Skip to main content

ഖുര്‍ആനിന്റെ ചരിത്രം (1)

നൂറ്റാണ്ടുകളെ അതിജീവിച്ചു കൊണ്ട് അന്ത്യനാള്‍ വരെ നിലനില്ക്കുന്ന ദൈവിക ഗ്രന്ഥമാകുന്നു ഖുര്‍ആന്‍. ഈ വിശുദ്ധ ഗ്രന്ഥം ലൗഹുല്‍ മഹ്ഫൂദ്വ് (85: 21,22) എന്ന സുരക്ഷിത ഫലകത്തില്‍ അല്ലാഹു സംരക്ഷിച്ചു നിര്‍ത്തി. തുടര്‍ന്ന് ലൈലത്തുല്‍ ഖദ്ര്‍ എന്ന വിശുദ്ധ രാത്രിയില്‍ ഒന്നാം ആകാശത്തിലെ ബൈതുല്‍ ഇസ്സയിലേക്ക് ഇറക്കി. ശേഷം അവിടെ നിന്ന് ഘട്ടം ഘട്ടമായി ജിബ്‌രീല്‍ മലക്ക് മുഖേന മുഹമ്മദ് നബി(സ്വ)ക്ക് ഇറക്കിക്കൊടുക്കുകയാണ് ചെയ്തത്.

മുഹമ്മദ് നബിയുടെ കാലത്ത്

തന്റെ നാല്പതാം വയസ്സില്‍ (ക്രിസ്താബ്ദം 610) റമദാന്‍ മാസത്തിലായിരുന്നു മുഹമ്മദ് നബിക്ക് പ്രഥമമായി ഖുര്‍ആന്‍ വചനങ്ങള്‍ ലഭിക്കുന്നത്. ഒരു ഗ്രന്ഥ രൂപത്തിലല്ല ഖുര്‍ആന്‍ അവതരിച്ചത്. അദ്ദേഹത്തിന്റെ ഇരുപത്തിമൂന്ന് വര്‍ഷക്കാലത്തെ ജീവിതത്തിനിടയില്‍ വിവിധ സന്ദര്‍ഭങ്ങളിലായി അല്പാല്പമായാണ് വിശുദ്ധ ഖുര്‍ആന്‍ അവതരിച്ചത്. 96ാം അധ്യായമായ സൂറത്തുല്‍ അലഖിന്റെ ഒന്നു മുതല്‍ അഞ്ചു വരെയുള്ള വചനങ്ങളാണ് അദ്ദേഹത്തിന് ആദ്യം ലഭിച്ചത്. മാലാഖയെ കണ്ട് അമ്പരന്ന പ്രവാചകന് പിന്നീട് ഏതാനും മാസങ്ങള്‍ മറ്റു വചനങ്ങളൊന്നും ലഭിച്ചില്ല. ശേഷം അല്പാല്പമായി വീണ്ടും ഖുര്‍ആന്‍ വചനങ്ങള്‍ ലഭിച്ചുകൊണ്ടിരുന്നു. സൂറത്തുല്‍ മുദ്ദസിറിലെ ഏതാനും വചനങ്ങളാണ് പിന്നീട് അദ്ദേഹത്തിന് ലഭിച്ചത്. 

എഴുത്തും വായനയും വശമില്ലാത്ത പ്രവാചകന്‍ ജിബ്‌രീല്‍(അ) ഖുര്‍ആന്‍ വചനങ്ങള്‍   ഓതിക്കേള്‍പ്പിക്കുമ്പോള്‍ തന്നെ ഹൃദിസ്ഥമാക്കുവാന്‍ വെമ്പല്‍ കൊള്ളുമായിരുന്നു. അതിന്നായി അതിവേഗത്തില്‍ പ്രവാചകന്‍ അവ ഉരുവിട്ടുകൊണ്ടിരിക്കും. എന്നാല്‍ അങ്ങനെ ചെയ്യേണ്ടതില്ലെന്ന് ഉണര്‍ത്തിക്കൊണ്ടുള്ള വചനങ്ങള്‍ അവതരിച്ചു.     ''നീ അത് (ഖുര്‍ആന്‍) ധൃതിപ്പെട്ട് ഹൃദിസ്ഥമാക്കാന്‍ വേണ്ടി നിന്റെ നാവു ചലിപ്പിക്കേണ്ടതില്ല. തീര്‍ച്ചയായും അതിന്റെ ക്രോഡീകരണവും അത് ഓതിത്തരുന്നതും പിന്നീട് അത് വിവരിച്ചു തരുന്നതും നമ്മുടെ ബാധ്യതയാകുന്നു'' (75: 16-17). ഈ വചനങ്ങള്‍ പ്രവാചകന് ഏറെ സമാശ്വാസമായിത്തീര്‍ന്നു.

