അലിയുടെ(റ) ഖിലാഫത്തുമായി ബന്ധപ്പെട്ട തര്‍ക്കമാണല്ലോ ശിആയിസത്തിന്റെ അടിസ്ഥാന ഘടകം. മുഹമ്മദ് നബിക്കു(സ്വ) ശേഷം ഖലീഫമാരായി തെരഞ്ഞെടുക്കപ്പെട്ട അബൂബക്ര്‍(റ),ഉമര്‍(റ), ഉസ്മാന്‍(റ) എന്നിവര്‍ അലിയുടെ അധികാരം തട്ടിയെടുത്തതാണെന്ന് ശീഅ കക്ഷി ആരോപിക്കുന്നു. ശിയാക്കള്‍ മുന്നോട്ടുവെക്കുന്ന വൈജ്ഞാനിക മേഖലകളിലെല്ലാം ഈ ആരോപണത്തിന്റെ സ്വാധീനമുണ്ട്. ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങളായ തഫ്‌സീറുകളിലും നമുക്കത് കാണാം.
മൂന്നുതരം കാഴ്ചപ്പാടുകളുള്ള തഫ്‌സീറുകളാണ് വിവിധ ശീആ ഗ്രൂപ്പുകള്‍ക്കിടയില്‍ കാണാന്‍ കഴിയുന്നത്. ഒന്നാമത്തേത് അതിതീവ്ര വിഭാഗക്കാരാകുന്നു. അവര്‍ അലി(റ)യെ ആരാധ്യന്‍ എന്ന പദവിയിലേക്ക് ഉയര്‍ത്തുന്നുണ്ട്. രണ്ടാമത്തെ വിഭാഗം അലി(റ) മറ്റു മനുഷ്യരെപ്പോലെ തെറ്റും ശരിയും ജീവിതത്തില്‍ സംഭവിക്കുന്നവനല്ലെന്നും അദ്ദേഹം പാപസുരക്ഷിതന്‍ (മഅ്‌സ്വൂം) ആണെന്നും കരുതുന്നു. അതുകൊണ്ട് അദ്ദേഹമാണ് ഖലീഫയാകേണ്ടത് എന്ന് വാദിക്കുന്നവരാകുന്നു. മൂന്നാമത്തെ വിഭാഗം അലി(റ) ആരാധ്യനോ പാപസുരക്ഷിതനോആണെന്ന് കരുതുന്നില്ല. എന്നാല്‍ അദ്ദേഹം മറ്റു സ്വഹാബിമാരെക്കാള്‍ ശ്രേഷ്ഠന്‍ ആയതുകൊണ്ട് അദ്ദേഹമാണ് ഖിലാഫത്തിന്റെ ഒന്നാമത്തെ അവകാശി എന്ന് ഉറച്ചു വിശ്വസിക്കുന്നു. ഈ ചിന്തകള്‍ ശിആ തഫ്‌സീറുകളില്‍ വ്യാപകമായി നമുക്ക് കാണാന്‍ കഴിയും (തഫ്‌സീറുല്‍ മുഫസ്സിറീന്‍ ഡോ. മുഹമ്മദ് ഹുസൈന്‍ അദ്ദഹബി വാ:2).
പ്രസിദ്ധമായ ശീആ തഫ്‌സീറുകള്‍
1. തഫ്‌സീറുല്‍ അയാശീ
ഏറ്റവും പൗരാണിക ശീആ തഫ്‌സീറുകളില്‍ ഒന്നാണിത് . അയാശീ എന്ന പേരില്‍ അറിയപ്പെടുന്ന അബുന്നള്ര്‍ മുഹമ്മദ് ബിന്‍ മസ്ഊദ് അയ്യാശ് സലമിയാണ് രചയിതാവ്. ശിആക്കള്‍ക്കിടയിലെ മുതിര്‍ന്ന ഹദീസ് പണ്ഡിതന്‍ കൂടിയാണ്. ഹിജ്‌റ 320 ല്‍ മരണമടഞ്ഞ അയാശി, പ്രവാചക കുടുംബത്തില്‍ (അഹ്‌ലുബയ്ത്ത്)നിന്ന് ഉദ്ധരിക്കുന്ന റിപ്പോര്‍ട്ടുകളാണ് ഈ തഫ്‌സീറിന്റെ പ്രത്യേകത.
2. തഫ്‌സീറുല്‍ ഇമാമില്‍ അസ്‌കരി
ഹിജ്‌റ മൂന്നാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട ശീആ തഫ്‌സീറാണിത്. വ്യാഖ്യാനങ്ങളില്‍ അധികവും പ്രവാചകന്റെ അമാനുഷികതയും ഇമാമുകളുടെ കറാമത്തുകളും ഉദ്ധരിച്ചു കൊണ്ടുള്ളവയാകുന്നു. ആയത്തുകളുടെ അവതരണ പശ്ചാത്തലം വളരെ കുറച്ചു മാത്രമേ പ്രതിപാദിച്ചിട്ടുള്ളൂ.
