ്സിലാക്കിക്കൊടുക്കുന്ന ബോധവത്കരണം അത്യാവശ്യമാണ്.


ഭക്തരായ പണ്ഡിതരും ശക്തരായ നേതാക്കളും മഹല്ലു സംവിധാനം യഥാവിധി കൈകാര്യം ചെയ്യുകയാണെങ്കില്‍ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലും മുസ്‌ലിംകളുടെ ധര്‍മനിഷ്ഠമായ ജീവിതത്തിലും വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുവാന്‍ സാധിക്കും. അതിനു പര്യാപ്തമായ രീതിയില്‍ നമ്മുടെ മഹല്ലു സംവിധാനങ്ങളെ മാറ്റിയെടുക്കുകയും ആവശ്യമായ ശാക്തീകരണം നല്കുകയും ചെയ്യേണ്ടതുണ്ട്. 

ഖാസിയുടെ നേതൃത്വത്തില്‍ ഒരു മസ്വ്‌ലഹത്ത് സമിതി (പ്രശ്‌നപരിഹാര സമിതി) ഓരോ മഹല്ലിലും വേണം. ഖാദി എന്നാല്‍ വിധി കര്‍ത്താവ് (ജഡ്ജി) എന്നാണര്‍ഥം. മഹല്ലിലെ വ്യക്തികളോ കുടുംബങ്ങളോ തമ്മിലുണ്ടാവുന്ന പ്രശ്‌നങ്ങള്‍ക്ക് മാന്യമായ രീതിയില്‍ തീര്‍പ്പു കല്പിക്കണം. ഒത്തുതീര്‍പ്പുകള്‍ അംഗീകരിച്ച് സഹകരിക്കാന്‍ ജനങ്ങള്‍ ബോധവാന്‍മാരാവണം. ഇത് കോടതികള്‍ക്ക് സമാന്തരമായ രാജ്യവിരുദ്ധ പ്രവര്‍ത്തനമല്ല. മറിച്ച് നിസ്സാര കാര്യങ്ങള്‍ പര്‍വതീകരിക്കപ്പെട്ട് അനാവശ്യമായി കോടതി കയറുക എന്ന ദുഷ്പ്രവണത ഒഴിവാക്കാനുള്ള സമവായ ഒത്തുതീര്‍പ്പുകളാണ്. പ്രത്യേകിച്ച് വൈവാഹിക രംഗത്തെ പ്രശ്‌നങ്ങള്‍ക്കും കുടുംബ ശൈഥില്യങ്ങള്‍ക്കും നിമിത്തമാവുന്ന പ്രശ്‌നങ്ങളില്‍ സമവായമുണ്ടാവുക എന്നത് അത്യന്താപേക്ഷിതമാണ്.

മഹല്ലിലെ കുടുംബങ്ങളെപ്പറ്റി കൃത്യമായ വിവരങ്ങളും അവരുടെ പരിതസ്ഥിതികളും മഹല്ലധികൃതരും ഖാദിയും അറിഞ്ഞിരിക്കണം. അഗതികളെ സഹായിക്കാനും നബി(സ്വ) കല്പിച്ചതാണല്ലോ. ഒരു വ്യക്തിക്ക് സ്വന്തമായി ചെയ്യാന്‍ കഴിയാത്ത ഇത്തരം കാര്യങ്ങളില്‍ മഹല്ലിന്റെ ഏകോപനം വളരെ ഫലപ്രദമായിരിക്കും. മാത്രമല്ല, പരസ്പരമറിയുന്ന ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യപ്പെടുന്ന മഹല്ലുകളിലെ വ്യക്തികള്‍ വഴിതെറ്റിപ്പോകാനും ജീര്‍ണതയിലേക്ക് വഴുതിപ്പോകാനും സാധ്യതകള്‍ വളരെ കുറവാണ്. 

