Skip to main content

ഫാത്വിമ അല്‍ ഫിഹ്‌രിയ്യ

ലോകത്തെ ആദ്യത്തെ ബിരുദദാന സര്‍വകലാശാലകളിലൊന്നാണ് മൊറോക്കോയിലെ അല്‍ ഖുറവിയ്യീന്‍ യൂനിവേഴ്‌സിറ്റി. സിഇ 859ലാണ് ഇത് സ്ഥാപിതമായത്. ഇതിന്റെ സ്ഥാപകയാണ് ഫാത്വിമ അല്‍ഫിഹ്‌രിയ്യ.  ഖുറവിയ്യീന്‍ മസ്ജിദ് സ്ഥാപിച്ചതിന്റെ ബഹുമാനാര്‍ഥം  ഉമ്മുല്‍ ബനൈന്‍ എന്നും ഫാത്തിമ ഫിഹ്‌രിയ്യ അറിയപ്പെടുന്നു. ഫാത്വിമ ബിന്‍ത് മുഹമ്മദ് അല്‍ ഫിഹ്‌രിയ്യ അല്‍ ഖുറശിയ്യ എന്നാണ് പൂര്‍ണമായ പേര്. 

 

അറബ് ഖുറൈശി വംശജയായ ഫാത്വിമ ഫിഹ്‌രി  സിഇ 800 ല്‍ പഴയ ടുണീഷ്യയില്‍ ജനിച്ചു. ഫാത്വിമയുടെ സഹോദരിയാണ് മര്‍യം. ഫാത്വിമ ഫിഹ്‌രി വിവാഹം കഴിച്ചുവെങ്കിലും അധികം താമസിയാതെ ഭര്‍ത്താവ് മരണപ്പെട്ടു. സമ്പന്ന കുടുംബമായിരുന്നില്ലെങ്കിലും പിതാവ് മുഹമ്മദ് ഫിഹ്‌രി കഠിനാധ്വാനത്തിലൂടെയും സ്ഥിരോത്‌സാഹത്തിലൂടെയും നല്ലൊരു ബിസ്സിനസ്സുകാരനായി മാറിയിരുന്നു. പിതാവിന്റെ മരണത്തോടെ ഫാത്തിമ ഫിഹ്‌രിയ്യയും സഹോദരി മര്‍യവും തനിച്ചായി. പിന്നീട് കുടുംബത്തോടൊപ്പം 1600 കിലോമീറ്റര്‍ അകലെ മൊറോക്കോയിലെ ഫെസിലേക്ക് കുടുംബം താമസം മാറി

വിദ്യാസമ്പന്നയായി വളര്‍ന്ന ഫാത്വിമയുടെ വലിയ ആഗ്രഹമായിരുന്നു മുസ്‌ലിം സമൂഹത്തിന് മതവും ശാസ്ത്രവും എന്‍ജിനീയറിംഗും പഠിപ്പിക്കാനാവശ്യമായ ഒരു വലിയ സ്ഥാപനം. അങ്ങനെയാണ് അവര്‍ മൊറോക്കോയിലെ ഫെസ്സില്‍, അല്‍ഖുറവിയ്യീന്‍ സര്‍വകലാശാലയ്ക്ക് തറക്കല്ലിടുന്നത്.  സഹോദരി മര്‍യമാകട്ടെ ഇതിന്റെ സമീപത്ത് അല്‍ അന്തലൂസ് മസ്ജിദും നിര്‍മിച്ചു.

അല്‍ ഖുറവിയ്യീന്‍ സര്‍വകലാശാലയുടെ തുടക്കത്തില്‍ മതപഠനം മാത്രമായിരുന്നു. പിന്നീട് ഗണിതശാസ്ത്രം, വൈദ്യശാസ്ത്രം, ജ്യോതിശ്ശാസ്ത്രം, ഭൂമിശാസ്ത്രം, രസതന്ത്രം, വ്യാകരണം എന്നിവയുള്‍പ്പടെയുള്ള വിവിധ ശാസ്ത്രങ്ങളിലെ പഠനങ്ങള്‍ ഉള്‍പ്പെടുത്തി പാഠ്യപദ്ധതി വിപുലീകരിച്ചു. ഇവിടെ നിന്ന് വിദ്യാഭ്യാസം നേടുന്നതിന്നായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദ്യാര്‍ഥികളെത്തി. പ്രധാന വിദ്യാഭ്യാസ കേന്ദ്രമായും പിന്നീട് ലോകത്തെ ഏറ്റവും പഴയ സര്‍വ്വകലാശാലകളിലൊന്നായും ഇത് മാറി.  

മുസ്‌ലിം സമൂഹത്തിന് ദിശാബോധവും കാഴ്ചപ്പാടും പ്രദാനം ചെയ്യുന്ന നിരവധി പണ്ഡിതന്മാര്‍ ഈ സര്‍വകലാശാലയില്‍ നിന്ന് പറത്തുവന്നു. ആഫ്രിക്കന്‍ രാജ്യങ്ങളെ മധ്യപൗരസ്ത്യ രാജ്യങ്ങളുമായും യൂറോപ്പുമായും അടുപ്പിക്കാനും ഈ സ്ഥാപനം സഹായിച്ചു.

