വേറിട്ട ശൈലിയിലുള്ള ഖുര്‍ആന്‍ പരിഭാഷയാണ് അമേരിക്കന്‍ ഇംഗ്ലീഷില്‍ എഴുതപ്പെട്ട . മുഹമ്മദ് ഫാറൂഖ് മാലിക് ആണ് ഈ ഗ്രന്ഥത്തിന്റെ രചയിതാവ്. മറ്റു പരിഭാഷകളില്‍ നിന്ന് വിഭിന്നമായി, പരിഭാഷ തുടങ്ങി അവസാനിക്കുമ്പോഴേക്കും വിവിധ സന്ദര്‍ഭങ്ങളിലായി മുഹമ്മദ് നബി (സ്വ) യുടെ ജീവചരിത്രം മുഴുവന്‍ ഈ ഗ്രന്ഥത്തിലൂടെ വായനക്കാരിലേക്കെത്തുന്നു. ഒരു പ്രവാചകന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ദൗത്യത്തെക്കുറിച്ചും ഒരു മനുഷ്യന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചും അതില്‍ കൃത്യമായി പ്രതിപാദിക്കുന്നു.
നാല് കാര്യങ്ങള്‍ ഈ തഫ്‌സീറിന്റെ പ്രത്യേകതയാണ്. ഒന്നാമത്തേത് പ്രായോഗിക പരിശോധനയാണ്. ഖുര്‍ആനിക വചനങ്ങള്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി സ്‌കൂള്‍ - കോളേജ് വിദ്യാര്‍ഥികള്‍ക്കും പണ്ഡിതന്മാര്‍ക്കും പൊതു ജനങ്ങള്‍ക്കും അത് വായിക്കാന്‍ നല്‍കുന്നു. എന്നിട്ടവരോട് മനസ്സിലായത് പറയാന്‍ ആവശ്യപ്പെടുന്നു. അറബിമൂലത്തിന്റെ അതേ ആശയമാണ് അവര്‍ പറയുന്നതെങ്കില്‍ അത് സ്വീകരിക്കുകയും മറിച്ചാണെങ്കില്‍ താന്‍ പരിഭാഷപ്പെടുത്തിയ വാക്കുകളും ഘടനകളും വീണ്ടും വീണ്ടും മാറ്റിയെഴുതി യഥാര്‍ഥത്തിലേക്കെത്തുന്നത് വരെ തുടരുന്നു. മൂന്നര വര്‍ഷമാണ് ഇതിന് വേണ്ടി മാത്രം ചെലവഴിച്ചത്.
രണ്ടാമത്തേത് ഭാഷാപരമായ ലാളിത്യമാണ്. ഏത് സാധാരണക്കാരനും വായിച്ചാല്‍ വളരെ വേഗം മനസ്സിലാവുന്നത്ര ലളിതവും പണ്ഡിതരെ ആശ്ചര്യപ്പെടുത്തും വിധം സുന്ദരവുമാണ് ഭാഷ. മൂന്നാമത്തേത് ഗഹനതയാണ്. വിശദീകരണങ്ങൾ ഇല്ല. ആയത്തുകള്‍ക്ക് ആവശ്യമായ വിശദീകരണങ്ങള്‍ ആയത്തിന്റെ നേരെ തന്നെ ഇറ്റാലിക് 'ഫോണ്ടി' ല്‍ രേഖപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്.
നാലാമത്തേത് ആ സൂറത്തുമായി ബന്ധപ്പെട്ട വിവരങ്ങളുടെ ശേഖരമാണ്. ഓരോ സൂറത്തിന്റെയും ആരംഭത്തില്‍ ആ അധ്യായത്തിന്റെ അവതരണ പശ്ചാത്തലം, അതില്‍ പ്രതിപാദിക്കുന്ന പ്രധാന വിഷയങ്ങള്‍, അവ ഉള്‍ക്കൊള്ളുന്ന ദൈവിക നിയമങ്ങളും മാര്‍ഗനിര്‍ദേശങ്ങളും തുടങ്ങിയവ ചിട്ടയായി പ്രതിപാദിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ ആ സൂറത്തിന്റെ ചരിത്ര പശ്ചാത്തലങ്ങള്‍ വായനക്കാരന് അറിയാന്‍ സാധിക്കുന്നു.
1991ല്‍ ആണ് മുഹമ്മദ് ഫാറൂഖ് മാലിക് ഗ്രന്ഥരചന തുടങ്ങിയത്. 1994ല്‍ പരിഭാഷ പൂര്‍ത്തിയാക്കിയ ഇദ്ദേഹം അതിന്റെ കോപ്പികള്‍ പരിശോധനക്കായി അമേരിക്കയിലെ തന്നെ പണ്ഡിതന്മാര്‍ക്ക് അയച്ചുകൊടുത്തു. പരിശോധനക്കുശേഷം ഈജിപ്തിലെ അസ്ഹര്‍ യൂണിവേഴ്‌സിറ്റിയിലേക്കും മക്കയിലെ ഉമ്മുല്‍ ഖുറാ യൂണിവേഴ്‌സിറ്റിയിലേക്കും പാകിസ്താനിലെ ഇന്റര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലേക്കും പരിശോധനയ്ക്കായി കോപ്പികള്‍ അച്ചുകൊടുത്തു. ഈ പരിശോധനകളെല്ലാം കഴിഞ്ഞ് അംഗീകാരവും നേടി. 1997 നവംബര്‍ 15 നാണ് ഈ പരിഭാഷ പുറത്തിറങ്ങുന്നത്.