പൗരാണിക തഫ്‌സീറുകളില്‍ കണ്ടുവരുന്ന ഭാഷാ ചര്‍ച്ചകളോ സാഹിത്യ വിശകലനങ്ങളോ ഈ തഫ്‌സീറിലില്ല. പ്രവര്‍ത്തനങ്ങളുടെ ശ്രേഷ്ഠതയും (ഫളാഇലുകള്‍) ഖുര്‍ആന്‍ പാരായണത്തിന്റെ മര്യാദയും പറഞ്ഞുകൊണ്ടാണ് തഫ്‌സീര്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് നബി കുടുംബത്തിന്റെ ശ്രേഷ്ഠതകള്‍ ഉദ്ധരിക്കാന്‍ ഒട്ടേറെ സ്ഥലം ഉപയോഗിച്ചതായി കാണാം.
ഈ തഫ്‌സീറിലെ ഹദീസുകളുടെയും ചരിത്ര സംഭവങ്ങളുടെയും ഉദ്ധരണികള്‍ വളരെ ദൈര്‍ഘ്യമുള്ളവയാകുന്നു. അതുകൊണ്ടുതന്നെ അതില്‍ വൈരുധ്യങ്ങള്‍ എമ്പാടും ഉള്ളതായി പില്കാലക്കാരായ മുഫസ്സിറുകളും ഹദീസ് പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇമാം അസ്‌കരിയല്ല ഈ തഫ്‌സീര്‍ രചിച്ചതെന്നും അദ്ദേഹത്തിലേക്ക് ചേര്‍ത്തി പറയുന്നതാണെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. അതല്ല അദ്ദേഹം തന്നെയാണ് അത് രചിച്ചതെന്ന് പറയുന്നവര്‍ അത് ഒട്ടേറെ ദുര്‍ബലമായ നിവേദക പരമ്പരകള്‍ കൊണ്ട് നിറഞ്ഞതാണെന്ന് അഭിപ്രായപ്പെടുന്നു.
3. തഫ്‌സീറുല്‍ ഖുമ്മി
ശിആ തഫ്‌സീറുകളില്‍ വളരെ പ്രധാനപ്പെട്ടതും പഴക്കം ചെന്നതുമായ തഫ്‌സീറുകളില്‍ ഒന്നാണിത്. ശീആപണ്ഡിതനും മുഹദ്ദിസുമായ അലിയ്യുബ്‌നു ഇബ്രാഹിമല്‍ ഖുമ്മി ആണ് രചയിതാവ്.
ഖുര്‍ആന്‍ വചനങ്ങളുടെ പ്രത്യക്ഷാര്‍ഥങ്ങള്‍ വ്യാഖ്യാനിച്ച് ഒപ്പിക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടില്ല. ആയത്തുകളില്‍ അധികവും വ്യാഖ്യാനിക്കാന്‍ പ്രവാചക കുടുംബത്തിന്റെ മഹത്വമാണ് ഉദ്ധരിക്കാറുള്ളത്. വാക്കുകളുടെ അര്‍ഥം, വ്യാഖ്യാനം, അവതരണ കാരണം, ഖുര്‍ആന്‍ കഥകള്‍, യുദ്ധചരിത്രം എന്നിവ ഈ തഫ്‌സീറിന്റെ പ്രത്യേകതയാകുന്നു. ശിആ വിശ്വാസങ്ങളെ സംരക്ഷിക്കാനും എതിരാളികളെ പ്രതിരോധിക്കാനും രചയിതാവ് തഫ്‌സീറില്‍ ഉടനീളം ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ശിയാക്കളിലെ വ്യത്യസ്ത വിഭാഗങ്ങളെ വിമര്‍ശന വിധേയമാക്കുകയും ഇമാമിയ്യ വിഭാഗത്തെ സംരക്ഷിക്കുകയും ചെയ്യുന്നത് കാണാം.
4. അത്തിബ്‌യാനു ഫീ തഫ്‌സീറില്‍ ഖുര്‍ആന്‍
ശിആക്കളുടെ ഒന്നാമത്തെ സമ്പൂര്‍ണ ഖുര്‍ആന്‍ തഫ്‌സീറാണിത്. ഹിജ്‌റ: 460ല്‍ മരണമടഞ്ഞ ശൈഖ് തൂസി എന്ന പേരിലറിയപ്പെടുന്ന മുഹമ്മദ് ബ്‌നു ഹസനുത്തൂസിയാണ് തിബ്‌യാന്റെ രചയിതാവ്. ശൈഖ് തന്റെ ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥരചനയില്‍ മുന്‍ ശിആ പണ്ഡിതന്മാരില്‍ നിന്നു വിഭിന്നമായ ശൈലിയാണ് സ്വീകരിച്ചിട്ടുള്ളത്. മുന്‍കാലക്കാര്‍ അഹ്‌ലുബൈത്തിനെ ഉദ്ധരിച്ചുകൊണ്ടാണ് ഖുര്‍ആന്‍ വചനങ്ങള്‍ക്ക് വ്യാഖ്യാനം കണ്ടെത്തിയിരുന്നതെങ്കില്‍ ശൈഖ് തൂസി അതിനോടൊപ്പം ഗവേഷണാത്മകമായി ബുദ്ധിയെ കൂടി കൂട്ടുപിടിച്ചിരിക്കുന്നു . തൂസി തന്റെ തഫ്‌സീറില്‍ വിവിധ വിജ്ഞാന ശാഖകള്‍ ഉള്‍പ്പെടുത്തുകയും മുന്‍കാല മുഫസ്സിറുകളുടെയും സമകാലികരുടെയും അഭിപ്രായങ്ങളെ നിരൂപണ വിധേയമാക്കുകയും ചെയ്യുന്നുണ്ട്.