ജൂത തത്ത്വചിന്തകനും നിയമജ്ഞനും വൈദ്യനുമായ മൈമോനിഡെസ് (1135 - 1204), ബെല്‍ജിയത്തിലെ ല്യൂവന്‍ ക്രിസ്ത്യന്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ നിക്കോളാസ് ക്ലെനാര്‍ഡ് (1495 - 1542) തുടങ്ങിയ വിവിധ മതവഭാഗങ്ങളിലെ വിദ്യാര്‍ഥികളും  ഇവിടെ നിന്ന് ബിരുദമെടുത്ത പ്രശസ്തരാണ്. അറബിക് ന്യൂമറിക് അക്കങ്ങള്‍ യൂറോപ്പിലേക്ക് കൊണ്ടുവന്നതും ഈ സര്‍വകലാശാലയുടെ ബഹുമതിയാണ്. അറബ് ലോകത്തു നിന്ന് യൂറോപ്പിലേക്ക് വിജ്ഞാനം കൈമാറ്റം ചെയ്യുന്നതിന് ഖുറവിയ്യീന്‍ കാരണമായി. 1960 ല്‍ മുഹമ്മദ് അഞ്ചാമന്‍ ഇതിനെ ഒരു സര്‍വ്വകലാശാലയാക്കി മാറ്റി.

ലോകത്തെ ഏറ്റവും പഴക്കമേറിയ ലൈബ്രറികളില്‍ ഒന്നു കൂടിയാണ് അല്‍ ഖുറവിയ്യീന്‍. ഒമ്പതാം നൂറ്റാണ്ടിലെ ഖുര്‍ആന്‍ ഇന്നും ഈ ലൈബ്രറിയിലുണ്ട്. കൂടാതെ   പുരാതന കൈയെഴുത്ത് പ്രതികള്‍ ഉള്‍പ്പടെ നാലായിരം അപൂര്‍വ്വഗ്രന്ഥശേഖരങ്ങളുമുണ്ട്. 2016 ല്‍ യൂണിവേഴ്‌സിറ്റിയില്‍ വലിയ രീതിയിലുള്ള പുനരുദ്ധാരണം നടന്നു. കനേഡിയന്‍-മൊറോക്കന്‍ വാസ്തുശിപല്പിയായ അസീസ് ചൗനി എന്ന സ്ത്രീയാണ് മനോഹരമായ ശില്പചാതുരിയുള്ള ഇന്നത്തെ കെട്ടിടം പുനര്‍നിര്‍മിച്ചത്.

ലോകത്തെ ഏറ്റവും പഴക്കം ചെന്ന, പുനരാരംഭിച്ചു പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമായി 1988 ല്‍ യുനെസ്‌കോ അല്‍ ഖുറവിയ്യീനെ അംഗീകരിച്ചിട്ടുണ്ട്. മൊറോക്കൊയുടെ ചരിത്രകാരനായ അബുല്‍ ഹസ്സന്‍ അബീ സര്‍ അല്‍ ഫാസി (മരണം: 1326) യുടെ 'അല്‍ അനീസുല്‍ മുത്വ്‌റബ് ബി റൗളില്‍ ഖുര്‍താസി ഫീ അഹ്ബാരി മുലീകില്‍ മഅ്‌രിബ് വ താരീഖ് മദീനതു ഫാസ്' എന്ന ഗ്രന്ഥത്തിലും  പശസ്ത ചരിത്രകാരന്‍ ഇബ്‌നു അബീ സര്‍റിന്റെ (മരണം: 1310) ഗ്രന്ഥമായ The Entertaining Companion Book in the Gardens of Pagesഎന്ന ഗ്രന്ഥത്തിലും ഫാത്തിമാ ഫിഹ്‌രിയ്യയെക്കുറിച്ചും ഖുറവിയ്യീന്‍ മസ്ജിദിനെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്.

നൂറ്റാണ്ടുകള്‍ക്കിപ്പുറവും അല്‍ഖുറവിയ്യീന്‍ ലോകത്തെ ഒരു മികച്ച യൂണിവേഴ്‌സിറ്റിയായും മൊറോക്കോയിലെ ഒന്നാമത്തെ യൂണിവേഴ്‌സിറ്റിയായും ഇന്നും നിലകൊള്ളുന്നു. 

ലോകമെമ്പാടും ഉന്നതവിദ്യാഭ്യാസം കൊണ്ടുവന്ന പ്രമുഖ അറബ് മുസ്‌ലിം വനിത ഫാത്വിമ ഫിഹ്‌രിയ്യ സിഇ 878 ല്‍   മരണപ്പെട്ടു.


 

Read More

 

 


 

Feedback