Skip to main content

വിശുദ്ധ ഖുര്‍ആന്‍ ക്രോഡീകരണം

അബൂബക്ര്‍(റ)ന്റെ കാലത്ത്

പ്രവാചകന്റെ വിയോഗാനന്തരം മഹാനായ അബൂബക്ര്‍(റ) ഖലീഫയായി തെരഞ്ഞെടുക്കപ്പെട്ടു. അബൂബക്‌റിന് ഭീഷണമായ ചില പ്രതിസന്ധികള്‍ നേരിടേണ്ടി വന്നു. സകാത്ത് നല്‍കാന്‍ വിസമ്മതിച്ചവരോടും കള്ളപ്രവാചകന്‍മാരോടുമുള്ള ഏറ്റുമുട്ടലായിരുന്നു അത്. കള്ളപ്രവാചകനായ മുസൈലിമത്തുല്‍ കദ്ദാബിനോട് മുസ്‌ലിം സൈന്യം യമാമയില്‍ വെച്ച് ഏറ്റുമുട്ടി. യുദ്ധത്തില്‍ മുസ്‌ലിം സൈന്യം വിജയിച്ചുവെങ്കിലും ഖുര്‍ആന്‍ മനഃപാഠമാക്കിയ നിരവധി സ്വാഹാബിമാര്‍ രക്തസാക്ഷ്യം വഹിക്കുകയുണ്ടായി. ഇനിയും ഇതുപോലുള്ള യുദ്ധങ്ങള്‍ മുസ്‌ലിംകള്‍ക്ക് നേരിടേണ്ടി വന്നാല്‍ വിശുദ്ധ ഖുര്‍ആനിന്റെ അവസ്ഥയെന്തായിരിക്കുമെന്ന് കൂര്‍മ ബുദ്ധിമാനായ ഉമര്‍(റ)നെ ചിന്താകുലനാക്കി (അല്‍ ബിദായ വന്നിഹായ). ഉമര്‍ പ്രശ്‌നം ഖലീഫയുടെ ശ്രദ്ധയില്‍ പെടുത്തുകയും ഖുര്‍ആന്‍ ഒരൊറ്റ ഗ്രന്ഥമായി ക്രോഡീകരിച്ചു സൂക്ഷിച്ചില്ലെങ്കില്‍ അപകടം വരുത്തുമെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തുകയും ചെയ്തു. 

പ്രവാചകന്‍ ചെയ്യാത്ത ഒരു കാര്യം താനെങ്ങിനെ ചെയ്യും എന്നതായിരുന്നു അബൂബക്‌റിനെ ഏറെ കുഴക്കിയത്. പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കിയ അദ്ദേഹം ദീര്‍ഘമായ പ്രാര്‍ഥനയ്ക്കു ശേഷം ആ ദൗത്യം ഏറ്റെടുത്തു.

നബി(സ്വ)യുടെ ഖുര്‍ആന്‍ എഴുത്തുകാരനായിരുന്ന സൈദ് ബ്‌നു സാബിതിനെ ഖലീഫ വിളിച്ചു വരുത്തി. വളരെ ഭാരിച്ച ആ ഉത്തരവാദിത്തം ഏറ്റെടുത്തു നിര്‍വഹിക്കണമെന്ന് അഭ്യര്‍ഥിച്ചു. അബൂബക്ര്‍(റ)ന്റെ മനസ്സില്‍ ആദ്യം തോന്നിയ അതേ ആശയം സൈദ്(റ)ന്റെ മനസ്സിലും ഉദിച്ചു. എങ്കിലും ഖലീഫ അതിന്റെ പ്രാധാന്യം അദ്ദേഹത്തിന് ബോധ്യപ്പെടുത്തിയപ്പോള്‍ അദ്ദേഹം ചുമതല ഏറ്റെടുത്തു. അദ്ദേഹം ഒരിക്കല്‍ പറഞ്ഞു: 'ഒരു പര്‍വതം അതിന്റെ സ്ഥാനത്തു നിന്നും നീക്കം ചെയ്യാനാണ് എന്നെ ചുമതലപ്പെടുത്തിയിരുന്നതെങ്കില്‍ അതായിരുന്നു ഇതിനേക്കാള്‍ എളുപ്പം'. താന്‍ ഏറ്റെടുത്ത ദൗത്യത്തിന്റെ ഗൗരവം കുറിക്കുന്നതാണ് ഈ വാക്കുകള്‍.


പ്രവാചകന്റെ കാലത്ത് എഴുതി സൂക്ഷിക്കപ്പെട്ട ഖുര്‍ആനിന്റെ കൈയെഴുത്ത് രേഖകള്‍ അദ്ദേഹം സൂക്ഷ്മമായി പരിശോധിച്ചു. മനഃപാഠമുള്ളവരെക്കൊണ്ട് അത് പാരായണം ചെയ്യിച്ചു. അങ്ങനെ അത്യധികം ശ്രദ്ധയോടെ വിശുദ്ധ ഖുര്‍ആന്‍ ഒരു മുസ്ഹഫിലാക്കുകയെന്ന ദൗത്യം മഹാനായ ആ സ്വഹാബി ഭംഗിയായി നിര്‍വഹിച്ചു. ആ എഴുതപ്പെട്ട രേഖ ഖലീഫ അബൂബക്ര്‍(റ) തന്റെയടുക്കല്‍ സൂക്ഷിച്ചു വെക്കുകയും ചെയ്തു (ബുഖാരി).

