മനുഷ്യര്‍ക്ക് ജീവിത ദര്‍ശനമായി സ്രഷ്ടാവായ അല്ലാഹുവിന്റെ ദൂതന്‍മാര്‍(നബിമാര്‍) മുഖേന അവതരിപ്പിച്ചിട്ടുള്ള വേദഗ്രന്ഥത്തില്‍ അന്തിമ വേദഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. മറ്റു വേദഗ്രന്ഥങ്ങളൊന്നും യഥാര്‍ഥരൂപത്തില്‍ ഇന്ന് നിലവിലില്ല. അന്തിമ വേദഗ്രന്ഥമെന്ന നിലയില്‍ വിശുദ്ധ ഖുര്‍ആന്‍ ലോകാന്ത്യം വരെ മാറ്റങ്ങളില്ലാതെ നിലനില്ക്കും. ഈ ഗ്രന്ഥമാണ് മനുഷ്യജീവിതത്തിന് വഴി കാണിക്കുന്നത്.
വിശുദ്ധ ഖുര്‍ആനിലെ ആശയങ്ങള്‍ പഠിച്ച് പിന്‍പറ്റുക എന്നതാണ് വിശ്വാസിയുടെ ബാധ്യത. അതോടൊപ്പം തന്നെ ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് പുണ്യമുള്ള കാര്യമാണ്. വിശുദ്ധ ഖുര്‍ആന്‍ അല്ലാഹുവിന്റെ വചനങ്ങളായതിനാല്‍ അതിന്റെ പാരായണം ശ്രദ്ധയോടും സൂക്ഷ്മതയോടും കൂടിയാവണം. ഖുര്‍ആന്‍ സാവകാശം പാരായണം ചെയ്യണമെന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട് (73:4)
ഖുര്‍ആന്‍ പാരായണം കുറ്റമറ്റതായിത്തീരാന്‍ വേണ്ടി പില്ക്കാലത്ത് നിലവില്‍ വന്ന ഒരു ശാഖയാണ് ഇല്‍മുത്തജ്‌വീദ്. നബി(സ്വ) ഓതിക്കൊടുത്തതനുസരിച്ച് തലമുറകളിലേക്ക് പകര്‍ന്നു കിട്ടിയതാണ് ഖുര്‍ആന്‍. അക്ഷരസ്ഫുടത, തെറ്റില്ലാതിരിക്കുക, ഒഴുക്കോടെയാവുക, പാരായണ നിയമങ്ങള്‍ പാലിക്കുക എന്നിവയാണ് ഖുര്‍ആന്‍ പാരായണത്തില്‍ കാണിക്കേണ്ട സൂക്ഷ്മത.
ഇസ്‌ലാമിക പരിപ്രേക്ഷ്യത്തില്‍ പാരായണ പുണ്യമുള്ള മറ്റൊന്നും തന്നെയില്ല. പാരായണം നിത്യജീവിതത്തിന്റെ ഭാഗമാക്കുക അത് വിശ്വാസിയുടെ ബാധ്യതയാണ്. അതേസമയം ആശയമറിയാതെ കേവല പാരായണത്തില്‍ ഒതുക്കുന്നത് ഒട്ടും ആശാസ്യമല്ല താനും.