Skip to main content

പാരായണത്തിലെ വ്യത്യാസങ്ങള്‍

ഏഴു വ്യത്യസ്ത ഖിറാഅത്തുകള്‍ ഉണ്ട് എന്നു പറയപ്പെടുന്നത് ആശയ വ്യതിരക്തത വരാതെയുള്ള നേരിയ വ്യത്യാസങ്ങളാണ്. ഏതാനും ഉദാഹരണങ്ങള്‍ നോക്കാം.

സൂറത്തുല്‍ ഫാതിഹ

ഒരു അക്ഷരത്തിന് തന്നെ ദേശം മാറുമ്പോള്‍ സംഭവിക്കുന്ന ചെറിയ ഉച്ചാരണ വ്യത്യാസം   മാത്രമേ സൂറത്തുല്‍ ഫാതിഹയില്‍ ഉള്ളൂ. അതും മൂന്ന് വാക്കുകളില്‍ മാത്രം. ബാക്കിയുള്ളവ മുഴുവന്‍ എല്ലാവരും ഉച്ചരിക്കുന്നതും പാരായണം ചെയ്യുന്നതും ഒരുപോലെ തന്നെ.

1. مالك يوم الدين (മാലികി യൗമിദ്ദീന്‍)
'മാലികി' എന്നാണ് ഈ വചനം സാധാരണ ഗതിയില്‍ ഉച്ചരിക്കപ്പെടാറുള്ളത്. എന്നാല്‍ ഈ വാക്ക് തന്നെ 'മലികി' (ملك) എന്നും ഉച്ചരിക്കപ്പെടാറുണ്ട്. 
ആസ്വിം, കസാഈ, യഅ്ഖൂബ്, ഹല്‍ഫ് എന്നിവര്‍ 'മാലികി' എന്ന് പാരായണം ചെയ്യുമ്പോള്‍ ബാക്കിയുള്ളവര്‍ 'മലികി' എന്നാണ് പാരായണം ചെയ്യുന്നത്. മാലിക് ഉടമസ്ഥനും മലിക് അധികാരമുള്ളയാളും ആണ്.

2. اهدنا الصراط المستقيم (ഇഹ്ദിന സ്സ്വിറ്വാത്വല്‍ മുസ്തഖീം)
'സ്വിറ്വാത്വ' (صراط) എന്നാണ് ഇത് ഉച്ചരിക്കപ്പെടുന്നത്. എന്നാല്‍ "ص" (സ്വ) എന്ന അക്ഷരത്തെ 'സ' ആക്കിയും, ز ആയും പാരായണത്തില്‍ ഉച്ചരിക്കുന്നവരുണ്ട്.
ക്വുന്‍ബുല്‍, റുവൈസ് എന്നീ പാരായണ വിദഗ്ധര്‍ 'സി'(س) ആയും, ഹല്‍ഫ് ز  ആയും ഉച്ചരിക്കുന്നു. ബാക്കിയുള്ള പാരായണ വിദഗ്ധര്‍ " ص" (സ്വ) എന്ന്  തന്നെ ഉച്ചരിക്കുന്നു. അര്‍ഥവ്യത്യാസമില്ല.

3. عليهم (അലയ്ഹിം)
عليهم (അലയ്ഹിം) എന്നാണ് പൊതുവെയുള്ള ഉച്ചാരണം. എന്നാല്‍ ه (ഹ) എന്ന അക്ഷരത്തിന്റെ 'ഇകാരം' മാറ്റി 'ഉകാരം' ആക്കി (عليهم) 'അലയ്ഹും' എന്ന് പാരായണം ചെയ്യുന്ന ഖാരിഉകളുമുണ്ട്.
ഹംസ, യഅ്ഖൂബ് എന്നിവര്‍ عليهم (അലയ്ഹും) എന്ന് പാരായണം ചെയ്യുന്നവരാണ്. ബാക്കിയുള്ളവര്‍ عليهم (അലയ്ഹിം) എന്ന് തന്നെ പാരായണം ചെയ്യുന്നവരാണ്. അര്‍ഥവ്യത്യാസമില്ല.

സൂറത്തുല്‍ ഇഖ്‌ലാസ്

ഈ അധ്യായത്തില്‍ كفوًا (കുഫുവന്‍) എന്ന വാക്കില്‍ كفوًا (കുഫുവുന്‍) എന്നും كفْوًا (കുഫ്വന്‍) എന്നും മാത്രമാണ് ഉച്ചാരണ വ്യത്യാസങ്ങളുള്ളത്. ഹഫ്സ്വ് 'വ' (ف) എന്ന അക്ഷരത്തിനും കൂടി 'ഉകാരം' നല്‍കുന്നു. كفوًا (കുഫുവുന്‍) എന്ന് പാരായണം ചെയ്യുന്നു. ഹംസ, യഅ്ഖൂബ്,  ഹല്‍ഫ് എന്നിവര്‍ Ý(ഫ) എന്ന അക്ഷരത്തിന് സുകൂന്‍ നല്‍കി كفْوًا (കുഫ്വന്‍) എന്ന് ഉച്ചരിക്കുന്നു. ബാക്കിയുള്ള പാരായണ വിദഗ്ധര്‍ كفوًا (കുഫുവന്‍) എന്ന് തന്നെ സാധാരണ രീതിയില്‍ പാരായണം ചെയ്യുന്നു. ഇവിടെയും ആശയ വ്യത്യാസമില്ല.