ഖുര്‍ആനിന്റെ സംരക്ഷണച്ചുമതല അല്ലാഹു ഏറ്റെടുത്തുവെന്ന് ഈ വചനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ആ സംരക്ഷണം നടപ്പിലാക്കുന്നതിനുള്ള സാഹചര്യങ്ങള്‍ അല്ലാഹു ഒരുക്കുകയും ചെയ്തു. മനഃപാഠ ശേഷി കൂടുതലുള്ള ഒരു സമൂഹത്തിലാണ് ഖുര്‍ആനിന്റെ അവതരണമുണ്ടായത്. പ്രവാചകന്‍(സ്വ) ജിബ്‌രീലില്‍ നിന്ന് ഖുര്‍ആന്‍ വചനങ്ങള്‍ ലഭിച്ചാല്‍ ഉടന്‍ തന്നെ അവ അനുയായികളെ ഓതിക്കേള്‍പ്പിക്കും. കേട്ടമാത്രയില്‍ തന്നെ അവരത് മനഃപാഠമാക്കുകയും ചെയ്യും. അദ്ദേഹത്തിന്റെ അനുചരന്‍മാരില്‍ മിക്കവരും ഖുര്‍ആന്‍ മനഃപാഠമുള്ളവരായിരുന്നു. അവരത് നമസ്‌കാരങ്ങളിലും മറ്റും ഉറക്കെ പാരായണം ചെയ്യുകയും ചെയ്തിരുന്നു. നൂറുക്കണക്കിന് മനുഷ്യഹൃദയങ്ങളില്‍ ജീവസ്സോട് കൂടി ഖുര്‍ആനിനെ നിലനിര്‍ത്തിക്കൊണ്ട് അതിനെ സംരക്ഷിക്കുകയായിരുന്നു അല്ലാഹു. 
 
ഓരോ സമയത്തും അവതരിക്കുന്ന ആയത്തുകള്‍ രേഖപ്പെടുത്തുവാന്‍ എഴുത്തും വായനയും അറിയുന്ന ഏതാനും പേരെ പ്രവാചകന്‍(സ്വ) ചുമതലപ്പെടുത്തി. കുത്താബുല്‍ വഹ്‌യ് (വഹ്‌യ് എഴുത്തുകാര്‍) എന്ന പേരിലാണ് ഇവര്‍ അറിയപ്പെട്ടിരുന്നത്. സൈദ് ബ്‌നു സാബിത്(റ) ആയിരുന്നു അവരില്‍ പ്രമുഖന്‍. ഉബയ്യുബ്‌നു കഅ്ബ്, അബൂബക്ര്‍, ഉമര്‍, ഉസ്മാന്‍, അലി എന്നിവരും സുബൈര്‍, ഇബ്ബാനുബ്‌നു സഈദ്, ഹന്‍ദലത് ബ്‌നു റബീഅ്, മുഐത് ബ്‌നു അബീ ഫാത്വിമ, അബ്ദില്ലാഹിബ്‌നു അര്‍ഖം, ശുറഹ് ബീലി ബ്‌നു ഹസന, അബ്ദില്ലാഹിബ്‌നു റവാഹ എന്നിവരാണ് വഹ്‌യ് എഴുതിയിരുന്നവര്‍. എഴുത്തുകാരന്‍ എന്ന് മാത്രം പറഞ്ഞാല്‍ ഉദ്ദേശിക്കുന്നത് സൈദ്(റ) ആകുന്നു (ഫത്ഹുല്‍ ബാരി).

കല്ല്, എല്ല്, തോല്, ഈത്തപ്പനയോല എന്നിവയിലായിരുന്നു അവര്‍ ഖുര്‍ആന്‍ രേഖപ്പെടുത്തിയിരുന്നത്. ഓരോ വചനവും സൂറത്തും അവതരിക്കുമ്പോള്‍ അതെവിടെ ചേര്‍ക്കണമെന്ന് നബി(സ്വ) അവര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. 114 സൂറത്തുകളും 6236 ആയത്തുകളും ക്രമീകരിച്ചു കൊണ്ട് ഖുര്‍ആന്‍ ക്രോഡീകരിച്ചത് വഹ്‌യിന്റെ അടിസ്ഥാനത്തില്‍ പ്രവാചകന്‍(സ്വ) തന്നെയാണ്. അതിനും പുറമെ ഓരോ വര്‍ഷവും റമദാനില്‍ ജിബ്‌രീല്‍(അ) പ്രവാചകന്റെ ഖുര്‍ആന്‍ മനഃപാഠം പുനപരിശോധിക്കാറുണ്ടായിരുന്നു. ഇബ്‌നു ഹജറുല്‍ അസ്ഖലാനി ഇപ്രകാരം രേഖപ്പെടുത്തുന്നു: 'ഓരോ വര്‍ഷവും ജിബ്‌രീല്‍ ഒരു തവണ വന്ന് പ്രവാചകന്റെ ഖുര്‍ആന്‍ മനഃപാഠം പരിശോധിക്കാറുണ്ട്. പ്രവാചകന്‍ മരണപ്പെട്ട വര്‍ഷം രണ്ടുതവണ പരിശോധിക്കുകയുണ്ടായി. എല്ലാ വര്‍ഷവും പത്ത് ദിവസം പ്രവാചകന്‍ ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു. പ്രവാചകന്‍ മരണപ്പെട്ട വര്‍ഷം ഇരുപത് ദിവസം അദ്ദേഹം ഇഅ്തികാഫ് ഇരുന്നു (ഫത്ഹുല്‍ ബാരി: 9/22). 

Feedback
  • Tuesday Dec 3, 2024
  • Jumada ath-Thaniya 1 1446