Skip to main content

മദ്യചികിത്‌സ

മദ്യമുള്‍പ്പെടെയുള്ള ലഹരിയുണ്ടാക്കുന്നവയെല്ലാം ഉപയോഗിക്കുന്നത് നിഷിദ്ധമാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. നിര്‍ബന്ധിത സാഹചര്യത്തില്‍ ആവശ്യം പരിഹരിക്കാവുന്നതിന് വേണ്ട അളവില്‍ നിഷിദ്ധമായ ഭക്ഷ്യപാനീയങ്ങള്‍ ഉപയോഗിക്കുന്നത് അനുവദനീയമാണെന്ന വീക്ഷണം പണ്ഡിതര്‍ക്കുണ്ട്. വിശപ്പും ദാഹവും പോലെ ചികിത്സയും പരിഗണിക്കപ്പെടേണ്ട ആവശ്യമായതിനാല്‍ ജീവന്‍ നിലനിര്‍ത്തേണ്ട സന്നിഗ്ധ ഘട്ടത്തില്‍ മദ്യം കൊണ്ട് ചികിത്സിക്കാമോ എന്ന പ്രശ്‌നത്തില്‍ വ്യത്യസ്ത വീക്ഷണങ്ങളുണ്ട്. ബാഹ്യവീക്ഷണത്തില്‍ പാടില്ല എന്നതാണ് മുന്‍ഗണനാര്‍ഹം.

ഇസ്‌ലാമിന് മുമ്പ് ജാഹിലിയ്യാ കാലത്ത് ആളുകള്‍ മദ്യം ചികിത്സക്കുപയോഗിക്കാറുണ്ടായിരുന്നു. ഇസ്‌ലാം വന്നപ്പോള്‍ മദ്യം കൊണ്ടുള്ള ചികിത്സ നിരോധിക്കുകയും അത് നിഷിദ്ധമായി പ്രഖ്യാപിക്കുകയും ചെയ്തു. ഇമാം അഹ്മദ്, മുസ്‌ലിം, അബൂദാവൂദ്, തിര്‍മിദി എന്നിവര്‍ ത്വാരിഖുബ്‌നു സുവൈദില്‍ ജുഅഫില്‍ നിന്നുദ്ധരിക്കുന്നു. അദ്ദേഹം നബി(സ്വ)യോട് മദ്യത്തെക്കുറിച്ച് അന്വേഷിച്ചു. തിരുമേനി അദ്ദേഹത്തെ അതില്‍നിന്ന് വിലക്കി. അപ്പോള്‍ അദ്ദേഹം പറഞ്ഞു. 'ഞാന്‍ ഔഷധാവശ്യത്തിന് വേണ്ടി മാത്രമേ അതുണ്ടാക്കാറുള്ളൂ. നബി(സ്വ) പ്രതിവചിച്ചു: അത് ഔഷധമല്ല, പ്രത്യുത രോഗമാണ്' (സ്വഹീഹുല്‍ ജാമിഅ് - 2408). നബി(സ്വ) പ്രസ്താവിച്ചതായി അബൂദാവൂദ് അബൂദര്‍ദാഇല്‍ നിന്നുദ്ധരിക്കുന്നു. 'അല്ലാഹു രോഗങ്ങളും ഔഷധങ്ങളുമിറക്കിയിരിക്കുന്നു. ഓരോ രോഗത്തിനും ഓരോ ഔഷധവും നിശ്ചയിച്ചിട്ടുണ്ട്. അതിനാല്‍ ചികിത്‌സിക്കുവിന്‍. നിഷിദ്ധ വസ്തുക്കള്‍കൊണ്ട് ചികിത്‌സിക്കരുത്.' (സുനനു അബീദാവൂദ് 3874).

''ഒരിക്കല്‍ ദയ്‌ലമുല്‍ ഹിംയരി നബി(സ്വ)യോട് ചോദിച്ചു. ഞങ്ങള്‍ തണുപ്പുള്ള പ്രദേശത്ത് കഠിനമായി ജോലി ചെയ്യുന്നവരാണ്. അപ്പോള്‍ തണുപ്പകറ്റാനും തൊഴില്‍ ചെയ്യാനും ആവശ്യമായ ശക്തി നേടുന്നതിന് ഗോതമ്പില്‍ നിന്ന് മദ്യം ഉണ്ടാക്കാറുണ്ട്. അപ്പോള്‍ നബി(സ്വ) ചോദിച്ചു. അത് ലഹരിയുണ്ടാക്കുമോ? അദ്ദേഹം പറഞ്ഞു. അതേ, തിരുദൂതര്‍ പറഞ്ഞു. എന്നാല്‍ നിങ്ങളത് വര്‍ജിക്കുക. അപ്പോള്‍ അദ്ദേഹം പറഞ്ഞു. ജനങ്ങളത് ഒഴിവാക്കുകയില്ല. പ്രവാചകന്‍(സ്വ) പറഞ്ഞു. എങ്കില്‍ അവനോട് നിങ്ങള്‍ പോരാടണം.'' (സ്വഹീഹു മുസ്‌നദ് 333).

അനുവദനീയമായ മറ്റ് ഔഷധങ്ങളൊന്നും കിട്ടാനില്ലാത്ത സാഹചര്യത്തില്‍ മാത്രം കള്ളുകൊണ്ട് ചികിത്‌സിക്കാവുന്നതാണെന്ന് പണ്ഡിതന്മാരില്‍ ചിലര്‍ അഭിപ്രായപ്പെടുന്നു. ആ ചികിത്സയിലൂടെ ഉപഭോക്താവിന്റെ ലക്ഷ്യം ആസ്വാദനവും ലഹരിയുമായിരിക്കരുതെന്ന ഉപാധിയുമുണ്ട്. ഭിഷഗ്വരന്‍ നിശ്ചയിച്ച മാത്രയില്‍ കവിഞ്ഞ് ഉപയോഗിക്കാന്‍ പാടില്ല. നിര്‍ബന്ധിതാവസ്ഥയില്‍ മദ്യം ഉപയോഗിക്കുന്നത് അനുവദനീയമാണ് എന്ന് അഭിപ്രായപ്പെട്ട പണ്ഡിതന്മാര്‍ ഇങ്ങനെ വിശദീകരിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു: ''ആരെങ്കിലും നിഷിദ്ധമാക്കപ്പെട്ടത് (ഭക്ഷിക്കാന്‍ നിര്‍ബന്ധിതനായാല്‍ അവന്റെ മേല്‍ കുറ്റമില്ല. അവന്‍ നിയമലംഘനം ആഗ്രഹിക്കാതിരിക്കുകയും പരിധി കവിയാതിരിക്കുകുയം വേണം. നിശ്ചയം അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു'' (2:173).

 

Feedback
  • Friday Sep 20, 2024
  • Rabia al-Awwal 16 1446