നബി(സ്വ) ഭൂജാതനാകുന്ന അറബി സമൂഹത്തിലും സ്ത്രീയുടെ നില പരിതാപകരമായിരുന്നു. വില്‍ക്കാനും വാങ്ങാനും വെച്ചുമാറാനുമെല്ലാമുള്ള ഒരു ഉത്പന്നമായിരുന്നു പുരാതന അറബികള്‍ക്ക് സ്ത്രീകള്‍. പെണ്‍കുഞ്ഞിനെ അപമാനവും ഭാരവുമായി കണ്ട ചില വിഭാഗങ്ങള്‍ ആ പൈതലിനെ ജീവിക്കാന്‍ അനുവദിച്ചില്ല. ഇനി അപമാനഭാരത്തോടെ രഹസ്യമായി വളര്‍ത്തിയാല്‍ അവള്‍ക്ക് സ്വത്തിലോ സ്വന്തത്തിലോ യാതൊരു അധികാരവും അനുവദിച്ചിരുന്നില്ല. ഭര്‍ത്താവ് മരിച്ചാല്‍ ഒരു വര്‍ഷം നുരുമ്പിദ്രവിച്ച വസ്ത്രവുമായി ദൂരെ കുടിലില്‍ ദുഃഖത്തില്‍ കഴിയണം. ശേഷം ഭര്‍ത്താവിന്റെ മറ്റു ഭാര്യയിലെ മൂത്ത മകന്ന് അവളെ അനന്തരമായി കിട്ടും. കണക്കില്ലാതെ വിവാഹം കഴിക്കാം, എത്ര പ്രാവശ്യവും വിവാഹമോചനം നടത്താം, മോചനം കൊടുക്കാതെ കാലങ്ങളോളം 'ദിഹാര്‍' എന്ന ക്രമത്തിലൂടെയും മറ്റും ഭാര്യാവകാശങ്ങളില്ലാതെ മുടക്കിയിടാം. സ്ത്രീത്വത്തിന് യാതൊരു വിലയും കല്പിക്കപ്പെടാത്ത ഇത്തരം നിയമങ്ങളായിരുന്നു ആ ബഹുദൈവാരാധകരുടെ ഇടയില്‍ ഉണ്ടായിരുന്നത്.
ആറാം നൂറ്റാണ്ടില്‍ ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ നിലനിന്നിരുന്ന മറ്റു ഭരണക്രമങ്ങളിലും സംസ്‌കാരങ്ങളിലും സ്ത്രീപദവി വ്യത്യസ്തമായിരുന്നില്ല. അന്നത്തെ പ്രധാന സംസ്‌കാരങ്ങള്‍ നില നിന്ന ഗ്രീസ്, ഈജിപ്ത്, റോം, പേര്‍ഷ്യ എന്നിവിടങ്ങളിലൊന്നും സ്ത്രീക്ക് ആദരണീയ പദവികള്‍ ഉണ്ടായിരുന്നില്ല. ഇസ്‌ലാം എത്തിയ ഇടങ്ങളില്‍ സ്ത്രീ ഉണരുകയും ഉയരുകയും ചെയ്‌തെങ്കിലും പുരുഷന്റെ ഉപഭോഗ വസ്തുവെന്ന ഈ അവസ്ഥ മറ്റിടങ്ങളില്‍ നൂറ്റാണ്ടുകളോളം തുടര്‍ന്നു പോന്നു. പിന്നീട് പത്തൊമ്പതാം നൂറ്റാണ്ടിലാണ് യൂറോപ്പിലും മറ്റും രൂപംകൊണ്ട സാമൂഹിക കൂട്ടായ്മകളും ചിന്താപ്രസ്ഥാനങ്ങളും സ്ത്രീകളുടെ പതിതാവസ്ഥക്കെതിരെ ശബ്ദിച്ചു തുടങ്ങിയത്. അത് സ്വാഭാവികമായും അന്നുണ്ടായിരുന്ന അധികാര സമ്പ്രദായത്തിനെതിരായിരുന്നു.
മതങ്ങളുടെ പേരിലാണ് അന്ന് സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ടതെന്നതിനാല്‍ മതത്തിനെതിരെയും സ്ത്രീയുടെ സുരക്ഷയ്ക്കുള്ള മത നിയമങ്ങള്‍ക്കെതിരെയും വകതിരിവില്ലാതെയുള്ള സമരമായി സ്ത്രീവിമോചനം മാറി. യൂറോപ്പിലെ സ്ത്രീവാദ പ്രസ്ഥാനങ്ങളെല്ലാം മതവിരുദ്ധതയെ മതമാക്കാന്‍ മേലധ്യക്ഷന്മാരെ നിര്‍ബന്ധിക്കുന്നിടത്തേക്കും മതനിയമങ്ങള്‍ അതിനു വഴങ്ങുന്നിടത്തേക്കും എത്താനുള്ള സാഹചര്യം അതാണ്. അവസാനം, മതത്തിന്റെ പേരില്‍ സ്ത്രീ പീഡനം നടത്തിയവര്‍ക്ക് മതം ശരിയായി അനുവദിച്ച കാര്യങ്ങളില്‍ പോലും വിട്ടുവീഴ്ച ചെയ്ത് മാറി നില്‍ക്കേണ്ടി വന്നു.