ഇസ്‌ലാമിലെ നിര്‍ബന്ധ കര്‍മമായ സകാത്ത് വ്യക്തിനിഷ്ഠമാണെങ്കിലും അത് നിര്‍വഹിക്കപ്പെടേണ്ടത് സാമൂഹികമായിട്ടാണ്. ഒരു പ്രദേശത്തെ ജനങ്ങളില്‍ നിന്ന് സകാത്ത് ശേഖരിക്കുകയും അവരിലെ അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യപ്പെടേണ്ടതാണ്. മഹല്ല് നേതൃത്വത്തിന്റെ കീഴില്‍ സകാത്ത് വ്യവസ്ഥാപിതാമായി വിതരണം ചെയ്യപ്പെടുകയാണെങ്കില്‍ ആ പ്രദേശത്ത് ദാരിദ്ര്യം ഉണ്ടാവുകയില്ല.

പള്ളിയും മദ്‌റസയും ചിലേടത്ത് ദര്‍സും നടത്തിക്കൊണ്ടു പോവുക എന്ന മിനിമം പരിപാടിക്കപ്പുറം രചനാത്മകമായ ഒട്ടേറെ കാര്യങ്ങള്‍ ഈ കൂട്ടായ്മയ്ക്ക് ചെയ്യാന്‍ കഴിയും. പലിശരഹിത വായ്പാ സംവിധാനം, ചെറുകിട തൊഴില്‍ദാന പദ്ധതികള്‍ മുതലായവ സ്ത്രീകളുടെ കൂടി പങ്കാളിത്തത്തോടെ മഹല്ലടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്താവുന്നതാണ്. മാരക രോഗം ബാധിച്ചവര്‍ക്ക് ചികിത്‌സാ പദ്ധതി, വീടില്ലാത്തവര്‍ക്ക് ഭവനനിര്‍മാണ സഹായ പദ്ധതി, പാവപ്പെട്ടവര്‍ക്ക് വിവാഹ ധനസഹായം തുടങ്ങിയ സമൂഹക്ഷേമ കാര്യങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറാവുന്ന മഹല്ലുകളില്‍ യാചകര്‍ ഉണ്ടാവില്ല.

മാതാപിതാക്കളുടെ മരണം മൂലമോ ദാമ്പത്യ ബന്ധങ്ങളിലെ വിള്ളലുകള്‍ കാരണമോ ഒറ്റപ്പെട്ടു പോവുന്ന കുഞ്ഞുങ്ങള്‍, വിധവകള്‍, അഗതികള്‍, ഭിന്നശേഷിക്കാര്‍, വൃദ്ധര്‍, രോഗികള്‍ തുടങ്ങിയ വിഭാഗങ്ങളുടെ സംരക്ഷണവും പരിചരണവും ഏറ്റെടുക്കുവാനും മഹല്ലുകള്‍ക്ക് സാധിക്കണം. ചുരുക്കത്തില്‍ പൊതുജനങ്ങളുടെ (മുസ്‌ലിംകളുടെ മാത്രമല്ല) ആശാകേന്ദ്രമാവണം മഹല്ലുകള്‍.

ഇന്ന് ഏറെ സങ്കീര്‍ണമായ രണ്ടു പ്രശ്‌നങ്ങളാണ് കൗമാരക്കാരുടെ ഭ്രാന്തമായ ചാപല്യങ്ങളും വൃദ്ധജനങ്ങളുടെ പുനരധിവാസവും. വൃദ്ധസദനങ്ങള്‍ പെരുകുന്നു. മാതാപിതാക്കള്‍ കൈയൊഴിക്കപ്പെടുന്നു. ഇത്തരം ഗുരുതരപ്രതിസന്ധികള്‍ക്ക് ഒരു പരിധി വരെ പരിഹാരം കാണാന്‍ മഹല്ലിലെ കുടുംബങ്ങളുടെ നല്ല ബന്ധം നിമിത്തമായേക്കാം. പള്ളികള്‍ കേന്ദ്രമായോ അല്ലാതെയോ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഒത്തുചേരാന്‍ സൗകര്യമൊരുക്കിയാല്‍ സമുദായത്തിന് അത് ഏറെ ഗുണം ചെയ്യും. സമഗ്രവീക്ഷണവും ധര്‍മനിഷ്ഠയും സാമൂഹികബോധവും ഇസ്‌ലാമിനോട് പ്രതിബദ്ധതയും ഉള്ള നേതൃത്വം മഹല്ലുകള്‍ക്കുണ്ടെങ്കില്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയും. ചില ഉദാഹരണങ്ങള്‍ മാത്രമാണ് ഇവിടെ പരാമര്‍ശിച്ചത്. 

