Skip to main content

തഫ്‌സീര്‍ സുയൂഥി

സിഇ 1445 (ഹിജ്‌റ 849)ല്‍ ജനിച്ച ഹാഫിള് ജലാലുദ്ദീന്‍ അബുല്‍ ഫള്ല്‍ അബ്ദുറഹ്മാന്‍ അസ്സുയുഥിയാണ് ഗ്രന്ഥകര്‍ത്താവ്. അദ്ദേഹത്തിന്റെ അഞ്ചാം വയസ്സില്‍ പിതാവ് മരണപ്പെട്ടതോടുകൂടി അനാഥനായാണ് വളര്‍ന്നത്. എട്ടാമത്തെ വയസ്സില്‍ ഖുര്‍ആന്‍ മുഴുവന്‍ ഹൃദ്യസ്ഥമാക്കി. രണ്ടായിരത്തിലധികം ഹദീസുകളും സനദോടു കൂടി മനഃപ്പാഠമാക്കുകയുണ്ടായി.  അഞ്ഞൂറോളം ചെറുതും വലുതുമായ രചനകള്‍ നടത്തിയിട്ടുണ്ട്. അവയില്‍ ലോകപ്രശസ്തമായ രചനയാണ് തഫ്‌സീറുസുയൂഥി.  ഒരു കവി കൂടിയായിരുന്നു ഇമാം സുയൂഥി. ഹിജ്‌റ 911, 62-ാം വയസ്സില്‍ ഇഹലോകവാസം വെടിഞ്ഞു. 

durarulmansur

തഫ്‌സീര്‍ സുയൂഥി എന്ന പേരില്‍ അറിയപ്പെടുന്ന തഫ്‌സീറിന്റെ യഥാര്‍ഥ പേര് 'അദ്ദുററുല്‍ മന്‍സൂര്‍ ഫീ തഫ്‌സീറില്‍ മഅ്‌സൂര്‍' എന്നാകുന്നു. തന്റെ രചന മെച്ചപ്പെടുത്തുവാന്‍ വേണ്ടി പല മാര്‍ഗങ്ങളും  പിന്നിട്ട ശേഷമാണ് ഇമാം സുയൂഥി തഫ്‌സീറിന്റെ രചന പൂര്‍ത്തീകരിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്നുതന്നെ നമുക്കിത് മനസ്സിലാക്കാം: ' ഞാന്‍ പ്രവാചകന്റെ ഖുര്‍ആന്‍ വിശദീകരണം സനദോടുകൂടി ശേഖരിച്ചു. പതിനായിരത്തില്‍ ചില്ലാനം മര്‍ഫൂഉം മൗഖൂഫുമായ ഹദീസുകളായിരുന്നു അതിലുള്ളത്. നാലു വാള്യങ്ങളിലായി അത് പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു. അതിന് തര്‍ജ്ജുമാനുല്‍ ഖുര്‍ആന്‍ എന്ന പേരിടുകയും ചെയ്തു. തര്‍ജ്ജുമാന്റെ രചന പൂര്‍ത്തിയായപ്പോള്‍ അതിലെ അസറുകളില്‍ ഭൂരിപക്ഷത്തിന്റെ പരമ്പരകളും വ്യത്യസ്ത വഴികളിലായി ചിതറിക്കിടക്കുന്നവയായിരുന്നു എന്നു മനസ്സിലായി. അത് കണ്ടെത്താന്‍ വായനക്കാരന്‍ പ്രയാസപ്പെടുമെന്ന് മനസ്സിലാക്കിയത് കൊണ്ട് പരമ്പര (സനദ്) ഒഴിവാക്കി രചന നടത്താന്‍ തീരുമാനിച്ചു'. ഇങ്ങനെ പൂര്‍ത്തീകരിച്ചതിന് അദ്ദേഹം അദുററുല്‍ മന്‍സൂറു ഫി ത്തഫ്‌സീറില്‍ മഅ്‌സൂരി എന്ന് പേര് നല്‍കുകയും ചെയ്തു (അത്തഫ്‌സീറു വല്‍ മുഫസ്സിറൂന്‍).

സുയൂഥിയുടെ മറ്റൊരു പ്രധാന ഗ്രന്ഥമാണ് തഫ്‌സീര്‍ ജലൈലാനി. രണ്ട് ജലാലുമാര്‍ എന്നാണ് ജലൈലാനി എന്ന വാക്കിന്നര്‍ഥം. ജലാലുദ്ദീന്‍ മഹല്ലിയും ജലാലുദ്ദീന്‍ സുയൂഥിയും ചേര്‍ന്നെഴുതിയ മേല്‍ ഗ്രന്ഥം പണ്ഡിതലോകത്ത് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.

Feedback