പരിശുദ്ധ ഖുര്‍ആനില്‍ ഏഴ് പാരായണ രീതികള്‍ ഉണ്ട്. വിശുദ്ധ ഖുര്‍ആന്‍ ഏഴു ഹര്‍ഫുകളില്‍ ഓതാന്‍ അനുവാദം നല്കപ്പെട്ടു എന്ന നബിവചന(മുസ്‌ലിം)മാണ് ഈ വിശകലനത്തിനാധാരം.
അറബികള്‍ക്കിടയിലുണ്ടായിരുന്ന വ്യത്യസ്ത ഗോത്രങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്ന ഉച്ചാരണ അക്ഷര വ്യത്യസ്തതകള്‍ അംഗീകരിച്ചുകൊണ്ട് പാരായണം ചെയ്യാന്‍ പ്രവാചകന്‍ അനുമതി നല്‍കിയിരുന്നു. ഇബ്‌റാഹീം എന്നത് അബ്രഹാം എന്നിങ്ങനെ പാരായണം ചെയ്യുന്ന ഗോത്രങ്ങളുണ്ടായിരുന്നു. പ്രധാനപ്പെട്ട ഏഴു ഗോത്രങ്ങളായിരുന്നു അന്ന് മക്കയിലുണ്ടായിരുന്നത്. ഖുറൈശ്, കിനാന, അസദ്, ഹുദൈല്‍, തമീം, ഖൈസ് ഈലാന്‍, യമന്‍ എന്നിവയായിരുന്നു ആ ഗോത്രങ്ങള്‍. ഈ ഗോത്രങ്ങള്‍ക്കിടയിലുണ്ടായിരുന്ന അക്ഷരോച്ചാരണ വ്യത്യാസങ്ങള്‍ അവരുടെ ഖുര്‍ആന്‍ പാരായണത്തിലും പ്രകടമായിരുന്നു. വളരെ കുറഞ്ഞ അക്ഷരങ്ങളിലും ഉച്ചാരണങ്ങളിലും മാത്രമായിരുന്നു ഈ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നത്. എന്നിരിക്കലും പരിശുദ്ധ ഖുര്‍ആന്‍ തുടര്‍ച്ചയായി പാരായണം ചെയ്യുമ്പോഴുണ്ടാകുന്ന ദൈര്‍ഘ്യം നിമിത്തം ഈ വ്യത്യാസങ്ങള്‍ വളരെ വലുതായി അനുഭവപ്പെടുമായിരുന്നു. അതുകൊണ്ട് തന്നെ ഈ വ്യത്യസ്തതകളെ ഏഴ് തരത്തിലുള്ള പാരായണ രീതികളായി പരിഗണിച്ചു പോന്നു.
ഏഴ് വ്യത്യാസങ്ങള്‍
ഇബ്‌നു ഖുതൈബ, ഇബ്‌നുല്‍ ജുസ്‌രി, അബുല്‍ ഫദ്വ്ല്‍ റാസിഖ് തുടങ്ങിയ പണ്ഡിതരുടെ വീക്ഷണത്തില്‍ ഉച്ചാരണത്തില്‍ ഉള്ള ഏഴു തരം വ്യത്യസ്തതകള്‍ ആണ് ഏഴ് രീതികള്‍ കൊണ്ടുള്ള ഉദ്ദേശ്യം.
• ആയത്തുകളുടെ അവസാനം വരുന്ന അക്ഷരങ്ങള്‍ നിര്‍ത്തുമ്പോഴുള്ള ഉച്ചാരണ വ്യത്യാസം
• വര്‍ധിപ്പിക്കുന്നതിലും ചുരുക്കുന്നതിലും ഉള്ള വ്യത്യാസങ്ങള്‍
• മുന്തിക്കുന്നതിലും പിന്തിക്കുന്നതിലും ഉള്ള വ്യത്യാസങ്ങള്‍
• മാറ്റങ്ങളിലുള്ള വ്യത്യാസങ്ങള്‍
• ചെരിച്ച് പാരായണം ചെയ്യുന്നതിലും നേരെ പാരായണം ചെയ്യുന്നതിലും ഉള്ള വ്യത്യാസങ്ങള്‍
• ഘനപ്പിക്കുന്നതിലും നേര്‍പ്പിക്കുന്നതിലും വരുന്ന വ്യത്യാസങ്ങള്‍
• വെളിവാക്കി ഓതുന്നതിലും മണിച്ച് ഓതുന്നതിലും വരുന്ന വ്യത്യാസങ്ങള്‍
ഇത്രയും കാര്യങ്ങളാണ് ഏഴു വ്യത്യാസങ്ങള്‍ കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്.
ഏഴു സാമ്യങ്ങള്‍
സുഫ്‌യാന്‍ ബിന്‍ ഉയയ്‌ന, ഇബ്‌നു ജരീര്‍, ഇബ്‌നു വഹബ്, ഖുര്‍തുബി തുടങ്ങിയ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഏഴ് ഹര്‍ഫുകള്‍ എന്നതിന് നല്‍കുന്ന വിശദീകരണം, ഒരു അര്‍ഥത്തില്‍ ഉപയോഗിക്കുന്ന ഏഴ് പദങ്ങളും, ഒരു പദത്തിന് തന്നെ ഏഴ് സന്ദര്‍ഭങ്ങളില്‍ വരുന്ന അര്‍ഥ വ്യത്യാസങ്ങളുമാണ്. ഉദാഹരണമായി.
قربى,نحوى,هلم,أقبل,تعال,الى,قصدى എന്നീ പദങ്ങള്‍ വ്യത്യസ്തങ്ങളാണെങ്കിലും ഒരേ അര്‍ഥത്തില്‍ ഉപയോഗിക്കപ്പെടുന്ന പദങ്ങളാണ്. എന്നാല്‍ ഈ വാക്കുകള്‍ക്കപ്പുറം ഇനിയും പദങ്ങളുണ്ടെന്നും ചില ഗോത്രങ്ങള്‍ക്കിടയില്‍ അവ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നും ഈ പണ്ഡിതര്‍ അഭിപ്രായപ്പെടുന്നു.