സൂറത്തുല്‍ മസദ്

സൂറതുല്‍ മസദില്‍ രണ്ട് വാക്കുകളില്‍ മാത്രമേ ഉച്ചാരണത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുന്നുള്ളൂ. لهْب (ലഹബ്) എന്ന വാക്കില്‍ ഇബ്നു കസീര്‍ لهْب (ലഹ്ബ്) എന്നാണ് പാരായണം ചെയ്യുന്നത്. ബാക്കി എല്ലാ ഖാരിഉകളും ലഹബ് (لهَب) എന്നു തന്നെ ഉച്ചരിക്കുന്നു.
അടുത്തത് حمّالةَ (ഹമ്മാലത) എന്ന വാക്കാണ്. ആസ്വിം ഇതില്‍  ةُ (ത) എന്നിടത്ത് 'തു'  Éõഎന്നാണ് ഉച്ചരിക്കുന്നത് (حمّالةُ). മറ്റു ഖാരിഉകള്‍ എല്ലാവരും സാധാരണ പോലെ حمّالةَ (ഹമ്മാലത) എന്ന് തന്നെ ഉച്ചരിക്കുന്നു.

സൂറത്തു ഖുറൈശ്

لإيلاف (ലി ഈലാഹി) എന്ന വാക്കില്‍ തന്നെ സംഭവിക്കുന്ന രണ്ട് മാറ്റങ്ങളാണ് ഈ സൂറത്തില്‍ ഉള്ളത്.
ഇബ്നു ആമിര്‍ മാത്രം ' لإيلاف ' (ലി ഈലാഫി) എന്നിടത്ത് ي (യ) ഒഴിവാക്കി لإلاف (ലി ഇലാഫി) എന്നാണ് പാരായണം ചെയ്യുന്നത്. മറ്റു ഖാരിഉകള്‍ സാധാരണ പോലെത്തന്നെ.


إيلافهم (ഈലാഫിഹിം) എന്നിടത്ത് അബു ജഅ്ഫര്‍ മാത്രം  "ي' (യ) ഒഴിവാക്കി إلافهم (ഇലാഫിഹിം) എന്ന് പാരായണം ചെയ്യുന്നു. മറ്റു ഖാരിഉകള്‍ക്ക് മാറ്റങ്ങളൊന്നുമില്ല.

സൂറത്തുല്‍ കൗസര്‍

شانئك  (ശാനിഅക) എന്ന വാക്കിലാണ് ഈ അധ്യായത്തില്‍ മാറ്റമുള്ളത്. അബു ജഅ്ഫര്‍ شانئك എന്നതിലെ ئ (അ)ക്ക് പകരം ي (യ) എന്നാക്കി شانيك (ശാനിയക്ക) എന്നാണ് പാരായണം ചെയ്യുന്നത്. മറ്റു ഖാരിഉകള്‍ 'ശാനിഅക' (شانئك)എന്നു തന്നെ.

സൂറത്തുല്‍ ഹുമസ

جمع (ജമഅ) എന്ന വാക്കിലും يحسب (യഹ്സബു) എന്ന വാക്കിലുമാണ് ഈ അധ്യായത്തില്‍ വ്യത്യാസങ്ങള്‍ വരുന്നത്. جمع എന്നതിലെ م (മ) ക്ക് കട്ടി കൂട്ടി جمّع (ജമ്മഅ) എന്നാണ് ഇബ്നു ആമിര്‍, ഹംസ, അലി, അബൂ ജഅ്ഫര്‍, റൗഹ്, ഹല്‍ഫ് എന്നിവര്‍ പാരായണം ചെയ്യുന്നത്. മറ്റു ഖാരിഉകള്‍ സാധാരണ جمع (ജമഅ) എന്നും.

يحسب (യഹ്സബു) എന്നത്, ഇബ്നു ആമിര്‍, ആസ്വിം, ഹംസ, അബൂ ജഅ്ഫര്‍ അങ്ങനെ ത്തന്നെ ഉച്ചരിക്കുമ്പോള്‍ ബാക്കിയുള്ള ഖാരിഉകള്‍ 'സ' (س) എന്ന അക്ഷരത്തിന് 'ഇ'കാരം' നല്‍കി يحسِب (യഹ്സിബു) എന്നാണ് ഉച്ചരിക്കുന്നത്.

സൂറത്തുല്‍ ഫീല്‍

عليهِم (അലൈഹിം) ترميهم (തര്‍മീഹിം) എന്നീ വാക്കുകളില്‍ യഅ്ഖൂബ് 'ഹ' (ه) എന്ന അക്ഷരത്തിന് 'ഉ'കാരം നല്‍കി هُم (ഹും) എന്നാണ് ഉച്ചരിക്കുന്നത്. ഹംസ അലൈഹും عليهُم എന്ന കാര്യത്തില്‍ മാത്രം യഅ്ഖൂബിനോട് യോജിക്കുന്നു. ബാക്കിയുള്ള ഖാരിഉകള്‍ സാധാരണ രീതിയില്‍ തന്നെ പാരായണം ചെയ്യുന്നു.


 

Feedback