പക്വമായ സമീപനങ്ങളും ചിന്താശേഷിയും ഇല്ലാതെ കേവലം അധികാരം കൈയാളുന്ന മഹല്ലധികൃതരില്‍ നിന്ന് തിക്താനുഭവങ്ങളും നാം കേട്ടിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പ്, ദുര്‍നടപ്പിന്റെ പേരില്‍ ചില സ്ത്രീകളെ ഹദ്ദടിച്ച സംഭവം വലിയ വിവാദമായിരുന്നല്ലോ. കുറ്റങ്ങള്‍ക്ക് ശിക്ഷ നടപ്പാക്കാന്‍ മഹല്ലുകള്‍ക്ക് അധികാരമില്ലാത്തത് ഇന്ത്യയിലായതു കൊണ്ടല്ല. നാട്ടുകൂട്ടങ്ങള്‍ക്കും അയല്‍ കൂട്ടങ്ങള്‍ക്കുമൊന്നും നിയമം കൈയിലെടുക്കാന്‍ ഇസ്‌ലാം അവകാശമോ അനുവാദമോ നല്കുന്നില്ല. സര്‍ക്കാറിനു മാത്രമേ ക്രമസമാധാനവും നീതിന്യായവും നടപ്പാക്കാന്‍ അധികാരമുള്ളൂ. രാജ്യം ഭരിക്കുന്ന സര്‍ക്കാറിനും രാജ്യത്തു നിലനില്ക്കുന്ന നിയമവ്യവസ്ഥകള്‍ക്കും തികച്ചും സഹായകമായ രചനാത്മക കൂട്ടായ്മകളാണ് മഹല്ല് സംവിധാനം. ഊരുവിലക്കും ഹദ്ദടിയുമില്ലാതെ സ്‌നേഹത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും ഇസ്‌ലാമിക മൂല്യങ്ങളുടെയും വഴിയില്‍ സഞ്ചരിച്ചാല്‍ മുസ്‌ലിം സമൂഹത്തിന്റെ ഉന്നമനത്തിന് ഏറെ സംഭാവനകളര്‍പിക്കാന്‍ കഴിയുന്ന സംവിധാനമാണ് മഹല്ലുകള്‍. ഒറ്റപ്പെട്ടതെങ്കിലും മറ്റുള്ളവര്‍ക്ക് മാതൃകയാക്കാവുന്ന മഹല്ലുകള്‍ നമ്മുടെ നാട്ടിലുണ്ട്. ചുരുക്കത്തില്‍ മഹല്ല് ശാക്തീകരണം സമുദായഘടനയുടെ ആശാകേന്ദ്രങ്ങളാണ്.

യഥാര്‍ഥ മുസ്‌ലിമിന്റെ നന്‍മയും നീതിയും ധര്‍മബോധവും അനുഭവിച്ചും ആസ്വദിച്ചും കൈമാറിയും ബഹുമതസമൂഹത്തില്‍ ജീവിക്കാന്‍ ആവശ്യമായ പക്വത എല്ലാവര്‍ക്കും ആര്‍ജിക്കാന്‍ സാധിക്കണം. മതേതരത്വം, ജനാധിപത്യം, സമുദായ സൗഹാര്‍ദം, രാജ്യസ്‌നേഹം തുടങ്ങിയ ഉത്തമമൂല്യങ്ങള്‍ മഹല്ലുവാസികളില്‍ ഊട്ടിയുറപ്പിക്കാന്‍ മഹല്ലടിസ്ഥാനത്തില്‍ പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കണം. വ്യക്തി താത്പര്യങ്ങളെക്കാള്‍ സമൂഹ താത്പര്യങ്ങള്‍ക്ക് പരിഗണന നല്കുന്നതിന്നും മനുഷ്യരടക്കമുള്ള ജീവജാലങ്ങളെയും പരിസ്ഥിതിയെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിന്നും സംവിധാനം വേണം. 

Feedback