പ്രാഥമിക പഠനത്തിന് ശേഷം ഖുര്‍ആന്‍, ഹദീസ്, കര്‍മശാസ്ത്രം, തസ്വവ്വുഫ് എന്നിവയോടൊപ്പം യുക്തി ശാസ്ത്ര(മന്‍ത്വിഖ്)ത്തിലും തര്‍ക്ക ശാസ്ത്രത്തിലും ഗുലാം അഹ്മദ് വ്യുല്‍പ്പത്തി നേടി. ലഭ്യമായ ഗ്രന്ഥങ്ങളും വായിച്ചിരുന്നു. സ്വൂഫികളുടെ അദ്വൈത വാദവും ശിആകളുടെ മഹ്ദീ വാദവും, ഇറാനിലെ ബാബിയാക്കളുടെ ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനങ്ങളുമെല്ലാം പരന്ന വായനയിലൂടെ അഹ്മദ് പഠിച്ചെടുത്തു.
ഇതിനിടെ ബ്രിട്ടീഷ് കോടതിയില്‍ ഗുമസ്തനായി ജോലിയും നോക്കി. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ ഉത്തരേന്ത്യയിലെ സിക്കുകാരുള്‍പ്പെടെയുള്ള സമൂദായങ്ങളുടെ മുസ്‌ലിം വിരോധം അതിന്റെ ഉച്ചിയിലെത്തി. ഈ സമയത്ത് അവരോടെല്ലാം സംവദിച്ചും പ്രബോധനം നടത്തിയും ലേഖനങ്ങളെഴുതിയും സമുദായത്തില്‍ നിറഞ്ഞു നിന്നു അഹ്മദ്. ഇതിനിടെ 1881ല്‍ പുറത്തു വന്ന 'ബറാഹീനെ അഹ്മദിയ്യ' എന്ന പുസ്തകത്തിലൂടെ തനിക്ക് ദിവ്യവെളിപാട് (വഹ്‌യ്) ലഭിക്കാറുണ്ടെന്ന് വാദിച്ചു. കുറെ ഉദാഹരണങ്ങള്‍ നിരത്തുകയും ചെയ്തു. ഈ ഗ്രന്ഥത്തിന് 50 ഭാഗങ്ങളുണ്ടാകുമെന്നും അഹ്മദ് പ്രഖ്യാപിച്ചു.
1885ല്‍ വീണ്ടും പ്രഖ്യാപനം വന്നു, താന്‍ മുജദ്ദിദും (പരിഷ്‌കര്‍ത്താവും) കാലത്തിന്റെ ഇമാമും ആണെന്ന്. 1889ല്‍ അഹ്മദിയാ മുസ്‌ലിം ജമാഅത്ത് എന്ന പ്രസ്ഥാനം സ്ഥാപിക്കുകയും ചെയ്തു. ഈ ഘട്ടങ്ങളിലെല്ലാം ഇസ്‌ലാമിന്റെ മഹത്വവും ഖുര്‍ആനിന്റെ പ്രസക്തിയും അമാനുഷികതയും വിശദീകരിച്ച് പ്രബോധനം തുടര്‍ന്ന അഹ്മദിന് മുസ്‌ലിംകള്‍ക്കിടയില്‍ വന്‍ സ്വാധീനം ചെലുത്താനായി. പല മുസ്‌ലിം പണ്ഡിതന്മാരും അദ്ദേഹത്തെ പുകഴ്ത്തുകയും ചെയ്തിരുന്നു.
1891ല്‍ വാദം വീണ്ടും പുതുക്കി. 'ഈസാ(അ) മരിച്ചുപോയിട്ടുണ്ട്, അതിനാല്‍ വാഗ്ദത്ത മസീഹായ മഹ്ദി ഞാന്‍ തന്നെയാണ്. എനിക്ക് എല്ലാവരും ബൈഅത്ത് ചെയ്യുക' തൗളീഹെ മറാം, ഫത്ഹുല്‍ ഇസ്‌ലാം, ഈസാലെ ഔഹാം തുടങ്ങിയ ഗ്രന്ഥങ്ങളും ഈ അവകാശ വാദങ്ങള്‍ സ്ഥാപിക്കാനായി അഹ്മദ് രചിച്ചു. അദ്ദേഹം നിരത്തിയ വാദങ്ങള്‍ പക്ഷെ, മുസ്‌ലിം പണ്ഡിതന്മാര്‍ തള്ളുകയായിരുന്നു. ഈസയും മഹ്ദിയും രണ്ടു പേരാണെന്നാണ് അഹ്‌ലുസ്സുന്നയുടെ വാദം.
ഈ സമയത്തെല്ലാം വഹ്‌യ് നിരന്തരം ഇറങ്ങിക്കൊണ്ടിരുന്നതായി അവകാശപ്പെട്ട ഗുലാം അഹ്മദ് 1901ല്‍ താന്‍ പ്രവാചകന്‍ തന്നെയെന്ന് അസന്നിഗ്ധമായി പ്രഖ്യാപിച്ചു. 1905ല്‍ മുസ്‌ലിംകളുടെ മാത്രമല്ല ഹൈന്ദവ-ക്രൈസ്തവരുടെ അവതാരവും, മിശിഹയുമാണ് താന്‍ എന്നുകൂടി ഇദ്ദേഹം അവകാശപ്പെട്ടു.