ഉര്‍ദു തഫ്സീറാണ് മആരിഫുല്‍ ഖുര്‍ആന്‍. 1897 മുതല്‍ 1976 വരെ ജീവിച്ച പാകിസ്താനി ഇസ്ലാമിക പണ്ഡിതനായ മുഫ്തി മുഹമ്മദ് ശാഫിഈയാണ് ഇതിന്റെ കര്‍ത്താവ്.
ഖുര്‍ആനിന്റെ മനോഹരവും ആഴത്തിലുള്ളതുമായ ഒരു വായനാനുഭവം നല്കുന്നു എന്നതാണ് ഈ തഫ്സീറിന്റെ പ്രത്യേകത. ഖുര്‍ആനിന്റെ അവതരണക്രമം, മക്കീ-മദനീ വചനങ്ങള്‍, ഖുര്‍ആനിന്റെ സംരക്ഷണം, ഖുര്‍ആന്റെ അച്ചടി, അറബി ഭാഷ തുടങ്ങിയ എല്ലാത്തിനെക്കുറിച്ചും ഈ തഫ്സീര്‍ കൃത്യമായി വിവരിക്കുന്നുണ്ട്.
വളരെ ലളിതമായ ആഖ്യാന രീതിയാണ് ഈ തഫ്സീറില്‍ ഉടനീളം അവലംബിച്ചിട്ടുള്ളത്. ആദ്യം ഖുര്‍ആനിന്റെ വചനങ്ങളെ അറബിയില്‍ നിന്ന് ഉര്‍ദുവിലേക്ക് വിവര്‍ത്തനം ചെയ്യുന്നു. അതിന് ശേഷം അടുത്ത ഖണ്ഡികയില്‍ ആ വചനത്തെക്കുറിച്ച് വിശദീകരിക്കുന്നു. പിന്നീട് പ്രധാന വിഷയങ്ങള്‍ ആ ആയത്തില്‍ അടങ്ങിയിട്ടുണ്ടെങ്കില്‍ അതിനെക്കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്നു. അപ്രകാരം മൂന്ന് ഘട്ടങ്ങളുള്ള ആഖ്യാന രീതിയാണ് ഈ തഫ്സീറിലുള്ളത്.
ഖുര്‍ആനിക വചനങ്ങളുടെ അര്‍ഥവും വിശദീകരണവും മാത്രം പറഞ്ഞ് പോകുന്ന ഒരു ഗ്രന്ഥമല്ല മആരിഫുല്‍ ഖുര്‍ആന്‍, മറിച്ച് ആനുകാലിക വിഷയങ്ങളില്‍ കൃത്യമായ ഇസ്ലാമിക നിലപാടുകളും വ്യക്തമാക്കുന്നുണ്ട് അത്. അതുകൊണ്ട് തന്നെ ഇസ്ലാമിക വിഷയങ്ങളിലെ നല്ലൊരു അവലംബ കൃതിയുമാണ് 'മആരിഫുല്‍ ഖുര്‍ആന്‍'.
ഇംഗ്ലീഷിലേക്കും ബംഗാളി ഭാഷയിലേക്കും 'മആരിഫുല്‍ ഖുര്‍ആന്‍' വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇംഗ്ലീഷിലേക്ക് പ്രൊഫ.മുഹമ്മദ് ഹസന് അസ്കരിയും പൊഫ.മുഹമ്മദ് ശമീമും ചേര്‍ന്നാണ് പരിഭാഷ നിര്‍വഹിച്ചത്. ബംഗാളി ഭാഷയിലേക്ക് മൗലാനാ മുഹ്യുദ്ദീന്‍ ഖാന് ആണ് പരിഭാഷ നിര്‍വഹിച്ചത്.