Skip to main content

മാലിക്കീ മദ്ഹബ്

ഹിജ്‌റ: 93ല്‍ മദീനയില്‍ ജനിച്ച ഇമാം മാലികുബ്‌നു അനസിബ്‌നി മാലിക്ക് അബീ ആമിര്‍ ഇസ്ബഹീ അല്‍ യമനിയിലേക്ക് ചേര്‍ത്തുപറഞ്ഞുകൊണ്ടാണ് മാലികീ മദ്ഹബ് അറിയപ്പെടുന്നത്. ചെറുപ്പത്തില്‍ തന്നെ ഖുര്‍ആന്‍ മനഃപാഠമാക്കിയ ഇമാമിന് ഹദീസുകളോട് അടങ്ങാത്ത അഭിനിവേശമായിരുന്നു. പണ്ഡിതന്മാരുമായുള്ള സഹവാസത്തില്‍ അദ്ദേഹം ആനന്ദം കണ്ടെത്തി. ജീവിതത്തിന്റെ പ്രാരംഭദശയില്‍ അദ്ദേഹം അനുഭവിച്ച ദാരിദ്ര്യമോ അവസാന കാലഘട്ടങ്ങളില്‍ കൈവന്ന സുഭിക്ഷതയോ ദീനീ തല്പരതയില്‍ നിന്ന് അദ്ദേഹത്തെ ഒട്ടും അകറ്റിയില്ല. അബ്ദുറഹ്മാനുബ്‌നു ഹുര്‍മുസ്, അബുസ്സനാദ്, റബീഅ തുടങ്ങിയ അക്കാലത്തെ തലയെടുപ്പുള്ള പണ്ഡിതന്മാരില്‍ നിന്നാണ് ഇമാം മാലിക് വിജ്ഞാനം ശേഖരിച്ചു തുടങ്ങിയത്. 40 വര്‍ഷം അമവീ ഭരണത്തിന് കീഴില്‍ ഇമാം ജീവിച്ചു. അദ്ദേഹത്തിന്റെ മുഖ്യ രചനയാണ് 'അല്‍മുവത്ത്വഅ്' ഹദീസിലും ഫിഖ്ഹിലും ഉള്ള റിപ്പോര്‍ട്ടുകള്‍ ക്രോഡീക്കപ്പെട്ട അമൂല്യമായൊരു ഗ്രന്ഥമത്രെ ഇത്. വേറെയും ചില രചനകള്‍ ഇമാമിലേക്ക് ചേര്‍ത്തു പറയുന്നുവെങ്കിലും ആധാകാരികത അവകാശപ്പെടാനാവാത്തവയാണ് അവ.
 
മാലികീ മദ്ഹബിലെ ഉസ്വൂലുകള്‍ 

ഇമാം അബൂഹനീഫയെപ്പോലെ ഇമാം മാലിക്കും പ്രത്യേകമായ നിദാന ശാസ്ത്രങ്ങളൊന്നും (ഉസ്വൂല്‍) ഉണ്ടാക്കിയിട്ടില്ല. മാലികീ മദ്ഹബിലെ പില്കാല പണ്ഡിതന്മാര്‍ ഇമാമിന്റെ അഭിപ്രായങ്ങള്‍ പരിശോധിച്ച ശേഷം അവയ്ക്ക് അനുയോജ്യമായ ഉസ്വൂലുകള്‍ ആവിഷ്‌കരിക്കുകയാണുണ്ടായത്. ഈയടിസ്ഥാനത്തില്‍ ഇമാം ഖര്‍റാഫി തന്റെ തന്‍ഖീഹുല്‍ ഉസ്വൂല്‍ എന്ന ഗ്രന്ഥത്തില്‍ മാലിക്കീ മദ്ഹബിന്റെ ഉസ്വൂലുകള്‍ 11 എണ്ണമായി രേഖപ്പെടുത്തുന്നു.

1- ഖുര്‍ആന്‍ 

2- സൂന്നത്ത്

3-ഇജ്മാഅ്

4-മദീനക്കാരുടെ പ്രവൃത്തി 

5-ഖിയാസ്

6- സ്വഹാബികളുടെ വാക്കുകള്‍ 

7-മസാലിഹ് മുര്‍സല

8- അല്‍ ഇസ്തിഹ്‌സാന്‍

9-ഉര്‍ഫ്

10- സദ്ദ്വുദ്ദറാഇഅ്

11- അല്‍ ഇസ്തിസ്വ്ഹാബ്


 

Feedback