Skip to main content

സ്വഹാബികളുടെ തഫ്‌സീര്‍

ഖുര്‍ആനില്‍ നിന്നും പ്രവാചകചര്യയില്‍ നിന്നും വിവരണം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഖുര്‍ആനിന്റെ തത്ത്വാടിസ്ഥാനത്തില്‍ ഗവേഷണം (ഇജ്തിഹാദ്) നടത്തുകയും സ്വന്തമായ നിഗമനത്തിലെത്തുകയുമായിരുന്നു സ്വഹാബികളുടെ പതിവ്. അവരുടെ ഭാഷാ പരിജ്ഞാനവും പൂര്‍വ നിയമങ്ങളെക്കുറിച്ചുള്ള അറിവും പ്രവാചകനുമൊത്തുള്ള അനുഭവങ്ങളും ആ കാലഘട്ടത്തിലെ സംഭവവികാസങ്ങളെക്കുറിച്ചുള്ള കൃത്യതയും അതിലുപരി അവര്‍ക്ക് വിജ്ഞാനം വര്‍ധിപ്പിക്കേണമേയെന്ന പ്രവാചക പ്രാര്‍ഥനയും സ്വഹാബികളുടെ ഇജ്തിഹാദിന് ആക്കം കൂട്ടുകയും ആധികാരികത ഉറപ്പുവരുത്തുകയും ചെയ്തിരുന്നു. 'ഖുര്‍ആനിന് പുറമെ വഹ്‌യായി നിങ്ങളുടെ അടുക്കല്‍ മറ്റെന്താണുള്ളത്' എന്ന് അലി(റ)യോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: 'ധാന്യമണികള്‍ മുളപ്പിക്കുന്ന നാഥന്‍ തന്നെ സത്യം. ഖുര്‍ആനിലുള്ളത് മനസ്സിലാക്കാന്‍ അല്ലാഹു ഒരാള്‍ക്ക് നല്കുന്ന കഴിവല്ലാതെ ഒന്നും തന്നെ ഞങ്ങളുടെ പക്കല്‍ ഇല്ല' (ബുഖാരി).

നാലാമത്തെ സ്രോതസ്സ് ജൂതക്രൈസ്തവരില്‍ നിന്ന് ലഭിക്കുന്ന വിവരണങ്ങളാണ്. ഇസ്‌റാഈല്‍ സമൂഹത്തെക്കുറിച്ചും മറ്റു പൂര്‍വ സമുദായങ്ങളെക്കുറിച്ചും ഒട്ടേറെ പരാമര്‍ശങ്ങള്‍ ഖുര്‍ആനിലുണ്ട്. അവയുടെ സ്ഥലകാല സംഭവ വിവരങ്ങള്‍ മുന്‍വേദക്കാര്‍ക്കിടയില്‍ പരിചിതമായിരുന്നു. അവര്‍ക്കിടയില്‍ നിന്നും ഇസ്‌ലാം ആശ്ലേഷിച്ചവരുടെ അറിവ് ഖുര്‍ആന്‍ മനസ്സിലാക്കുന്നതിന് സ്വഹാബികള്‍ ഉപയോഗപ്പെടുത്തുകയുണ്ടായി. എന്നാല്‍ ആദ്യത്തെ മൂന്ന് സ്രോതസ്സുകളും ഇതും തമ്മില്‍ അവലംബിക്കുന്നതില്‍ വ്യത്യാസമുണ്ട്. ആദ്യത്തെ മൂന്നും സ്വീകരിക്കേണ്ടതും നിരാകരിക്കാന്‍ പറ്റാത്തതുമാണ്. നാലാമത്തേതിനെക്കുറിച്ച് പ്രവാചകന്‍ (സ്വ) പറഞ്ഞു: 'വേദക്കാര്‍ പറഞ്ഞത് നിങ്ങള്‍ അംഗീകരിക്കുകയോ നിഷേധിക്കുകയോ ചെയ്യരുത്. ഞങ്ങള്‍ അല്ലാഹുവിലും അവന്‍ ഇറക്കിയതിലും വിശ്വസിച്ചിരിക്കുന്നു എന്നു മാത്രം നിങ്ങള്‍ പറയുക'.

