Skip to main content

ഹനഫീ മദ്ഹബ്

ഹിജ്‌റ 86ല്‍ ജനിച്ച് 150ല്‍ പരലോകം പ്രാപിച്ച ഇമാം അബൂഹനീഫയുടെ പേരിലാണ് ഹനഫീ മദ്ഹബ് നിലനില്‍ക്കുന്നത് നുഅ്മാനുബ്‌നു സാബിത്ത് എന്നാണദ്ദേഹത്തിന്റെ യഥാര്‍ഥ നാമം. ചില ചരിത്രകാരന്മാര്‍ ഇമാമിനെ താബിഉകളില്‍ എണ്ണിയിട്ടുണ്ട്. യാഥാര്‍ഥത്തില്‍ 'ഹനീഫയുടെ മദ്ഹബ്' എന്നൊരു സവിശേഷസരണി ഇമാം കെട്ടിവെക്കുകയോ ഫിഖ്ഹില്‍ ഗ്രന്ഥ രചന നടത്തുകയോ ചെയ്തിട്ടില്ല. അദ്ദേഹത്തിന്റെ ശിഷ്യന്മാരാണ് അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് ഗ്രന്ഥരചന നടത്തിയത്.


ധാരാളം നാടുകളില്‍ ഇന്ന് ഹനഫീ മദ്ഹബ് പ്രചാരത്തിലുണ്ട്. ഈജിപ്ത്, ഇാറഖ്, സിറിയ, യമന്‍, ഇന്ത്യ, ചൈന, റഷ്യ, അഫ്ഗാനിസ്താന്‍, പാക്കിസ്താന്‍ തുടങ്ങിയവ അവയില്‍ ചിലതാണ്. ആദ്യകാലത്ത് അബ്ബാസികളുടെയും പിന്നെ ഉസ്മാനീ ഖിലാഫത്തിന്റെയും അവസാനം മുഗുളന്മാരുടെയും ഔദ്യോഗിക മദ്ഹബായി സ്വീകാര്യത ലഭിച്ചത് ഈ മദ്ഹബിന്റെ പ്രചാരത്തിന് ശക്തി കൂട്ടി. 


ഖിയാസിന് ഹദീസുകളേക്കാള്‍ പ്രാധാന്യം നല്‍കുന്നു എന്ന ആരോപണം എതിരാളികള്‍ അദ്ദേഹത്തെക്കുറിച്ചു പ്രചരിപ്പിച്ചു. വിവിധ താല്പര്യക്കാര്‍ വ്യാജ ഹദീസുകള്‍ നിര്‍മിക്കുന്നതില്‍ മത്സരിച്ചപ്പോള്‍ ഹദീസുകള്‍ സ്വീകരിക്കുന്ന വിഷയത്തില്‍ ചില വ്യവസ്ഥകള്‍ അദ്ദേഹം ഏര്‍പ്പെടുത്തി എന്നത് ശരിയാണ്.  റിപ്പോര്‍ട്ടര്‍മാരുടെ വിശ്വാസത്തില്‍ സംശയങ്ങളുള്ളവ, ഖുര്‍ആന്‍ വചനത്തിനും അറിയപ്പെട്ട ഹദീസുകള്‍ക്കും വിരുദ്ധമായവ, സ്വഹാബത്തിന്റെ അഭിപ്രായങ്ങളുമായും, പൊതു തത്ത്വങ്ങളുമായും വിപരീതമാകുന്ന ഹദീസുകള്‍ അദ്ദേഹം തിരസ്‌കരിച്ചു. അതുകൊണ്ട് തന്നെ പരിമിതമായ ഹദീസുകള്‍ മാത്രമേ അദ്ദേഹം കുറ്റമറ്റതായി കണ്ടിട്ടുള്ളു.


അബൂ ഹനീഫയുടെ വീക്ഷണം പ്രതിഫലിപ്പിക്കുന്ന ഒരു സംഭവം ഉദ്ധരിക്കപ്പെട്ടു കാണാം. ഒരിക്കല്‍ അദ്ദേഹത്തോട് ഒരാള്‍ ചോദിച്ചു 'താങ്കള്‍ ഒരഭിപ്രായം പറയുകയും അതിനെതിരില്‍ ഒരു നബി വചനം സ്ഥിരപ്പെടുകയും ചെയ്താല്‍ എന്ത് ചെയ്യും' അദ്ദേഹം പറഞ്ഞു: ''ഞാന്‍ എന്റെ അഭിപ്രായം ഉപേക്ഷിക്കും''.


ചോദ്യം: സഹാബികളുടെ അഭിപ്രായം താങ്കളുടെ അഭിപ്രായത്തിന് എതിരായാലോ?  അദ്ദേഹം പറഞ്ഞു. ''ഞാന്‍ എന്റെ അഭിപ്രായം പിന്‍വലിക്കും''. ചോദ്യം: താബിഉകളുടെ അഭിപ്രായം താങ്കളുടെ അഭിപ്രായവുമായി എതിരായാലോ? അദ്ദേഹം പറഞ്ഞു: ''ഞാനും അവരെ പോലെ ഒരാണ്‍കുട്ടിയാണ്''.


ഇന്ന് ഹനഫീ മദ്ഹബിലെ പ്രധാന ഗ്രന്ഥമായി പരിഗണിക്കുന്ന പ്രമാണങ്ങള്‍ പില്‍കാലത്ത് ഹനഫീ പണ്ഡിതന്മാരാല്‍ ഉണ്ടാക്കപ്പെട്ടവയാണ്.
ഹനീഫ് മദ്ഹബിലെ പ്രമാണങ്ങള്‍
 1.ഖുര്‍ആന്‍
2. ഹദീസ്.
3. സഹാബികളുടെ ഫത്വ്‌വകള്‍ 
4.അല്‍ ഇജ്മാഅ്
5. ഖിയാസ്

 

Feedback