Skip to main content

മദ്യം (2)

ലഹരിയുണ്ടാക്കുന്ന ആല്‍ക്കഹോള്‍ അടങ്ങിയ പദാര്‍ഥമാണ് മദ്യം. ഒരു വ്യക്തി ശാരീരികവും മാനസികവും ബുദ്ധിപരവും സാമ്പത്തികവുമായ തകര്‍ച്ചയെ നേരിടേണ്ടിവരുന്ന മഹാവിപത്താണ് മദ്യം. മദ്യാസക്തി സമൂഹത്തില്‍ വേരുപിടിക്കുന്നത് സാംസ്‌കാരികമായ ജീര്‍ണാവസ്ഥയിലേക്ക് കൂപ്പുകുത്തുന്നതിന് നിമിത്തമായിത്തീരുന്നു. ലഹരിയുടെ ചതിക്കുഴിയില്‍ പെട്ടുപോകുന്നവര്‍ തിന്മകളുടെ ദൂഷിതവലയത്തില്‍ കുരുക്കിയിടപ്പെട്ട അസാന്മാര്‍ഗിക ജീവിതമാണ് നയിക്കുന്നത്. മദ്യപാനംകൊണ്ട് ലഭിക്കുന്ന നേട്ടങ്ങളേക്കാള്‍ അതുകൊണ്ടുള്ള കോട്ടങ്ങളാണ് കൂടുതലുള്ളത്. തിന്മകളുടെ മാതാവ് എന്ന് നബി(സ്വ)വിശേഷിപ്പിച്ച മദ്യത്തെ ആസക്തിയോടെ കുടിക്കുകയും വില്‍ക്കുകയും വര്‍ണിച്ചുപാടുകയും ചെയ്തിരുന്ന ജാഹിലിയ്യാ സമൂഹത്തില്‍ വിശുദ്ധ ഖുര്‍ആന്‍ ക്രമാനുഗതമായി മദ്യനിരോധനമേര്‍പ്പെടുത്തി. നിയമത്തിന്റെ കാതല്‍ നിയന്ത്രണങ്ങളാണെങ്കിലും ക്രമപ്രവൃദ്ധമായി അത് നിരോധനത്തിലേക്ക് എത്തിയിട്ടില്ലെങ്കില്‍ വര്‍ജ്യമായി കാണാന്‍ സമൂഹം പാകപ്പെടുകയില്ല. അതുകൊണ്ട് തീര്‍ത്തും മനശാസ്ത്രസമീപനമാണ് മദ്യത്തില്‍ മുങ്ങിയ സമൂഹത്തെ ചികിത്സിക്കാന്‍ വിശുദ്ധ ഖുര്‍ആന്‍ മുന്നോട്ട് വെച്ചത്.

ഇസ്‌ലാമിന്റെ ആദ്യകാല പ്രബോധിത സമൂഹം മദ്യാസക്തികൊണ്ട് കുപ്രസിദ്ധരായിരുന്നു. ഏകദേശം നൂറോളം പേരുകള്‍ അവര്‍ക്കിടയില്‍ പ്രചരിച്ചിരുന്നു. അജ്ഞാനകാലത്തെ അറബികവിതകളുടെ മുഖ്യപ്രമേയം മദ്യചഷകങ്ങളുടെ വര്‍ണനയും മദ്യപരുടെ സദസ്സുമൊക്കെയായിരുന്നു. ഇസ്‌ലാം യുക്തിപൂര്‍വമായ ശിക്ഷണ സരണിയിലൂടെ അവരെ സംസ്‌കരിച്ചു. ആദ്യഘട്ടത്തില്‍ മദ്യത്തെ ദോഷം ഗുണത്തേക്കാള്‍ കൂടുതലാണെന്ന് അവര്‍ക്ക് പറഞ്ഞുകൊടുത്തു. പിന്നീട് ലഹരിബാധിതരായിരിക്കെ നമസ്‌കരിക്കുന്നതില്‍ നിന്നും വിലക്കി. തുടര്‍ന്ന് മദ്യോപയോഗം പൂര്‍ണമായി നിരോധിച്ചുകൊണ്ടുള്ള ഖുര്‍ആന്‍ സൂക്തം (5:90 91) ഇപ്രകാരം അവതരിപ്പിച്ചു. 'വിശ്വസിച്ചവരേ, മദ്യം, ചൂതാട്ടം, പ്രതിഷ്ഠകള്‍, പ്രശ്‌നോപകരണങ്ങള്‍ ഇവയെല്ലാം പൈശാചികമായ നീചകൃത്യമാണ്. അതിനാല്‍ നിങ്ങള്‍ അത് വര്‍ജിക്കുക. നിങ്ങള്‍ വിജയികളാവാന്‍ വേണ്ടി. മദ്യവും ചൂതും മുഖേന നിങ്ങളൈ ശത്രുതയിലും വിദ്വേഷത്തിലും അകപ്പെടുത്തണമെന്നും ദൈവസ്മരണയില്‍ നിന്നും നമസ്‌കാരത്തില്‍ നിന്നും നിങ്ങളെ തടയണമെന്നും മാത്രമാണ് പിശാച് ഉദ്ദേശിക്കുന്നത്. അതിനാല്‍ നിങ്ങള്‍ വിരമിക്കുന്നില്ലയോ?' (5-90, 91). 

