Skip to main content

അഖിലേന്ത്യാ ജംഇയ്യത്ത് പിറക്കുന്നു

സമസ്തക്ക് ബദലായി മറ്റൊരു സമസ്തയും കീഴ്ഘടകങ്ങളും എല്ലാം രൂപവല്‍ക്കരിച്ച് കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ സംഘടനാരംഗത്ത് വന്‍ കുതിച്ചുചാട്ടം നടത്തി. കാരന്തൂരിലെ മര്‍ക്കസിന് കീഴില്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കി. കോഴിക്കോട് കേന്ദ്രീകരിച്ച് വന്‍ വ്യാപാര സമുച്ചയമുയര്‍ന്നു. വിദേശ രാജ്യങ്ങളില്‍ നല്ല സ്വാധീനവും സൗഹൃദവുമുണ്ടാക്കി. രാഷ്ട്രീയ നേതൃത്വങ്ങളുമായും അടുത്തു. മുസ്‌ലിം സംഘടനകള്‍ക്കിടയില്‍ കാന്തപുരം മുസ്‌ലിയാര്‍ അനിഷേധ്യ സാന്നിധ്യമായി.

ഇതിനിടയിലാണ് അഖിലേന്ത്യാ സമിതിയുണ്ടാക്കാന്‍ അവിഭക്ത സമസ്തയേല്‍പ്പിച്ച ദൗത്യം നടപ്പില്‍ വരുത്താനുള്ള നീക്കങ്ങളില്‍ അദ്ദേഹം വ്യാപൃതനായത്. 1993ല്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ നിലവില്‍ വരികയും അദ്ദേഹം അതിന്റെ ജനറല്‍ സെക്രട്ടറിയാവുകയും ചെയ്തു. മര്‍ക്കസ് സ്ഥാപനങ്ങള്‍, സമസ്ത കേരള ഘടകം എന്നിവയുടെയെല്ലാം അമരക്കാരനായി സംഘടനയിലെ അനിഷേധ്യ നേതാവായി.

ആദര്‍ശത്തിലും വിശ്വാസത്തിലുമെല്ലാം അവിഭക്ത സമസ്തയുടെ നിലപാടുതന്നെ പുലര്‍ത്തുന്നു. അതായത്, അശ്അരി ചിന്താസരണിയും ശാഫിഈ മദ്ഹബും തന്നെ. ഇസ്‌ലാമിനകത്തെ ശത്രുക്കളെ എതിര്‍ക്കുക, മതസഹിഷ്ണുത, മതമൈത്രി, ദേശീയ പുരോഗതി എന്നിവക്കായി നിലകൊള്ളുക തുടങ്ങിയവയും സംഘടനയുടെ ലക്ഷ്യങ്ങളില്‍പെടുത്തി.

അഖിലേന്ത്യാ തലത്തില്‍ മുംബൈ, ഹരിയാന, ഡല്‍ഹി, ഉത്തര്‍പ്രദേശ്, ബംഗാള്‍, ഒറീസ, കശ്മീര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ സ്ഥാപനങ്ങള്‍ ഉണ്ടാക്കിയും വിദ്യാഭ്യാസ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയും ശ്രദ്ധേയനായി. ആഗോള തലത്തിലും പേരെടുത്തു. ജോര്‍ദാനിലെ ഒരു സ്റ്റഡി സെന്ററിന്റെ പഠനത്തില്‍ ലോകത്തെ സ്വാധീനിച്ച 500 വ്യക്തികളുടെ പട്ടികയില്‍ അബൂബക്കര്‍ മുസ്‌ലിയാരും ഉള്‍പ്പെട്ടതായി അവകാശപ്പെടുന്നുണ്ട്.

കാരന്തൂര്‍ മര്‍ക്കസ് തന്നെയാണ് പ്രധാന സ്ഥാപനം ഇതിനു കീഴില്‍ എഞ്ചിനീയറിംഗ്, ലോ ശരീഅത്ത്, ഖുര്‍ആന്‍, ഹദീസ് കോളേജുകള്‍, ആശുപത്രികള്‍, അനാഥാലയ സമുച്ചയം, നോളജ് സിറ്റി എന്നിവയുമുണ്ട്. 40 കോടി രൂപ ചെലവില്‍ 'പ്രവാചകന്റെ തിരുകേശം' സൂക്ഷിക്കാന്‍ പള്ളി പണിയുമെന്ന് പ്രഖ്യാപിച്ചെങ്കിലും മുടങ്ങിക്കിടക്കുകയാണ്. 

അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമക്കു കീഴില്‍ സംസ്ഥാന തലത്തില്‍ സുന്നി ജംഇയ്യത്തുല്‍ ഉലമയുണ്ട്. ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷനായുള്ള 40 അംഗ മുശാവറയാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. 1989 മുതല്‍ കാന്തപുരം തന്നെയാണ് ജനറല്‍ സെക്രട്ടറി.

സമസ്‌ത കേരള സുന്നി യുവജന സംഘം, സമസ്‌ത കേരള സുന്നി സ്റ്റൂഡന്റ്‌സ് ഫെഡറേഷന്‍, സമസ്‌ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ്, സമസ്‌ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമിന്‍, ബാലസംഘം എന്നിവക്കു പുറമെ 2015 ഒക്‌ടോബര്‍ മുതല്‍ കേരള മുസ്‌ലിം ജമാഅത്ത് എന്ന ബഹുജനസംഘടന കൂടി നിലിവില്‍ വന്നിട്ടുണ്ട്. ഇതിന്റെ പ്രസിഡണ്ടും കാന്തപുരം തന്നെയാണ്.

സിറാജ് ദിനപത്രം, രിസാല വാരിക, സുന്നത്ത് വോയ്‌സ്, അല്‍ ഇര്‍ഫാദ്, ബാലമാസിക, പൂങ്കാവനം വനിതാ മാസിക, അല്‍മുഅല്ലിം തുടങ്ങിയ പ്രസിദ്ധീകരണങ്ങളും പുസ്തക പ്രബോധന കേന്ദ്രവുമുണ്ട്.


 

Feedback