അഭിപ്രായം, വീക്ഷണം, സരണി എന്നൊക്കെയാണ് 'മദ്ഹബ്' എന്ന അറബി വാക്കിന്റെ അര്‍ഥം. വിശ്വാസ, രാഷ്ട്രീയ, കര്‍മ വിഷയങ്ങളില്‍ ഇസ്‌ലാമിക പണ്ഡിതന്മാര്‍ സഞ്ചരിച്ച വ്യത്യസ്ത കൈവഴികളെ (schools of thoughts)കുറിക്കാനാണ് പൊതുവില്‍ മദ്ഹബുകള്‍ എന്ന പദം പ്രയോഗിക്കാറുള്ളത്. ശീഈ, ഖവാരിജ് എന്നിവയാണ് രാഷ്ട്രീയ രംഗത്തെ മദ്ഹബുകള്‍. ജബ്‌രിയ്യ, മുര്‍ജിഅ:, മുഅ്തസില, അശ്അരീ, മാതുരീദീ തുടങ്ങിയവ മദ്ഹബുകളായും അറിയപ്പെടുന്നു.
മദ്ഹബ് എന്ന പദത്തിന്റെ ശ്രവണ മാത്രയില്‍ സാധാരണക്കാരന്റെ മനസ്സില്‍ അങ്കുരിക്കുക കര്‍മശാസ്ത്ര മദ്ഹബുകളാണ്. അവയില്‍ തന്നെ ഇന്ന് ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ നില നില്‍ക്കുന്ന മുഖ്യമായ നാല് മദ്ഹബുകള്‍. ഈ വിശദീകരണത്തില്‍ കൊണ്ടുവരുന്നതും കര്‍മ ശാസ്ത്ര മദ്ഹബുകളെ കുറിച്ചുള്ള പരിചയപ്പെടുത്തല്‍ മാത്രമാണ്.
സ്രഷ്ടാവും പരിപാലകനുമായ അല്ലാഹു, ജീവിതത്തെ ക്രമീകരിക്കാന്‍ ആവശ്യമായ കൃത്യവും വ്യക്തവുമായ നിയമങ്ങളും വിധി വിലക്കുകളും പ്രവാചകനായ മുഹമ്മദ് നബി(സ്വ)യിലൂടെ നല്‍കിയിട്ടുണ്ട് എന്ന് ലോക മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. അത്തരം നിയമവിധികളും നിര്‍ദേശങ്ങളും അറിയാനുള്ള ആഗ്രഹം മുസ്‌ലിമായി ജീവിക്കണമെന്ന് ആഗ്രഹിക്കുന്നവരിലൊക്കെ സ്വഭാവികമാണ്. നബി(സ്വ) ജീവിച്ചിരുന്നപ്പോള്‍ മതപരമായ എന്ത് പ്രശ്‌നത്തിന്റെയും പരിഹാരം തേടി അവര്‍ക്ക് അദ്ദേഹത്തെ നേരിട്ട് സമീപിക്കാമായിരുന്നു. നേരിട്ട് വരാന്‍ സാധിക്കാത്തവര്‍ ദൗത്യ സംഘങ്ങളെ അയച്ചുകൊണ്ട് പോലും സംശയനിവൃത്തി വരുത്തുമായിരുന്നു. സകല പ്രശ്‌നങ്ങള്‍ക്കും നബി(സ്വ) പരിഹാരം നിര്‍ദേശിച്ചത് വഹ്‌യിന്റെ അടിസ്ഥാനത്തിലായിരുന്നു. അപൂര്‍വം ചില കാര്യങ്ങളില്‍ നബി(സ്വ) സ്വന്തമായി ഇജ്ത്തിഹാദ് (ഗവേഷണം) നടത്തിയിട്ടുമുണ്ട്.
നബി(സ്വ) മരിക്കുമ്പോള്‍ ഈ സമൂഹത്തിന് നല്‍കിയ രണ്ട് അമൂല്യ നിധികളാണ് വിശുദ്ധ ഖുര്‍ആനും അതിന്റെ വ്യാഖ്യാനമായ തിരുസുന്നത്തും. ഈ രണ്ട് അടിസ്ഥാന പ്രമാണങ്ങളെ അവലംബിച്ചു കൊണ്ട് മുസ്‌ലിംകള്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ക്കൊക്കെ പരിഹാരം കണ്ടെത്തി. അവയില്‍ വിധികള്‍ കാണാന്‍ കഴിയാത്ത വിഷയങ്ങളില്‍ പ്രധാനപ്പെട്ട സ്വഹാബിമാരെ വിളിച്ചു വരുത്തി പ്രശ്‌നപരിഹാരത്തിന് ശ്രമിക്കും; ഇല്ലെങ്കില്‍ ഇജ്ത്തിഹാദിലൂടെ പ്രശ്‌നപരിഹാരം കണ്ടെത്തും.