ഉസ്മാന്‍(റ)ന്റെ കാലത്ത്

അബൂബക്ര്‍(റ) സൈദ്(റ) മുഖേന മുസ്ഹഫ് രൂപത്തിലാക്കിയ ഖുര്‍ആന്‍ അദ്ദേഹത്തിന്റെ കാലശേഷം ഖലീഫയായ ഉമര്‍(റ) കൈവശം വെച്ചു. അദ്ദേഹത്തിന്റെ മരണശേഷം അത് സൂക്ഷിച്ചത് തന്റെ മകള്‍ ഉമ്മുല്‍ മുഅ്മിനീന്‍ ഹഫ്‌സ(റ)യായിരുന്നു.  

ഉമറിന് ശേഷം ഖലീഫയായി തെരഞ്ഞെടുക്കപ്പെട്ട ഉസ്മാന്‍(റ)ന് രാഷ്ട്രീയ അഭ്യന്തര പ്രശ്‌നങ്ങള്‍ക്ക് പുറമെ സിറിയ, ഇറാഖ് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും ഇസ്‌ലാം ആശ്ലേഷിച്ച അനറബികളായ മുസ്‌ലിംകളുടെ മതപരമായ പ്രശ്‌നങ്ങളും അഭിമുഖീകരിക്കേണ്ടി വന്നു. ഖുര്‍ആന്‍ പഠനവും മതകര്‍മങ്ങളില്‍ അതിന്റെ പാരായണവുമായിരുന്നു അതില്‍ മുഖ്യമായത്.    

സിറിയക്കാരോടും ഇറാഖുകാരോടുമൊപ്പം അര്‍മീനിയയും അസര്‍ബൈജാനും മറ്റും മുസ്‌ലിം രാജ്യങ്ങളായി മാറിയപ്പോള്‍ അനറബികളായ തദ്ദേശീയരുടെ ഖുര്‍ആന്‍ പാരായണത്തില്‍ വൈകല്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട ഹുദൈഫ(റ) ഖലീഫ ഉസ്മാന്‍(റ)ന്റെ ശ്രദ്ധയില്‍ അത് എത്തിക്കുകയും സംരക്ഷണം ഉറപ്പു വരുത്താന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യുമെന്ന് ഉണര്‍ത്തുകയും ചെയ്തു (ബുഖാരി). വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിയ ഖലീഫ സൈദ് ബ്‌നു സാബിത്, അബ്ദുല്ലാഹിബ്‌നു സുബൈര്‍, സഈദ് ബ്‌നുല്‍ ആസ്, അബ്ദുറഹ്മാനുബ്‌നു ഹാരിസ് എന്നീ സ്വഹാബിമാരോട് വിശുദ്ധ ഖുര്‍ആന്‍ പകര്‍ത്തി എഴുതാന്‍ ആവശ്യപ്പെട്ടു. ഹഫ്‌സ(റ)ന്റെ കൈവശമുണ്ടായിരുന്ന മുസ്ഹഫില്‍ നിന്ന് ഏഴു പകര്‍പ്പ് അവര്‍ തയ്യാറാക്കി. ഹഫ്‌സയോട് വാങ്ങിയ കോപ്പി അവര്‍ക്കു തന്നെ തിരിച്ചു നല്‍കി. ഹിജ്‌റ 25ാം വര്‍ഷത്തിലായിരുന്നു അത്. പകര്‍ത്തെടുത്ത കോപ്പികള്‍ കൂഫ, ബസ്വറ, ഡമസ്‌കസ്, മക്ക, മദീന എന്നിവിടങ്ങളിലേക്ക് അയച്ചു കൊടുത്തു. ഒരു പ്രതി ഖലീഫയുടെ അടുത്ത് സൂക്ഷിച്ചു. ഈ പ്രതി 'മുസ്ഹഫുല്‍ ഇമാം'എന്ന പേരില്‍ അറിയപ്പെടുന്നു. വിവിധ പ്രവിശ്യകളിലേക്ക് അയക്കപ്പെട്ട പ്രതികള്‍ അവലംബമാക്കിയാണ് പിന്നീട് ഖുര്‍ആന്‍ പാരായണം നിര്‍വഹിക്കപ്പെട്ടത്. ഖുര്‍ആന്‍ പകര്‍ത്തെഴുത്ത് കഴിഞ്ഞപ്പോള്‍ കുറ്റമറ്റ കോപ്പികളല്ലാത്ത എല്ലാ ഒറ്റപ്പെട്ട രേഖകളും നശിപ്പിച്ചു. സ്വഹാബികള്‍ അതിന് സാക്ഷികളായിരുന്നു. ഖുര്‍ആനിന്റെ  സംരക്ഷണത്തിനായി അദ്ദേഹം ചെയ്ത ഈ സദുദ്യമം സര്‍വസമ്മതമായി അവര്‍ അംഗീകരിച്ചു (ഫത്ഹുല്‍ ബാരി). 

 


 

Feedback
  • Friday Nov 22, 2024
  • Jumada al-Ula 20 1446