വ്യാഖ്യാനത്തിന്റെ പ്രത്യേകത. 

1) ഖുര്‍ആനിന് മുഴുവന്‍ വിവരണം വേണ്ടി വന്നില്ല. അവ്യക്തമായവയ്ക്ക് മാത്രമാണ് വിവരണം നല്കപ്പെട്ടത്.
2) ഭിന്നാഭിപ്രായങ്ങള്‍ കുറവ്.
3) മൊത്തം ആശയം കൊണ്ട് അവര്‍ തൃപ്തരായി.
4) ഭാഷാപരമായ വിശദീകരണം പരിമിതം.
5) കര്‍മശാസ്ത്ര വിധികളുടെ നിര്‍ധാരണം വളരെ കുറവ്.
6) വ്യാഖ്യാനങ്ങള്‍ ഗ്രന്ഥരൂപത്തില്‍ ക്രോഡീകരിച്ചിരുന്നില്ല.
7) ഹദീസിന്റെ ഭാഗമായാണ് തഫ്‌സീറിനെ കണക്കാക്കിയത് (അത്തഫ്‌സീറു വല്‍ മുഫസ്സിറൂന്‍)

സ്വഹാബിമാര്‍ക്കിടയിലെ മുഫസ്സിറുകള്‍

ഇമാം സുയൂത്വി എഴുതുന്നു: സ്വഹാബിമാര്‍ക്കിടയില്‍ പ്രഗത്ഭരായ പത്ത് ഖുര്‍ആന്‍ വ്യാഖ്യാതാക്കളുണ്ടായിരുന്നു. നാലു ഖലീഫമാര്‍, അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ), അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ), ഉബയ്യുബ്‌നു കഅ്ബ്(റ), സൈദ്ബ്‌നു സാബിത്ത്(റ), അബൂമൂസല്‍ അശ്അരി(റ), അബ്ദുല്ലാഹിബ്‌നു സുബൈര്‍(റ) എന്നിവരാണവര്‍. (തഫ്‌സീര്‍ ജലാലൈനി). അനസ് ബ്‌നു മാലിക്(റ), അബൂ ഹുറയ്‌റ(റ), അബ്ദുല്ലാഹിബ്‌നു ഉമര്‍(റ), അബ്ദുല്ലാഹിബ്‌നു അംറിബ്‌നില്‍ ആസ്(റ), ആയിശ(റ) എന്നിവരും സ്വഹാബിമാര്‍ക്കിടയിലെ ഖുര്‍ആന്‍ വ്യാഖ്യാതാക്കളായിരുന്നു.

സ്വഹാബിമാര്‍ക്കിടയിലെ ഏറ്റവും പ്രഗത്ഭനായ ഖുര്‍ആന്‍ വ്യാഖ്യാതാവായി അവര്‍ ഗണിച്ചിരുന്നത് അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ)നെ ആയിരുന്നു. അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) പറഞ്ഞു: 'ഈ സമുദായത്തിലെ ഏറ്റവും കൂടുതല്‍ അറിവുള്ളവനാകുന്നു ഇബ്‌നു അബ്ബാസ്' (അത്തഫ്‌സീറു വല്‍ മുഫസ്സിറൂന്‍). പ്രവാചകന്‍(സ്വ) അദ്ദേഹത്തിനു വേണ്ടി പ്രാര്‍ഥിച്ചതിങ്ങനെ: അല്ലാഹുവേ, അദ്ദേഹത്തിന് നീ ഖുര്‍ആനില്‍ അവഗാഹവും ബുദ്ധിയും നല്‌കേണമേ' (അഹ്മദ്).

Feedback
  • Friday Nov 22, 2024
  • Jumada al-Ula 20 1446