5. മജ്മഉല്‍ ബയാന്‍ ഫീ തഫ്‌സീറില്‍ ഖുര്‍ആന്‍
ശിആക്കളും സുന്നികളും അംഗീകരിക്കുന്ന ഒരു തഫ്‌സീറാണ് മജ്മഉല്‍ ബയാന്‍. ഹിജ്‌റ: 548 ല്‍ മരണമടഞ്ഞ ത്വപര്‍സിയാണ് രചയിതാവ്. പണ്ഡിതനായ ഇദ്ദേഹം ഭാഷ വിചക്ഷണനും സാഹിത്യകാരനും ഗണിതജ്ഞനും ഹദീസ് പണ്ഡിതനുമായിരുന്നു. തഫ്‌സീറില്‍ ആയത്തുകളുടെ സമഗ്രമായ വ്യാഖ്യാനത്തിന് അദ്ദേഹം ഒരു ക്രമം സ്വീകരിച്ചിട്ടുണ്ട്. ആദ്യം ഭാഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍. പിന്നീട് വായന. തുടര്‍ന്ന് അര്‍ഥം, ഇതര തെളിവുകള്‍, വ്യാഖ്യാനങ്ങള്‍ എന്നിവയ്ക്ക് പുറമെ തഫ്‌സീറില്‍ ഏതെങ്കിലും ഒരു അഭിപ്രായം മാത്രം പറഞ്ഞവസാനിപ്പിക്കാതെ മുഴുവന്‍ മദ്ഹബുകളുടെയും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്യും. അതുകൊണ്ടുതന്നെ മജ്മഉല്‍ ബയാന്‍ സര്‍വ്വാംഗീകൃതമായിത്തീര്‍ന്നു. മുമ്പ് ഇസ്‌ലാമിക ലോകത്തിന് പരിചയമില്ലാത്ത ഒരു ശൈലിയാണ് മജ്മഉല്‍ബയാന്‍ മുന്നോട്ട് വെച്ചതെന്ന് തഫ്‌സീര്‍ രംഗത്തുള്ളവര്‍ അഭിപ്രായപ്പെടുന്നുണ്ട്.
6. അല്‍ മീസാനു ഫീ തഫ്‌സീറില്‍ ഖുര്‍ആന്‍
തഫ്‌സീറുല്‍ മീസാന്‍ എന്ന പേരില്‍ സുപ്രസിദ്ധമായ പ്രമുഖ ശീആ തഫ്‌സീറാണിത്. ഹിജ്‌റ: 1402 ല്‍ മരണമടഞ്ഞ അല്ലാമാ സയ്യിദ് മുഹമ്മദ് ഹുസൈന്‍ അത്ത്വബാത്വബാഇയാണ് ഗ്രന്ഥകര്‍ത്താവ്.
ഖുര്‍ആനിനെ ഖുര്‍ആന്‍ കൊണ്ട് വ്യാഖ്യാനിക്കുക എന്ന ശൈലിയാണ് ഇതില്‍ മുഖ്യമായും അവലംബിച്ചിരിക്കുന്നത്. ആഴത്തിലും സൂക്ഷ്മതലത്തിലുമുള്ള വൈജ്ഞാനിക ചര്‍ച്ചയും പ്രശ്‌നപരിഹാരങ്ങള്‍ നിര്‍ദേശിക്കലും ഈ തഫ്‌സീറിന്റെ പ്രത്യേകതയാകുന്നു. അതുകൊണ്ടുതന്നെ ഖുര്‍ആന്‍ വ്യാഖ്യാന പഠിതാക്കള്‍ തങ്ങളുടെ പഠനത്തിനുള്ള മുഖ്യ അവലംബമായി മീസാനിനെ കാണുന്നുണ്ട്.
ഖുര്‍ആനിന്റെ അമാനുഷികത, പ്രവാചക കഥകള്‍, പ്രാര്‍ഥനയ്ക്ക് ഉത്തരം ലഭിക്കല്‍, തൗഹീദ്, തൗബ, ബറകത്ത്, ജിഹാദ് തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള ഗഹനമായ ചര്‍ച്ചകള്‍ മീസാനിന്റെ പ്രത്യേകതയാണ്. മീസാനിനെ അവലംബിച്ച് മറ്റു കുറെ രചനകളും നടന്നിട്ടുണ്ടെന്നത് അതിന്റെ പ്രാധാന്യം വിളിച്ചറിയിക്കുന്നതാകുന്നു.