മദ്യനിരോധനത്തിന്റെ ഈ പ്രഖ്യാപനം വന്നപ്പോള്‍ വിശ്വാസികളുടെ പ്രതികരണം നാഥാ ഞങ്ങള്‍ വിരമിച്ചിരിക്കുന്നു നാഥാ ഞങ്ങള്‍ വിരമിച്ചിരിക്കുന്നു എന്നായിരുന്നു. പല പേരുകളിട്ട് പ്രത്യേകം പാത്രങ്ങളില്‍ സൂക്ഷിക്കപ്പെട്ടിരുന്ന മദ്യത്തിന്റെ വീപ്പകള്‍ തല്ലിയടച്ച് മദ്യം ഒഴുക്കികളഞ്ഞു. തെരുവുകളില്‍ മദ്യത്തിന്റെ പുഴയൊഴുകിയെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. മദ്യകോപ്പ കൈകളിലുള്ള വ്യക്തി ചഷകം ചുണ്ടോടടുപ്പിച്ചിട്ടു പോലും നിരോധനത്തിന്റെ വാക്യങ്ങള്‍കേട്ട് അത് കുടിക്കാതെ നിലത്തൊഴുക്കി. ഇത്രമേല്‍ അത്ഭുതകരമായി മദ്യാസക്തരായ സമൂഹത്തെ മദ്യവിമുക്തിയിലേക്ക് നയിക്കാന്‍ ഖുര്‍ആനിന്റെ ശിക്ഷണരീതിയിലൂടെ സാധിച്ചു. മദ്യം അറേബ്യയുടെ ചരിത്രത്താളുകളില്‍ വിസ്മൃതിയിലാണ്ടുപോയത് ഖുര്‍ആന്‍ അവരുടെ ഹൃദയാന്തരങ്ങളില്‍ സൃഷ്ടിച്ച വിപ്ലവം ഒന്നുകൊണ്ടു മാത്രമായിരുന്നു. 

മദ്യം വരുത്തിവെക്കുന്ന വിനാശത്തെക്കുറിച്ച് നമ്മുടെ സമൂഹവും ഭരണകൂടവും തികഞ്ഞ ബോധ്യമുള്ളവരാണെങ്കില്‍കൂടി നിയമത്തിലൂടെ നിരോധനത്തിലേക്ക് എത്തിച്ച് മദ്യവിമുക്തി സാധ്യമാവുന്നില്ല. ഇവിടെയാണ് മദ്യവും അതിലേക്ക് നയിക്കുന്ന മുഴുവന്‍ കാര്യങ്ങളെയും കണിശമായി വിലക്കിയിട്ടുള്ള കര്‍ശന നിലപാട് മാതൃക സമൂഹത്തിന്റെ സദാചാരബോധം ആഗ്രഹിക്കുന്ന എല്ലാവര്‍ക്കുമുള്ള ഗുണകരമാവുന്ന വിധിയാവുന്നത്.

ലഹരിയുണ്ടാക്കുന്നതെല്ലാം നിഷിദ്ധമാണ്. ലഹരിപദാര്‍ഥങ്ങളുടെ അളവ് എത്ര കുറഞ്ഞാലും ശരി. നബി(സ്വ) പറഞ്ഞു. 'കൂടുതലായാല്‍ ലഹരിയുണ്ടാക്കുന്ന പദാര്‍ഥങ്ങളില്‍ നിന്ന് കുറഞ്ഞതും നിഷിദ്ധമാണ്. സുനനു അബീദാവൂദ് - 3681).

മനുഷ്യന്റെ ജീവന്‍, സ്വത്ത്, അഭിമാനം എന്നിവ പവിത്രമാണ്. ആ പവിത്രത കളങ്കപ്പെടുത്തുന്നതെല്ലാം അപരിഹാര്യമായ നാശനഷ്ടത്തിലേക്കുമാണവനെ നയിക്കുന്നത്. മദ്യേതരമായ എല്ലാ ലഹരി പദാര്‍ഥങ്ങളും മയക്കുമരുന്നുകളും ലഹരിയും തളര്‍ച്ചയും ആരോഗ്യക്ഷയവുമുണ്ടാക്കുന്നതാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇവ്വിഷയകമായി ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ പറയുന്നു. ''ആറാം നൂറ്റാണ്ടിന്റെ ആദ്യത്തിലും ഏഴാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും താര്‍ത്താരികളാണ് ഭരിച്ചിരുന്നത്. ഈ കാലത്താണ് മുസ്‌ലിംകള്‍ക്കിടയില്‍ കഞ്ചാവ് പ്രത്യക്ഷപ്പെട്ടത്. ഇത് കഴിക്കുന്നത് നിഷിദ്ധമാണ്. ലഹരി, ലൈംഗിക ഉത്തേജനം, ബുദ്ധിയിലും മനുഷ്യപ്രതൃതിയിലുമുണ്ടാക്കുന്ന അപകടങ്ങള്‍ തുടങ്ങി എല്ലാ നാശങ്ങളും മദ്യത്തിനെന്നപോലെ കഞ്ചാവിനുമുണ്ട്. അതിനാല്‍ മദ്യപാനിക്കെന്നപോലെ കഞ്ചാവ് ഉപയോഗിക്കുന്നവനും ചാട്ടവാറടി ശിക്ഷ നല്‍കേണ്ടതാണ്'' (മജ്മൂഅ് ഫതാവാ-28:339).


 

Feedback
  • Friday Sep 20, 2024
  • Rabia al-Awwal 16 1446