നന്മ കാംക്ഷിക്കുകയും നന്മയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവനാണ് വിശ്വാസി. ഇസ്‌ലാം മതത്തിന്റെ അന്തസ്സത്ത ഗുണകാംക്ഷയാണ്. സ്വകാര്യജീവിതത്തിലും പൊതുജീവിതത്തിലും അല്ലാഹുവിനെ സൂക്ഷിക്കുകയും പരലോക വിചാരണ ഭയപ്പെടുകയും ചെയ്യേണ്ട വിശ്വാസി വാക്കിലും നോക്കിലും സഹവാസങ്ങളിലും നന്മ കാംക്ഷിക്കുന്നവനും നന്മ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്നവനുമാണ്. അതുകൊണ്ട് തന്നെ വിശ്വാസി ഒരിക്കലും ദുരുദ്ദേശ്യത്തോടെയുള്ള ഗൂഢ സംസാരത്തില്‍ ഏര്‍പ്പെടുകയില്ല.
കപടവിശ്വാസികളും സത്യനിഷേധികളും പലതരത്തിലും ഗൂഢാലോചന നടത്തിയിരുന്നു. ആദര്‍ശ പ്രതിയോഗികളെ കെണിയില്‍പെടുത്തി ഗൂഢതന്ത്രങ്ങള്‍ പ്രയോഗിച്ച് ഇസ്‌ലാമിന്റെ മുന്നേറ്റത്തിന് തടയിടാനുള്ള അടവുനയങ്ങള്‍ ശത്രുക്കള്‍ പയറ്റിനോക്കിയപ്പോള്‍ അതിന് വേണ്ട ഗൂഢാലോചനകള്‍ നടത്തുകയും ചെയ്തു. ഇത്തരം ഗൂഢാലോചനകള്‍(നജ്‌വാ) വലിയ കുറ്റമാണെന്ന് വിശുദ്ധ ഖുര്‍ആനിലും ഹദീസിലും അല്ലാഹു വിരോധിക്കുന്നു. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അല്ലാഹു അറിയുന്നതാണെന്ന് നീ കാണുന്നില്ലേ? മൂന്നു പേര്‍ തമ്മിലുള്ള യാതൊരു രഹസ്യ സംസാരവും അവന്‍ (അല്ലാഹു) അവര്‍ക്ക് നാലാമനായി കൊണ്ടല്ലാതെ ഉണ്ടാവുകയില്ല. അഞ്ചുപേരുടെ സംഭാഷണമാണെങ്കില്‍ അവന്‍ അവര്‍ക്ക് ആറാമനായികൊണ്ടുമല്ലാതെ. അതിനേക്കാള്‍ കുറഞ്ഞവരുടെയോ, കൂടിയവരുടെയോ (സംഭാഷണം) ആണെങ്കില്‍ അവര്‍ എവിടെയായിരുന്നാലും അവന്‍ അവരോടൊപ്പമുണ്ടായിട്ടല്ലാതെ (58:7).
എന്നാല്‍ ദുരുദ്ദേശ്യത്തോടുകൂടിയല്ലാതെ അല്ലാഹുവിനെ സൂക്ഷിച്ച് നന്മ മുന്‍നിര്‍ത്തി ഗൂഢസംസാരം നടത്തുന്നതില്‍ വിശ്വാസികള്‍ ഭയപ്പെടേണ്ടതില്ലെന്ന് അല്ലാഹു പഠിപ്പിക്കുന്നു (58:9).
നിങ്ങള്‍ മൂന്നു പേരായിരുന്നാല്‍ രണ്ടുപേര്‍ തങ്ങളുടെ സ്‌നേഹിതനെ കൂടാതെ തമ്മില്‍ രഹസ്യ സംസാരം നടത്തരുത്. കാരണം അത് അവനെ വ്യവസനിപ്പിക്കുന്നതാണ്. (ബുഖാരി, മുസ്‌ലിം, അബൂദാവൂദ്)
പൊതുകാര്യങ്ങളില്‍ ഒറ്റയ്ക്കു തീരുമാനമെടുക്കാതെ കൂടിയാലോചന(ശൂറാ) നടത്തണമെന്ന്് ഇസ്‌ലാം നിഷ്‌കര്‍ഷിച്ചു. പൊതുകാര്യങ്ങള്‍ക്കെതിരിലോ വ്യക്തികള്‍ക്കെതിരിലോ തിന്‍മ ഉദ്ദേശിച്ച് ഗൂഢാലോചന പാടില്ല എന്നാണ് ഈ പറഞ്ഞതിന്റെ സാരം.