ഖുലഫാഉര്‍റാശിദുകളുടെ കാലത്ത് ഇസ്‌ലാമിക രാജ്യം ഏറെ വിശാലമാവുകയും എത്രയോ അറബേതര ജനവിഭാഗങ്ങള്‍ ഇസ്‌ലാമിലേക്ക് കടന്നു വരികയും ചെയ്തു. നവംനവങ്ങളായ പ്രശ്‌നങ്ങള്‍ മുസ്‌ലിം ഉമ്മത്ത് അഭിമുഖീകരിക്കാനാരംഭിച്ചു. ദീനില്‍ പ്രവേശിച്ചവര്‍ക്ക് മതത്തിന്റെ അടിസ്ഥാന അനുഷ്ഠാനങ്ങള്‍ പഠിപ്പിച്ചു കൊടുക്കേണ്ടതായി വന്നു. മൂന്നാം ഖലീഫ ഉസ്മാന്‍(റ)യുടെ കാലത്ത് സ്വഹാബിമാര്‍ക്ക് മദീന വിട്ട് അവര്‍ ഉദ്ദേശിക്കുന്ന സ്ഥലങ്ങളിലേക്ക് പോകാനുള്ള ഉദാരമായ അനുവാദം നല്‍കപ്പെടുക കൂടി ചെയ്തു. വ്യത്യസ്ത പ്രദേശങ്ങള്‍ തെരഞ്ഞെടുത്ത സ്വഹാബിമാര്‍ അവര്‍ അഭിമുഖീകരിച്ച പ്രശ്‌നങ്ങള്‍ക്ക് ഖുര്‍ആനില്‍ നിന്നും അവര്‍ക്കറിയാവുന്ന സുന്നത്തില്‍ നിന്നും അവര്‍ മനസ്സിലാക്കിയതനുസരിച്ച് ഫത്‌വകള്‍ നല്‍കി. ഖുര്‍ആനിലും സുന്നത്തിലും കാണാത്ത വിഷയങ്ങളില്‍ അവര്‍ ഗവേഷണം നടത്തി മതവിധികള്‍ മനസ്സിലാക്കി. ഇത് സ്വാഭാവികമായിത്തന്നെ അഭിപ്രായ വൈജാത്യങ്ങള്‍ക്കിടയാക്കി.
സ്വഹാബിമാരുടെ ശേഷം വന്ന താബിഉകളുടെ കാലത്തും ഏറെക്കുറെ സ്ഥിതി ഇതായിരുന്നു. അവര്‍ ഖുര്‍ആനും സുന്നത്തും സ്വഹാബത്തിന്റെ ഇജ്മാഉം ഇജ്തിഹാദുമൊക്കെ അവലംബമാക്കി മതവിധികള്‍ നല്‍കി. വ്യക്തമായ തെളിവുകളുടെ അഭാവത്തില്‍ വ്യത്യസ്ത രീതികള്‍ സ്വീകരിച്ചവര്‍ അവരിലുണ്ടായിരുന്നു. ചിലര്‍ ഖുര്‍ആനും സുന്നത്തും സഹാബികളുടെ ഇജ്മാഉം തന്നെ അവലംബമാക്കി മതവിധികള്‍ നല്‍കി. ഇത്തരക്കാരെ 'മദ്‌റസതു അഹ്‌ലില്‍ ഹദീസ്' എന്നാണ് വിശേഷിപ്പിക്കാറുള്ളത്. മറ്റൊരു വിഭാഗം പ്രമാണങ്ങളുടെ ബാഹ്യാര്‍ഥം മാത്രം കണക്കിലെടുക്കാതെ അവയിലെ യുക്തിയും ന്യായവും കണ്ടെത്തി പുതിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ശ്രമിച്ചു. ഇവരെ 'മദ്‌റസതു അഹിലിര്‍റഅ്‌യ്' എന്നു വിളിക്കുന്നു. അങ്ങനെയൊക്കെ യാണെങ്കിലും ഇന്ന് പ്രചാരത്തിലുള്ളതുപോലെയുള്ള 'മദ്ഹബ്' രീതിയിലേക്ക് കാര്യങ്ങള്‍ എത്തിയിരുന്നില്ല എന്നതാണ് വസ്തുത.