Skip to main content

കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍

മര്‍കസ് സ്ഥാപനങ്ങളുടെ ചാന്‍സലറായ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ ഒരു സംഘടനയെ മുഴുവന്‍ സ്വന്തം ചുമലില്‍ വഹിക്കുന്ന നേതാവാണ്. ആള്‍ ഇന്ത്യ സുന്നി ജംഇയ്യതുല്‍ ഉലമയുടെ ജനറല്‍ സെക്രട്ടറിയായ ഇദ്ദേഹം എസ് വൈ എസിന്റെ ചീഫ് പാട്രനും എസ് കെ എസ് ജെ യുവിന്റെ ജനറല്‍ സെക്രട്ടറിയുമാണ്.

1939-മാര്‍ച്ച് 22ന് കോത്താരിയില്‍ അഹ്മദ് ഹാജിയുടെയും കുഞ്ഞീമ ഹജ്ജുമ്മയുടെയും മകനായാണ് ഇദ്ദേഹം ജനിക്കുന്നത്. നാട്ടില്‍ നിന്ന് തന്നെ പ്രാഥമിക വിദ്യാഭ്യാസം കരസ്ഥമാക്കിയ അബൂബക്കര്‍ മുസ്‌ലിയാര്‍ ഉപരിപഠനത്തിന് ചേര്‍ന്നത് വെല്ലൂര്‍ ബാഖിയാതുസ്സ്വാലിഹാതിലാണ്. പഠനം കഴിഞ്ഞ് തിരിച്ച് വന്ന അദ്ദേഹം ഒരു സമ്പൂര്‍ണ സുന്നി പ്രവര്‍ത്തകനായി. എന്നാല്‍ സമസ്തയിലെ പിളര്‍പ്പിന് തുടക്കം കുറിച്ചപ്പോള്‍ ഒരു വിഭാഗത്തിന്റെ നേതാവാകുകയും അണികളെ സമ്പാദിക്കുകയും ചെയ്തു.

പിന്നീട് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തിയത് തന്റെ സ്ഥാപനമായ 'മര്‍കസ് സഖാഫതു സുന്നിയ്യ' വളര്‍ത്താനായിരുന്നു. പലവിധ കോഴ്‌സുകളിലായി വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഒരു വലിയ സ്ഥാപനമാണ് ഇന്ന് മര്‍കസ്. നിരവധി വാദപ്രതിവാദങ്ങളിലും ഖണ്ഡന-ഖണ്ഡനങ്ങളിലും പങ്കെടുത്ത കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ നിരവധി ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. അറബി, ഇംഗ്ലീഷ്, ഉര്‍ദു, തമിഴ്, മലയാളം എന്നീ ഭാഷകളില്‍ പ്രാവീണ്യമുള്ള ഇദ്ദേഹം പത്രങ്ങളിലും ആനുകാലികങ്ങളിലും കോളങ്ങള്‍ എഴുതാറുണ്ട്.

ഭാര്യയും ആറു മക്കളുമുള്ള കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ കോഴിക്കോടിനടുത്ത് കാന്തപുരത്ത് കുടുംബസമേതം താമസിക്കുന്നു.

പ്രധാന ഗ്രന്ഥങ്ങള്‍


ഇസ്‌ലാമിലെ ആത്മീയ ദര്‍ശനം
വിശുദ്ധ പ്രവാചകന്മാര്‍
സ്തീ ജുമുഅ
കൂട്ടു പ്രാര്‍ത്ഥന
ജുമുഅ ഖുത്വുബ
അല്‍ ഹജ്ജ്
മൈന്റ് ഓഫ് ഇസ്‌ലാം
അമേരിക്കന്‍ ഡയറി
ത്വരീഖത്ത് ഒരു പഠനം
ഇസ്‌ലാമും ഖാദിയാനിസവും
 

Feedback